ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..

Wednesday, 4 November 2009

ഒരു തിരുപ്പതി ദര്‍ശനം അഥവാ ബോധോദയം


തലേക്കെട്ട് വായിച്ചു കണ്‍ഫ്യൂഷന്‍ ആകണ്ട.. നിങ്ങള്‍ക്ക് തോന്നിയേക്കാം ഈ ചെറിയേട്ടന്‍ എന്തിനാ ചുമ്മാ കുറെ അറുബോറന്‍ യാത്രാവിവരണങ്ങള്‍ എഴുതി കൂട്ടുന്നെ എന്ന്. ഇത് സംഭവം ഒന്നാന്തരം ഒരു ബിസിനസ്‌ ഓപ്പര്‍ച്യുനിറ്റി ആണ് മ്വാനെ.

ഈ ചെന്നൈയില്‍ ഒരു സുഹൃത്തിന്റെ കൂടെയാണ്  ചെറിയേട്ടന്റെ താത്കാലിക താമസം. അങ്ങനെ ഇരിക്കുമ്പോള്‍ സുഹൃത്തിന്റെ ചേട്ടന് കുവൈറ്റില്‍ ഒരു ജോലി ശരി ആകുന്നു. ഉടനെ പുറപ്പെടണം.ചേട്ടന് തിരുപ്പതിയില്‍ പോയി തല മുണ്ഡനം ചെയ്യാന്‍ ഒരു ആഗ്രഹം. ഞായറാഴ്ച ഊണ് കഴിഞ്ഞു ഇവര്‍ കാറെടുത്തു പുറപ്പെടാന്‍ നോക്കുന്നു. ചെറിയെ വിളിച്ചെങ്കിലും  അത്രയ്ക്കങ്ങടു  താത്പര്യം കാണിച്ചില്ല.  ലവന്മാര്‍ പിറ്റേന്ന് മാത്രമേ വരുള്ളൂ എന്ന് മനസ്സിലാക്കിയപ്പോള്‍ ശരി, സ്ഥലം കാണാന്‍ വരാം എന്നായി  ഒടുവില്‍.  വൈകിട്ട്  നമ്മുടെ ധന്യമാതാശ്രീ  വിളിച്ചപ്പോള്‍ യാത്രയില്‍ ആയിരുന്നു. വിവരം അറിഞ്ഞ മാതാശ്രീ സ്തബ്ധയായി നിന്നു പോയത്രേ- എന്ത് പറ്റി ഈ ചെറുക്കനു, എന്ന മട്ടില്‍. വെറുതെ പോയാല്‍ പോര, പ്രാര്‍ഥിക്കണം എന്നു ഉപദേശവും കിട്ടി. ('നാടോടിക്കാറ്റിലെ' ശ്രീനിവാസന്റെ ആത്മഗതം -"ആരോട്...! എന്തിനു..!" ഇവിടെ ആപ്ലികബിള്‍ ആണ്.)

ഈ തിരുപ്പതി എന്നു പറയുന്നത് 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രമാദമായ ഒന്നാണ്. ഇതും ചെറിയേട്ടന്‍ പണ്ട് കൈകാര്യം ചെയ്തിരുന്ന പോലത്തെ ഒരു ട്രസ്റ്റ്‌ ആണ് നടത്തുന്നത്. ഇനി പറയുന്നത് ബൂലോഗത്തിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകള്‍  ശ്രദ്ധിച്ചു കേള്‍ക്കണം. ചെല്ലുമ്പോള്‍ തന്നെ പാര്‍ക്കിംഗ് എന്നും പറഞ്ഞു തുടങ്ങി കാശ്‌ ഈടാക്കാന്‍. പിന്നെ അമ്പലം വക ഗസ്റ്റ് ഹൌസ്- അവിടെ താമസത്തിന് വാങ്ങി രൂ. 1600 . അകത്തു ടി വി പോയിട്ട് ഒരു സോപ്പോ തോര്‍ത്തോ കുടിവെള്ളമോ, പോട്ടെ താഴെ വിളിക്കാന്‍ ഫോണ്‍ പോലും ഇല്ല. ഈ അമ്പലത്തിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് അകത്തു കയറാന്‍ വീഗാലാണ്ടിലേതു പോലെ ടിക്കറ്റ്‌ എടുക്കണം. ഞങ്ങള്‍ പോയി നോക്കി എങ്കിലും ടിക്കറ്റ്‌ കൌണ്ടര്‍ നേരത്തെ തന്നെ ക്ലോസ് ആയിരുന്നു. ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഹോട്ടല്‍ കാണിച്ചു തരാന്‍ വേണ്ടി അടുത്ത് കൂടിയവനെ അടുപ്പിച്ചില്ല. അവനും കാശ്‌ വാങ്ങുമല്ലോ.

പിറ്റേന്ന് രാവിലെ 3 മണിക്ക് എഴുന്നേറ്റു റെഡി ആയി പുറപ്പെട്ടു. 23 കി മീ ചുരം കയറിയാലാണ് ഈ തിരുമല ദേവസ്ഥാനത്ത്  എത്തുന്നത്‌. ചുരം എന്നത് ട്രസ്റ്റ്‌ വക പ്രൈവറ്റ് റോഡ്‌ ആണ്. അത് ഉപയോഗിക്കാന്‍ കാശ്‌ വേറെ കൊടുക്കണം. മുകളിലും പാര്‍ക്കിംഗ് ഫീസ്‌ വേറെ ഉണ്ട്. അവിടെ എത്തിയപ്പോഴല്ലെ രസം. അവിടെ 3 ക്യു ഉണ്ട്. ഒന്ന് രൂ 50 കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് ; ഒന്ന് ആളൊന്നുക്ക് രൂ 300 കൊടുക്കാന്‍ കഴിവുള്ളവര്‍ക്ക്;  ഇനി ഒന്ന് കോടിക്കണക്കിനു രൂപ ട്രസ്റ്റിനു   സംഭാവന നല്‍കിയ വി ഐ. പി. കള്‍ക്ക്. ഇതിലെ രസകരമായ സംഭവം അതല്ല- 50 രൂ ടിക്കറ്റ്‌ തിരുമലയില്‍ കൊടുക്കില്ല. അതിനു വീണ്ടും മല ഇറങ്ങി തിരുപ്പതിയില്‍ പോകണം. ഇപ്പോള്‍ രൂ 750 ഞങ്ങളുടെ കയ്യില്‍ നിന്നും അധികം പോയിക്കഴിഞ്ഞു. ഇതിനിടയില്‍ തല മുണ്ഡനം ചെയ്യുന്ന ചടങ്ങ് നടത്തി. അവിടെ 3 പേര്‍ക്കും ഓരോ ടിക്കറ്റ്‌ തന്നു. ഇത് ബാര്‍ബര്‍ക്ക്  കൊടുക്കണം. അതായത്  ഒരാള്‍ക്ക്‌ മാത്രമേ മുണ്ഡനം ചെയ്യേണ്ടൂ എങ്കിലും 3 ടിക്കെറ്റുകള്‍ അയാള്‍ കരസ്ഥമാക്കി. ഇതിനു എണ്ണം പറഞ്ഞു കാശ്‌ വാങ്ങും ആ ബാര്‍ബര്‍. കൂടാതെ ഞങ്ങളുടെ കയ്യില്‍ നിന്നും രൂ 100 വേറെയും.

പുറത്തു ഇറങ്ങിയപ്പോള്‍ നെറ്റിയില്‍ ചന്ദനക്കുറി തൊടീക്കാന്‍ ആയി വേറൊരു കൂട്ടം. എന്തും ബിസിനസ്‌ ആണിവിടെ. ഒടുവില്‍ നീണ്ട ക്യൂ നിന്നു, 8 മണിക്ക് അകത്തു കേറി. മുഴുവന്‍ സ്വര്‍ണം പൂശിയ കൊത്തളങ്ങള്‍. മനോഹരമായ കൊത്തുപണികള്‍. ചെറി എന്തായാലും പ്രാര്‍ഥിക്കാന്‍ നിന്നില്ല. ഒരു വശത്ത് ഒരു ചില്ല് കൂട്ടില്‍ ഇരുന്നു കുറെ പേര്‍ കാശ് എണ്ണുന്നു. ഇത് ഒരു പുണ്യ കര്‍മം ആണത്രേ. ഈ ചില്ല് കൂട് എന്നു പറയുന്നത് ഒരു മാര്‍ക്കറ്റിംഗ് ടെക്ക്നിക്ക് ആണ്. സാധാരണക്കാര്‍ക്ക് കാശ്‌ ദാനം ചെയ്യാന്‍ പ്രലോഭനം ഉണ്ടാക്കാന്‍ ആയിട്ടാണ് ഈ ഗ്ലാസ്‌ റൂം. കുറെ പേര്‍ ചാക്കില്‍ നാണയങ്ങള്‍ കെട്ടി കൊണ്ട് പോകുന്നു.

ഇനി പ്രസാദം. പൂജാരിമാര്‍ പ്രസാദം കൊടുക്കുന്ന തറ പരിപാടിയൊന്നും ഇവിടെ നടപ്പില്ല.900 രൂപ കൊടുത്തവര്‍ക്ക് കിട്ടിയത് 6 ലഡ്ഡു. അതും ക്യൂവില്‍ നിന്നിട്ട്. 50 രൂ. കൊടുത്തവര്‍ക്കും അത് തന്നെ. തിരുപ്പതി ബാലാജീ, നീ ആണളിയാ യഥാര്‍ത്ഥ ദൈവം. നാട്ടില്‍ സോഷ്യലിസം നടപ്പിലാക്കാന്‍ നിനക്കെ കഴിഞ്ഞുള്ളു.

അപ്പോള്‍ ബൂലോഗ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകളേ, നിങ്ങള്‍ക്ക് ഇപ്പോള്‍ പിടി കിട്ടിയിട്ടുണ്ടാകും ചെറിയേട്ടന്റെ ബിസിനസ്‌ ഐഡിയ എന്താണെന്ന്. അമ്മ വഴിക്ക് കിട്ടിയ കുറച്ചു ഭൂമി ഉണ്ട് ചെറിയുടെ കയ്യില്‍. അതും കുന്നിന്റെ മുകളില്‍. അതാണല്ലോ ബെസ്റ്റ് സ്ഥലം. റോഡ്‌ ചെറിയേട്ടന്‍ നിര്‍മിച്ചോളാം. ഇതേ മാതൃകയില്‍ ഒരു അമ്പലം പണി കഴിപ്പിക്കണം. പ്രധാന ഏര്‍പ്പാട് എന്നത് സ്വര്‍ണാഭരണങ്ങള്‍ ദാനം ചെയ്യുക എന്നതായി തിട്ട പെടുത്തണം. ചെലവു ഒരു 30 കോടി എങ്കിലും വരും. ബ്രെയ്ക്ക്‌ ഈവന്‍ ഒരു 4-5 കൊല്ലം കൊണ്ട് തന്നെ നടക്കും. പിന്നെ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കം ഖജാന്‍ജി ചെറിയേട്ടന്‍ ആയിരിക്കും. ബാക്കി എല്ലാം ജനാധിപത്യപരമായിട്ടായിരിക്കും.

എം. ബി. എ. ക്ലാസ്സുകളില്‍ പഠിച്ച മാര്‍ക്കറ്റിംഗ് ടെക്നിക്കുകള്‍ തലങ്ങും വിലങ്ങും എടുത്തു വീശാം. നമുക്കും സംഘടിപ്പിക്കാം ഹൈവേ അതോറിട്ടിയില്‍ ആള്‍ക്കാരെ. ഇന്ത്യ മുഴുവനും നാഷണല്‍ ഹൈവേ ഓരങ്ങളില്‍ നമ്മുടെ അമ്പലത്തിലേക്കുള്ള ദൂര മാപിനികള്‍. ഹായ് ഹൈ...!!! ഓര്‍ക്കുമ്പോള്‍ തന്നെ ഒരു പെരുപ്പ് വരുന്നു കാല്‍ മുതല്‍ തല വരെ.! പിന്നെ വേറൊരു ഐഡിയ എന്നു വെച്ചാല്‍ - ഇപ്പോള്‍ അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക് പോകുമ്പോള്‍ 2 അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ കാണാം. എന്നു വെച്ചാല്‍ അങ്കവും കാണാം താളിയും ഓടിക്കാം എന്ന അവസ്ഥ.  മനസ്സിലായില്ലെ..?

ഈ പില്‍ഗ്രിമേയ്ജ്‌ ടൂറിസം എന്നു പറയുന്നത് വേണ്ട രീതിയില്‍ ടാപ്പ്‌ ചെയ്യപ്പെടാത്ത ഒരു മേഖലയാണ്  ദൈവത്തിന്റെ സ്വന്തം നാട്ടില്‍. നമ്മുടെ അമ്പലം നമുക്ക് വല്ല നാഷണല്‍ പാര്‍ക്കിന്റെയോ വെള്ളച്ചാട്ടത്തിന്റെയോ കുമരകം കായലിന്റെയോ അടുത്ത് സ്ഥാപിക്കാം. എന്നിട്ട് വേണമെങ്ങില്‍ അതിനടുത്ത് നമ്മുടെ സ്വന്തം റിസോര്‍ട്ട്, അല്ലെങ്കില്‍ അമ്യൂസ്മെന്റ് പാര്‍ക്... പോകുന്ന വഴിയില്‍ ടോള്‍ പിരിവു, തീര്‍ഥാടക ടൂറിസ്റ്റുകളുടെ താമസം നമ്മുടെ സ്വന്തം ഹോട്ടലുകളില്‍- ഹോ..! എന്തെല്ലാം സാധ്യതകള്‍..!!

പിന്നെ വേണ്ടത് വേര്‍ഡ്‌ ഓഫ് മൌത്‌ ആണ്. വേണമെങ്കില്‍ ശബരി മല പോലെ ഒരു വ്രതം വെക്കാം. അപ്പോള്‍ ആളുകള്‍ക്ക് വിശ്വാസം കൂടും. അല്ലെങ്കിലും കഷ്ടപ്പെട്ടാലേ ദൈവം പ്രീതിപ്പെടൂ എന്നു ഒരു വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ശയന പ്രദക്ഷിണം, ഗരുഡന്‍ തൂക്കം, നാവില്‍ ശൂലം തറക്കല്‍, കുരിശു ചുമക്കല്‍, ജിഹാദ് എന്നിങ്ങനെ പല രീതിയില്‍ അത് നമ്മുടെ ഇടയില്‍ കാണാം.  കൂടാതെ ജ്യോതിഷരത്നം, ,മുഹൂര്‍ത്തം, വനിത, ഗൃഹലക്ഷ്മി, മനോരമ ആഴ്ചപ്പതിപ്പ് മുതലായ ബൂര്‍ഷ്വാ വാരികകളില്‍ കൂലി എഴുത്തുകാരെ വെച്ചു അമ്പലത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് എഴുതിക്കാം.  പിന്നെ വേണ്ടത് നല്ല കുറെ ജ്യോത്സന്മാരെ "സ്വാധീനിക്കല്‍" ആണ്. ഇത്തിരി പണച്ചെലവ് വരും. സാരമില്ല, പെട്ടെന്ന് തന്നെ തിരിച്ചു പിടിക്കാം. ഐശ്വര്യാ റായിയെ മാംഗല്യ ദോഷം തീര്‍ക്കാന്‍ അഭിഷേകിനോടും അമിതാഭിനോടും ജയയോടും അമര്‍ സിങ്ങിനോടും ഒപ്പം തിരുപ്പതിയില്‍ അയച്ച ജ്യോത്സനു എന്തെല്ലാം ആയിരിക്കും കിട്ടിയിട്ടുണ്ടാവുക? ബച്ചന്‍ കുടുംബം ട്രസ്റ്റിനു കൊടുത്തതിന്റെ ഒരു 10% എങ്കിലും..?

ചുരുക്കി പറഞ്ഞാല്‍ ഇത്രയും നല്ല ഒരു ബിസിനസ്‌ ഓപ്പര്‍ച്യുനിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആരും കൊണ്ട് വന്നു കാണില്ല. ഇതിന്റെ പേറ്റന്റ്‌ കരസ്ഥമാക്കാന്‍ എന്താ ചെയ്യേണ്ടത് കൂട്ടരേ?

എന്തായാലും ചെറി ഇതൊരു ബി പ്ലാന്‍ ആക്കി നാട് നീളെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഈ ആശയം പുറത്തു പോകുന്നതിലും നല്ലത് ബൂലോഗവാസികള്‍ തന്നെ ഇതിനെ ഇംപ്ലിമെന്റ് ചെയ്യുന്നതാണ്. ബൂലോഗ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകളേ, ഇതിലെ ഇതിലെ...

3 comments:

മൈദപ്പൊടി said...

കൊള്ളാം.. കുറച്ചു കൂടി പോയോ?

Dinnath Bhaskaran said...

ParitrANAya sAdhUnA.n vinAshAya cha duShkRRitAm.h.
dharmasa.nsthApanArthAya sa.nbhavAmi yuge yuge..

dinnu

ശാശ്വത്‌ :: Saswath S Suryansh said...

What did you mean by that?

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."