ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..

Wednesday 4 November, 2009

ഓര്‍മകളില്‍ ഒരു വാഗമണ്‍ യാത്ര...

ചെറിയേട്ടന്‍ കോട്ടയത്തുണ്ടായിരുന്ന കാലം... എന്ന് വെച്ചാല്‍, കാലചക്രം ഏറെ ഒന്നും പിന്നോട്ട് തിരിക്കണ്ട. രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ തലേന്നത്തെ കിക്ക് മാറിയിട്ടില്ല. ചുമ്മാ ഒന്ന് മൊവീല്‍ എടുത്ത്‌ നോക്കി. എന്റമ്മോ സമയം 9 .30 ആയി. അപ്പോഴാണ്‌ റിമൈന്റെര്‍  കണ്ടത്... അയ്യോ നാളെ ബോസ്സ് തിരോന്ത്രത്തൂന്നു വരും. ആ പഹയനു അപ്പോയിന്റ്മെന്റ് എടുത്തു കൊടുക്കണം. കാഞ്ഞിരപ്പള്ളിയും വെള്ളൂരും കൊണ്ട് പോകാന്‍ ആയിരുന്നു പ്ലാന്‍. മുണ്ടക്കയത്തു നിന്ന് വരുന്ന ചെറിയുടെ എക്സിക്യുട്ടിവിനെ വിളിച്ചു. ഇല്ല, ഫോണ്‍ എടുക്കുന്നില്ല. ഇത് കളി കാര്യം ആകും. വെള്ളൂര് വിളിച്ചു പറഞ്ഞു. കാഞ്ഞിരപ്പള്ളി- ഒരു കീറാമുട്ടി പോലെ കിടക്കുന്നു. ക്ലയന്റിന്റെ വെബ്‌ സൈറ്റില്‍ കണ്ട നമ്പര്‍ ഒക്കെ കാച്ചി. നോ രക്ഷ.

കിം ബഹുനാ..? വെച്ച് പിടിച്ചു കാഞ്ഞിരപ്പള്ളി. ചെറിയുടെ മയില്‍ വാഹനം എന്ന് പറയുന്നത് ചെന്നൈ രെജിസ്ട്രേഷന്‍ ഒരു ആക്ടീവ സ്കൂട്ടര്‍ ആണ്. നല്ല കിടുക്കന്‍ റോഡ്‌... ശബരി മല കാരണം കാഞ്ഞിരപ്പള്ളിക്കാര്‍ക്കെങ്കിലും ഗുണം ഉണ്ടാവട്ട്. അങ്ങനെ കാഞ്ഞിരപ്പള്ളി എത്തിയപ്പോള്‍ പെട്രോളിനെ പറ്റി ഒരു ഓര്‍മ വന്നു. പെട്രോള്‍ പമ്പില്‍ പോയി കാര്‍ഡ് എടുക്കുമോ എന്ന് ചോദിച്ചു. അപ്പോള്‍ ജബ് വീ മെറ്റ് എന്ന സിനിമയിലെ "ഹോട്ടല്‍ ഡീസെന്റ്‌" മുതലാളിയെ പോലെ അവര്‍ ഒരു നോട്ടം നോക്കി. എന്നിട്ട് ആംഗലേയത്തില്‍ മൊഴിഞ്ഞു- "നോ ക്രെഡിറ്റ്. ഓണ്‍ലി ക്യാഷ്‌." അങ്ങനെ തന്നത്താന്‍ പറയുന്ന യന്ത്രം അഥവാ automated teller machine തേടി അലച്ചിലായി. ഒടുവില്‍ കാശ്‌ എടുത്തു പെട്രോള്‍ അടിച്ചു നേരെ വിട്ടു. പാറത്തോട് എന്ന മനോഹര ഗ്രാമം. ക്ലയന്റിനെ കണ്ടു. വന്ന കാര്യം നടന്നില്ല. നേരെ തിരിച്ചു കാഞ്ഞിരപ്പള്ളി. നമ്മുടെ ബ്രാഞ്ചില്‍ ചെന്ന് രണ്ടു കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞു ഭക്ഷണം കഴിച്ചു നേരെ വെച്ച് പിടിച്ചു. ഈരാറ്റുപേട്ട- ബാര്‍ബര്‍ ബാലന്റെ സ്ഥലം. ചെറിയേട്ടന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് അവിടെ ഒരു ചെറിയ സെറ്റപ്പ്‌ തുടങ്ങാന്‍ ഒരു മുറി വേണം. ഒരു പാട് നേരത്തെ അലച്ചിലിന് ശേഷം ഒരു കിടുക്കന്‍ മുറി കിട്ടി.

അങ്ങനെ ഇരിക്കുമ്പോള്‍ തൊട്ടടുത്ത ജങ്ക്ഷനില്‍ ഒരു ബോര്‍ഡ്‌- വാഗമണ്‍ 25  കി. മീ. ഒന്നും ആലോചിച്ചില്ല. വണ്ടി വിട്ടു. ആ ചുരം ഓടിച്ചു കേറ്റുമ്പോള്‍ അതാ ബോസ്സിന്റെ ഫോണ്‍. ഒരു കോണ്‍ കോള്‍. വീണ്ടും യാത്ര. ഇടയ്ക്കിടെ ക്ലയന്റ്സും കൊലീഗ്സും വിളിക്കുന്നു. അറ്റന്‍ഡ് ചെയ്യാതെ പറ്റില്ല. ഒടുവില്‍ മല മുകളില്‍. എവെറസ്ടിന്റെ മോളില്‍ കേറിയ ഹിലാരിയെ പോലെ പുളകിത ഗാത്രനായി അങ്ങനെ നിന്നു. പള്‍സര്‍ ഭ്രാന്തന്മാരോട് അഭിമാനത്തോടെ പറയാമല്ലോ ആക്ടീവ ഓടിച്ചാലും ചുരം കയറാം എന്ന്.




ഇതിനിടയില്‍ പഴയ ഒരു വാഗമണ്‍ യാത്രയുടെ ദുരന്ത സ്മരണകള്‍ തികട്ടി വന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഏതോ ഒരു മോന്‍ വാഗമണ്ണില്‍ പാരാ ഫ്ലയിംഗ് കാര്‍ണിവല്‍ ഉണ്ടെന്നു പറഞ്ഞതിന്റെ വാലും പിടിച്ചു കുറെ സമാന ചിന്താഗതിക്കാരെയും (കഴ മൂത്ത് നടക്കുന്നവര്‍ എന്ന് സംസ്കൃതം.) കൂട്ടു പിടിച്ചു 3 കാറുകളിലായി ഇറങ്ങി തിരിച്ചു. ബാക്കി ഉള്ളവന്മാര്‍ പാരാ ഫ്ലയിംഗ് കണ്ടു നടന്നപ്പോള്‍ ഞങ്ങള്‍ 4 പേര്‍ സുശീലന്മാര്‍ വേറൊരു വഴിയില്‍ പോയി കലാ പരിപാടികള്‍ തുടങ്ങി. കാറിനു അകത്തിരുന്നു 2 - 3 റൌണ്ട് ഓടിയപ്പോള്‍ പെട്ടെന്ന് ഡിക്കിയില്‍ ഇരിക്കുന്ന ചിക്കന്‍ കറിയുടെ ഓര്‍മ വന്നു. അങ്ങനെ 3 പേര്‍ പുറത്തിറങ്ങി. കയ്യിലെ ഗ്ലാസ്സുകള്‍ കാറിന്റെ മുകളില്‍ വെച്ച് ഡിക്കി തുറന്നു ചിക്കെന്റെ പാത്രം എടുത്തു നടുവില്‍ വെച്ചു. അതാ ആ വളവിന്റെ താഴെ നിന്നു ഒരു ഹോണ്‍ ശബ്ദം.തുറന്ന ഡിക്കിയുടെ മുകളില്‍ പിടിച്ചു പുഞ്ചിരി ബേബി പറഞ്ഞു: ഇനി വല്ല പോലീസും ആണോ? കരി നാക്ക് എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. എന്തോ ഭാഗ്യത്തിന് ഞാന്‍ ഗ്ലാസ്‌ എടുത്തു മുന്നിലെ സീറ്റില്‍ വെച്ചു. ബാക്കില്‍ നിന്ന ബേബിയും കുംഭകര്‍ണന്‍ അഥവാ കുമ്പുവും വായ പൊളിച്ചു നില്‍പ്പാണ്. എസ് ഐ ആദ്യം ഊരും പേരും ഒക്കെ ചോദിച്ചു. പിന്നെ ബ്രാന്‍ഡ്‌ ഏതാണെന്ന് തിരക്കി. പിന്നെ കയ്യില്‍ എത്ര കാശ്‌ ഉണ്ടെന്നുള്ള പതിവ് ചോദ്യം- അവിടെ ഞങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയുടെ 2  കോടി രൂപയുടെ "ഫ്ലാറ്റ്" ആയി. അങ്ങനെ പേരും നാളും ഒക്കെ എഴുതി സെക്ഷന്‍ 101 അടിച്ചു തന്നു. ചെറിയുടെ പേര് കേട്ടപ്പോള്‍ അവര്‍ ഒരു നിമിഷം ശങ്കിച്ചു. ജീവിതത്തില്‍ ആദ്യമായി ഇത്രേം ദുര്‍ഘടമായ ഒരു പേരിട്ടു തന്ന അച്ഹനെ മനസ്സില്‍ സ്തുതിച്ചു. അപ്പോഴേക്ക് അക്ഷരാഭ്യാസമുള്ള ഏതോ ഒരു പോലീസുകാരന്‍ എന്നോട് ഇംഗ്ലീഷ് സ്പെല്ലിംഗ് ചോദിച്ചു. 3 പെഗ് 8  പി എം പകര്‍ന്നു തന്ന ധൈര്യത്തില്‍ (വിവരം ഇല്ലായ്മയില്‍) വള്ളി പുള്ളി തെറ്റാതെ വീട്ടിലെ അഡ്രെസ്സ് വരെ പറഞ്ഞു കൊടുത്തു. അങ്ങനെ ഏപ്രില്‍ 6 ദുഃഖ വെള്ളിയാഴ്ച പീരുമേട് സെഷന്‍സ്‌ കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞു എസ് ഐ പോയി. ബാക്കി മുഴുവനും തീര്‍ത്തിട്ടു പോയാല്‍ മതി എന്ന് ഉപദേശിക്കാനും ആ പരോപകാരി മറന്നില്ല. ഒടുവില്‍ വീണ്ടും ഒരു ട്രിപ്പ്‌ കൂടി അടിക്കേണ്ടി വന്നു. വക്കീല്‍ പീസ് വേറെയും. ആ വാഗമണ്‍ ട്രിപ്പ്‌ അതോടെ അലമ്പായി.




ഇനി ഇറക്കം. (ഏതു കയറ്റത്തിനും ഒരു ഇറക്കം ഉണ്ടാകുമെന്ന് കണ്ടു പിടിച്ച മഹാന്‍ ആരാണാവോ? അയാളെ ഒന്ന് വടക്കന്‍ കേരളത്തിലെ ചുരങ്ങളില്‍ കൊണ്ട് പോകണം. നമ്മുടെ താമരശ്ശേരി ചുരം ഇല്ലേ; അത് തെന്നെ.  ഏതു? അല്ലെങ്കില്‍ വയനാടന്‍ ചുരങ്ങള്‍ ഏതായാലും മതി. ഈ ഡെക്കാന്‍ പീഠഭൂമി ഡെക്കാന്‍ പീഠഭൂമിഎന്ന് കേട്ടിട്ടില്ലേ? അത് തന്നെ സാധനം. അങ്ങോട്ട്‌ കയറിയാല്‍ പിന്നെ നേരെ ബാംഗ്ലൂരോ ഹൈദെരാബാദോ ഒക്കെ പോയാലും ഇറക്കം എന്ന സംഭവം ഇല്ലല്ലോ.) എഞ്ചിന്‍ ഓഫ്‌ ചെയ്തു 25 കി. മീ. ഇറക്കം. അവിടേം ഇവിടേം ഒക്കെ നിര്‍ത്തി 3 - 4 ഫോട്ടോ എടുത്തു. ഫോട്ടോ എന്ന് പറയാന്‍ പറ്റില്ല. ചുമ്മാ ഓരോ സ്നാപ്‌. വെറും 5 മെ. പി. മൊവീല്‍ ക്യാമെറ എടുത്തു അവരാതിക്കാനാണോ നമുക്ക് പഞ്ഞം. അപ്പോഴാണ്‌ നമ്മുടെ കുട്ടപ്പായിയുടെ രംഗ പ്രവേശം. കുട്ടപ്പായി പോകുന്നത് ഒരു സി. ഡി. ഡീലക്സ് ബൈക്കിലാണ്. ലവന്റെ നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട് ചെറിയുടെ ചെവി പൊട്ടി. എഞ്ചിന്‍ ഓണ്‍ ആക്കി ചീറിച്ചു. കാര്യം ആക്ടീവ ആണെങ്കിലും ഒരു 75 - 80 സ്പീഡ് എത്താന്‍ ഒരു പ്രയാസോം ഇല്ല.

ചുരം ഇറങ്ങുമ്പോള്‍ മുമ്പിലെ വണ്ടി സഹകരിക്കാതെ ഓവര്‍ ടെയ്ക്‌ ചെയ്യാന്‍ ച്ചിരി ബുദ്ധിമുട്ടാണേ... അങ്ങനെ കുട്ടപ്പായിയെ വട്ടാക്കി കുറെ ദൂരം. അപ്പോഴതാ വീണ്ടും ഏതോ ഡാഷ് മോന്‍ വിളിക്കുന്നു. വണ്ടി സ്പീഡ് കുറച്ചതും കുട്ടപ്പായി ഓലി ഇട്ടു കൊണ്ട് കടന്നു പോയി. തീര്‍ന്നില്ല, അതാ കുട്ടപ്പായിയുടെ പോക്കെറ്റില്‍ നിന്നും എന്തോ തെറിച്ചു വീഴുന്നു. ചെറി പോയി നോക്കുമ്പോള്‍ ഒരു പോക്കറ്റ്‌ ഡയറി. തമിഴ് സില്‍മാ സ്റ്റൈലില്‍ കൈ നീട്ടിപ്പിടിച്ചു ഒരു "യോ" വിളിയൊക്കെ നടത്തി. കിം ഫലം? കുട്ടപ്പായി അവന്റെ പാട്ടിനു പോയിക്കഴിഞ്ഞു. ഒടുവില്‍ അതും എടുത്ത്‌ ഇന്‍ ഹരിഹര്‍ നഗറിലെ തോമസ് കുട്ടിമാരെ പോലെ ഒരു ചെയ്സ്. ഓരോ കവല എത്തുമ്പോഴും കുട്ടപ്പായിയെ നോക്കും. നാട്ടില്‍ ഇത്ര അധികം സി. ഡി. ഡീലക്സ് വണ്ടികളുണ്ടെന്നു അന്ന് മനസ്സിലായി.

അവസാനം പോക്കറ്റ്‌ ഡയറി തുറന്നു കുട്ടപ്പായിയുടെ എസ് എസ് എല്‍ സി ബുക്കിലെ പേര് തപ്പി.ആ പഹയന്‍ ഒരു കുന്തോം എഴുതിയിട്ടില്ല. എന്ന് വെച്ചിട്ട് പരോപകാരം ചെയ്യാന്‍ ഒരു ചാന്‍സ് കിട്ടിയ എന്നിലെ തോമസ്‌ കുട്ടി ഗോവിന്ദന്‍ കുട്ടി അപ്പുക്കുട്ടന്‍ മഹാദേവന്‍മാര്‍ വിടുമോ? അടുത്ത പേജുകള്‍ മറിച്ചു നോക്കി. കുറെ വീണ്ടും വാല്‍ അഥവാ റീടെയ്ല്‍ ഷോപ്പുകളുടെ നമ്പരുകള്‍. കക്ഷി ഏതോ മൊവീല്‍ ഓപ്പറേറ്റര്‍ 'തൊയിലാളി' ആണ്. ഇത്രേം നമ്പരുകള്‍ വീണ്ടും തപ്പി എടുക്കണേല്‍ അളിയന്‍ കുറെ കഷ്ടപ്പെടും. വീണ്ടും വാഗമണ്‍ വരെ കേറി ഈ കട തപ്പിയെടുത്തു, ഈ പോക്കറ്റ്‌ ഡയറിയുടെ ഉടമസ്ഥനെ ചോദിയ്ക്കാന്‍ മാത്രം എന്നിലെ പരോപകാരി വളര്‍ന്നിട്ടില്ല. നേരെ വിട്ടു പാലായിലേക്ക്.

പാലാ. മാണി സാറുടെ സ്വന്തം താവളം. കേരളാ കോണ്‍ഗ്രസ്‌ ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ന്യൂ ഡല്‍ഹി സില്‍മ ഇറക്കാന്‍ ജോഷിക്ക് ചാന്‍സ് കിട്ടില്ലായിരുന്നു. മാണി സാര്‍ പാലായില്‍ സ്ഥാപിച്ചേനെ നമ്മുടെ തലസ്ഥാനം. ഇത്രേം വന്നില്ലേ, പാലായിലെ ബിഷോപിനെ കണ്ടു ഒന്ന് കൈ മുത്തിയാലോ? (നമ്മുടെ ബിസിനസ്‌ എന്ന് പറഞ്ഞാല്‍ ഈ ട്രസ്റ്റ്‌ അക്കൌണ്ടുകള്‍ ഒക്കെ ടാപ്പ്‌ ചെയ്യലാണ് -റവര്‍ ടാപ്പിംഗ്‌ പോലെ തന്നെ. കോട്ടയം, ഇടുക്കി, പത്തനം തിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ചെറിയേട്ടന്റെ പ്രവര്‍ത്തന മേഖല. ആദ്യത്തെ മൂന്നും അക്ഷരാര്‍ഥത്തില്‍ സഭയുടെ കളിത്തൊട്ടില്‍. കോട്ടയത്ത്‌ ഞങ്ങള്‍ക്കൊരു ചൊല്ലുണ്ട്- "കാശുള്ളവന്‍ കത്തോലിക്കാ. ഇല്ലാത്തവനു തൊലിക്കാം.")

എന്തായാലും നേരം ത്രിസന്ധ്യ ആയി. ഈ നേരത്ത് പാവം ബിഷപ്പ് പ്രാര്‍ഥനേം ധ്യാനോം ഒക്കെ ആയി കഴിയുവായിരിക്കും. ശല്യപ്പെടുത്തണ്ട. നേരെ പോയി ബ്രാഞ്ചിലേക്ക്. ഒരു കൊലീഗിനെയും പിക്ക് ചെയ്തു കോട്ടയത്തേക്ക്. രാത്രി ഹോട്ടല്‍ ഭക്ഷണോം കഴിഞ്ഞു കൊലീഗിനെ വീട്ടില്‍ വിട്ടിട്ടു തിരിച്ചെത്തിയപ്പോള്‍ മണി 9 . 30 . എന്റെ ജാര്‍ഖണ്ട്കാരന്‍ സഹമുറിയന്‍ വന്നിട്ടില്ല. നേരെ പുതപ്പിന്റെ അടിയില്‍ അഭയം തേടി. കേരളത്തിലെ എല്ലാ റോഡുകളും ലോക നിലവാരത്തില്‍ ഉള്ളവ ആയതു കൊണ്ട് ബോഡി പെയിന്‍ എന്ന ഒരു സംഭവം ഇല്ലായിരുന്നു. അങ്ങനെ അന്ന് വെള്ളം അടിക്കാതെ തന്നെ നല്ല ഉറക്കം കിട്ടി. സ്വപ്നങ്ങളില്‍ ഏതോ കുന്നിന്‍ ചെരിവുകളില്‍ എന്നെ കാത്തു കുട്ടപ്പായി നില്‍പ്പുണ്ടായിരുന്നു...

2 comments:

ശാശ്വത്‌ :: Saswath S Suryansh said...

ടാഗ് ഇടാന്‍ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ? ഒരു പുതു മോടിക്കാരന്റെ ആവേശം ആണ്. സഹകരിക്കണം. പ്ലീസ്‌.

shemeer shamsudheen said...

cheriyeettaaaa,cheriyeettan cheriya ettanalllaaaa balyaeeeetttanaaaa , superb

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."