ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..

Sunday 28 February, 2010

ഒരു ഫാനിന്റെ ഒടുക്കത്തെ കത്ത്..!

         
ശംഭോ മഹാദേവ!
ദൈവങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ആരാധിക്കുന്ന മാലോലേട്ടന്,

കഴിഞ്ഞ കുറെ ദിവസം ആയി ലോലേട്ടന് നേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളില്‍ മനം നൊന്തല്ല ഈ കത്തെഴുതുന്നത്. മറിച്ച്, ഈ പ്രശ്നത്തിന്റെ പേരില്‍ എന്നെ പുറത്താക്കിയ എന്റെ വീട്ടുകാരുടെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാനാണ്. ലോലേട്ടന്റെ ഫാന്‍ ആയി എന്ന ഒറ്റക്കാരണം കൊണ്ട് എന്നെ പുറത്താക്കിയ എന്റെ വീട്ടുകാരോട് ദൈവം ചോദിക്കും. ശംഭോ മഹാദേവ!

എന്നാലും ലോലേട്ടന്‍ ഞങ്ങളോട് ഇത്രയും വലിയ ചതി ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇന്നലെ വരെ കണ്ടാല്‍ മിണ്ടാതിരുന്ന മെഗാ ഫാന്‍സ്‌ ആ അന്‍സാറും അവന്റെ അനിയന്‍ ഹിമാറും ഇന്ന് എന്നോട് ചങ്ങാതീ വീട്ടീന്ന് പുറത്താക്കിയല്ലേ എന്നു ചോദിച്ചു. പോരാത്തതിന് അവന്റെ ഉപ്പയുടെ കടയില്‍ ജോലി കൊടുക്കാമെന്നും പറഞ്ഞ്. നല്ല ഒന്നാന്തരം നായര്‍ തറവാട്ടില്‍ പിറന്ന ഞാന്‍ ഇതെങ്ങനെ സഹിക്കും? കഴിഞ്ഞ കൊല്ലം മൊയതൂട്ടിയുടെ ബ്ലഡി ഫൂള്‍, ഈ ഗ്രാമത്തില്‍ പിശാച് എന്നീ പടങ്ങള്‍ ആദ്യ ദിവസം ആലപ്പുഴ വീരയ്യാ തിയേറ്ററില്‍ പോയി കണ്ട് കൂവിയതിനു ശേഷം അവന്മാരുമായി മുട്ടന്‍ തല്ലുണ്ടായി പോലീസ് സ്റ്റേഷനില്‍ കേറിയ ഞങ്ങളെ നമ്മുടെ ഭാഗ്യ നിര്‍മാതാവ് സ്ക്രൂഡ്രൈവര്‍ കരുണാകരന്‍ പെരുമ്പടപ്പ്‌ ഇറക്കിയ കഥ അങ്ങേക്കും അറിവുള്ളതാണല്ലോ. 

എന്തൊക്കെയായിരുന്നു. ആ സുദീപിന്റെ ദോശ രാഘവന്‍, ഫോക്സ് തുടങ്ങി ഇപ്പോഴത്തെ ആ  തൊല്ല രാജുവിന്റെ ഐസ് ക്രീം വരെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിച്ച് അടി വാങ്ങിയ ഞങ്ങളോട് ഇതു വേണ്ടായിരുന്നു. അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ തന്ന കാശ് കൊണ്ട് വരെ അങ്ങേക്ക് വേണ്ടി ഞങ്ങള്‍ രംഗത്തിറങ്ങിയില്ലേ? പിന്നെ ഫാന്‍സ്‌ അസോസിയേഷന്‍ വക ആതുര സേവനം എന്ന പേരില്‍ കാശ് പിരിച്ചാണ് ഞാന്‍ ആ കോട്ടം തീര്‍ത്തത്. (കുറ്റം പറയരുതല്ലോ. അങ്ങയെപ്പോലെ വൈകിട്ടെന്താ പരിപാടി എന്നു ഒരാഴ്ച ചങ്ങാതിമാരോട് ചോദിക്കാനും പറ്റി.) പോരാത്തതിന് എത്ര എസ് എം എസ്സുകള്‍, എത്ര ഇന്റര്‍നെറ്റ്‌ റിവ്യൂകള്‍ ഞങ്ങള്‍ സൃഷ്ടിച്ചു. ഒരിക്കല്‍ അങ്ങയുടെ ഷിജു വൈകുണ്ഠം പടം 'ചുവന്ന മുളകുകള്‍'ക്കെതിരെ എസ് എം എസ് അയച്ച ബിജുവിനെ തല്ലാന്‍ പോയതിനു പോലീസുകാരില്‍ നിന്നും കിട്ടിയ അടിയുടെ പാട് ഇന്നും എന്റെ മുഖത്തുണ്ട്‌. അങ്ങേക്ക് മനോവിഷമം ഉണ്ടാകും എന്നറിയാം. എങ്കിലും ആ തന്തയില്ലാത്തവന്‍ അയച്ച എസ് എം എസ് എന്താണെന്നറിഞ്ഞാല്‍ മാലോലന്‍ സാര്‍ ഞങ്ങളെ അഭിനന്ദിക്കുകയെ ഉള്ളൂ:

"കേരളത്തില്‍ കൂട്ട ആത്മഹത്യ. ഇന്നലെ ചെറായി ബീച്ചില്‍ ഒരു കുടുംബത്തിലെ 5 പേര്‍ വിഷം കഴിച്ചു മരിച്ചതായി കണ്ടെത്തി. കോഴിക്കോട്ടെ ഒരു വനിതാ കോളേജ് ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ചു. കോട്ടയത്ത് ട്രെയിനിനു തല വെച്ച് 3 യുവാക്കള്‍ ആത്മഹത്യ ചെയ്തു. മരണകാരണം വ്യക്തമല്ല. പക്ഷേ എല്ലാവരുടെയും പക്കല്‍ ചുവന്ന മുളകിന്റെ ടിക്കെറ്റുകള്‍ കണ്ടെത്തിയിരിക്കുന്നു." ഇനി പറയൂ: അവനെ ഒക്കെ അടിച്ചാല്‍ മതിയോ? ഈശ്വരാ, എന്റെ വീട്ടുകാരോട് പൊറുക്കണേ.. ശംഭോ മഹാദേവ!

എന്നെ മൊയ്തൂട്ടി ഫാന്‍സ്‌ പോലീസില്‍ പിടിപ്പിച്ചതിനു പകരം സ്വന്തമായി ഒരു എസ് എം എസ് സൃഷ്ടിച്ചു ഞാനും അയച്ചു...

"സ്വന്തം കാറില്‍ ഡ്രൈവറെ പിന്നിലിരുത്തി ഓടിച്ചു പോകുന്ന മൊയ്തൂട്ടി: 
എന്താടോ ആ കരുണാകരന്‍ പെരുമ്പടപ്പിനെ പോലെ തനിക്കും നിര്‍മിച്ചു കൂടെ ഒരു സിനിമ?
അപ്പോള്‍ ഡ്രൈവര്‍: ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാര്‍; പക്ഷേ മാലോലന്‍ സാറിന്റെ ഡേറ്റ് കിട്ടണ്ടേ?"

ദൈവം തമ്പുരാന്‍ അറിഞ്ഞു ശിക്ഷിക്കട്ടെ എന്റെ അച്ഛനെ... ശംഭോ മഹാദേവ!

ഇപ്പോഴും പറയുന്നു, അങ്ങയുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ ഞങ്ങള്‍ എന്തെല്ലാം ചെയ്തു? ഇവിടെ നിന്നു കൊച്ചിയിലും ആലുവയിലും പോയാണ് ഒരേ ദിവസം ഞാന്‍ റെക്കോര്‍ഡ്‌ സമയത്തില്‍ തീര്‍ത്ത അങ്ങയുടെ "ഈശ്വരന്‍" കണ്ടത്. ആലപ്പുഴയില്‍ ഡിജിറ്റല്‍ പ്രദര്‍ശനം ആയതിനാല്‍ ഫിലിം പെട്ടി എഴുന്നള്ളിക്കുന്നതിനും പാലഭിഷേകം, പുഷ്പാര്‍ച്ചന, മാല പടക്കം പൊട്ടിക്കല്‍ മുതലായവ നടത്തുന്നതിനും ആണ് ഇവിടെ നിന്നും ക്വാളിസ് ബുക്ക്‌ ചെയ്ത് എറണാകുളം വരെ ഞങ്ങള്‍ പോയത്. 17 മണിക്കൂര്‍ സമയത്തില്‍ തീര്‍ത്ത "ഈശ്വരന്‍" കാണാന്‍ ഇവിടത്തെ ഈശ്വര വിശ്വാസികള്‍ പോലും വരാത്തതിലും 17 ഷോ പോലും തികച്ചോടാത്തതിലും ലോലെട്ടനെപ്പോലെ ഞങ്ങള്‍ക്കും വിഷമം ഉണ്ട്. അത് പോലെ അങ്ങയുടെ എലി ഭായ്, കാട്ടുരാജാവ്, ഹോസ്റ്റല്‍ കുമാരന്‍, മാലാഖ യോഹന്നാന്‍ തുടങ്ങി എത്ര പടങ്ങള്‍ ഹോസ്റ്റലുകളില്‍ ടിക്കറ്റ്‌ കൊടുത്തു ആളെ നിറച്ചിട്ടുണ്ടെന്നറിയുമോ. കഴിഞ്ഞ കൊല്ലത്തെ അനുഗ്രഹന്റെ പരീക്ഷണ ചിത്രം  "ഭ്രാന്ത്" എന്ന പടം ഒന്നും മനസ്സിലാകാഞ്ഞിട്ടും 7 തവണ കണ്ടവനാണ് ഈ ഞാന്‍.

ഈ പറയുന്ന ബാലഗംഗാധരന്‍ എന്നയാളുടെ പ്രശ്നത്തില്‍ കുറെ പിള്ളാര്‍ കേറി അങ്ങയുടെ നായര്‍ ബ്രദേഴ്സിന്റെ സെറ്റില്‍ കേറി അലമ്പുണ്ടാക്കിയെന്ന്‍ അറിഞ്ഞു അവിടെയും ഇടപെടാന്‍ ഇറങ്ങിയതാണ് ഞങ്ങള്‍. പക്ഷേ പള്ളുരുത്തിക്കാരാണെന്നറിഞ്ഞപ്പോള്‍ പിന്നെ പോയില്ല. പേടിച്ചിട്ടൊന്നുമല്ല കേട്ടോ. ആലപ്പുഴയില്‍ നിന്നും പള്ളുരുത്തിയിലേക്കുള്ള ദൂരം ആലോചിച്ചിട്ടാ. നല്ല തല്ലു നാട്ടില്‍ കിട്ടുമല്ലോ എന്നു ചോദിച്ച് ആ അന്‍സാര്‍ എന്നെ കളിയാക്കിയത് മറന്നിട്ടില്ല ഇപ്പോഴും. എന്റെ വീട്ടുകാരോട് "മോനെ സുഗേശാ, ആരാ ഈ തെമ്മാടിത്തരമൊക്കെ കാണിച്ചത് " എന്നു ചോദിക്കാന്‍ ഇവിടെ ആരും ഇല്ലേ? ശംഭോ മഹാദേവ!

ബാലന്‍ പ്രശ്നം മൊയ്തൂട്ടിക്ക ഉണ്ടാക്കിയതാണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ലോലേട്ടന്റെ പടത്തില്‍ ആരെ വേണം ആരെ വേണ്ട എന്നു തീരുമാനിക്കേണ്ടത് ലോലേട്ടനല്ലേ? ആ അപമാനം  തീര്‍ന്നില്ല, അപ്പോഴേക്ക് മോയതൂട്ടിയെ പിന്താങ്ങി അങ്ങയുടെ പത്രസമ്മേളനം. അതിന്റ ചൂടാറുന്നതിനു മുന്‍പെ അഴുതക്കോടന്‍ സാര്‍ അങ്ങയെ വിമര്‍ശിച്ചു കൊണ്ട് ഒരു സമ്മേളനം നടത്തിയപ്പോഴാണ് ഞങ്ങള്‍ക്കൊരു ഉഷാര്‍ ഒക്കെ വന്നത്. പെങ്ങളുടെ ഫീസ്‌ അടക്കാന്‍ വെച്ച കാശ് കൊടുത്തിട്ടാണ് ആ ഡെന്നിസിനെക്കൊണ്ട് ഇന്റര്‍നെറ്റില്‍ അയാളെ കഴുതക്കോടന്‍ ആക്കിയത്. പോരാത്തതിന് അന്ന് തന്നെ കോലവും കത്തിച്ചു. പോകുന്ന വഴിക്ക് ചുമ്മാ അരിശം തീര്‍ക്കാന്‍ കലക്ടറുടെ ബംഗ്ലാവിനു കല്ലും എറിഞ്ഞു. ശംഭോ മഹാദേവ!

ആ പ്രശ്നം കഴിഞ്ഞ് വീട്ടില്‍ കേറാന്‍ നോക്കിയപ്പോള്‍ ആണ് ആ എഎസ്ഐ കുട്ടപ്പന്‍ നായര്‍ ഞങ്ങളെ പിടിച്ചത്. ഫീസ്‌ അടക്കാന്‍ വെച്ച കാശ് കട്ടെടുത്തു എന്നും പറഞ്ഞ് എന്നെ സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ വരാതിരുന്ന എന്റെ അമ്മേടെ ....രുണ്ടല്ലോ.. ആ മനുഷ്യനെ ഇനി എനിക്കു കാണേണ്ട. ചോറ് തരുന്നതല്ലേ എന്നു വിചാരിച്ച് പിന്നെയും ആ വീട്ടില്‍ ചെന്നപ്പോള്‍ എന്നെ ചകിരി തല്ലുന്ന മട്ടലെടുത്തു പുറത്തടിച്ചു ആ  കാലമാടന്‍. പോലീസുകാരുടെ ഇടി ഞാന്‍ സഹിച്ചു. പക്ഷേ ഇത്, അങ്ങയുടെ സ്ഫുടനത്തിലെ തോടാമയെ ബാലഗംഗാധാരന്റെ മത്തായി മാഷ്‌ ചെയ്തത് പോലായിപ്പോയി. അന്ന് ഇടപെട്ട കൊടുമുടി നാണുവിനെപ്പോലെ തടുക്കാന്‍ വന്നതായിരുന്നു അയലത്തെ അശോകന്‍ കൊച്ചാട്ടന്‍. ആ മനുഷ്യന്റെ മുന്നില്‍ വെച്ച് എന്റെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അങ്ങ് ഒരു സിനിമയിലും കേട്ടിട്ടുണ്ടാകില്ല. അയാളോട് ദൈവം ചോദിക്കില്ലേ? ശംഭോ മഹാദേവ!

ഇതൊക്കെ ഞാന്‍ സഹിക്കും. പക്ഷേ മോയ്തൂട്ടിക്കയെ പിന്താങ്ങിക്കൊണ്ട് ലോലേട്ടന്‍ ഇറങ്ങിയതിനു ശേഷം ഞങ്ങള്‍ ഇനി എന്ത് എന്നറിയാതെ മഹാബലിപുരം ബസ്‌റൂട്ട് നോക്കി നില്‍പ്പാണ്. വിന്റെര്‍ ഇന്‍ ജറുസലേം എന്ന ചിത്രത്തിലെ അങ്ങയുടെ നീലോല്പലന്റെ പോലെ ഒരു വിഷമസന്ധിയിലാണ് ഞാന്‍. ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കെട്ടി കളിക്കരുത് എന്നു പറഞ്ഞ അതേ നാവ് കൊണ്ട് അന്‍സാറിനോട് ആ ജോലി തരാന്‍ ഞാന്‍ എങ്ങനെ പറയും? അവനെ കളര്‍കോടുള്ള  ജെസ്സിയെ ലൈന്‍ അടിച്ചതിനു ലവ് ജിഹാദ് എന്നും പറഞ്ഞ് തല്ലാന്‍ ആളെ വിട്ടത് ഞാന്‍ ആണെന്ന് അവന്‍ എങ്ങാനും അറിഞ്ഞാല്‍? നമ്മുടെ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പോലും എന്നെ കൈവിട്ട സ്ഥിതിക്ക് അങ്ങ് മാത്രമേ എനിക്കൊരു രക്ഷ ഉള്ളൂ... എത്രയും പെട്ടെന്ന് നായര്‍ ബ്രദേഴ്സിന്റെ സ്ക്രിപ്റ്റ് അങ്ങേക്കായി തിരുത്തുന്ന ജോലി എന്നെ ഏല്‍പ്പിക്കണമെന്നു ബോധിപ്പിച്ചു കൊണ്ട്,

രഞ്ജിത്ത് നായര്‍,
സെക്രട്ടറി,
മാലോലന്‍ ഫാന്‍സ്‌ അസോസിയേഷന്‍,
ആലപ്പുഴ.

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."