ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..

Tuesday, 26 January, 2010

മേരാ ഭാരത്‌ മഹാന്‍... കോപ്പ്!

തലക്കെട്ട്‌ വായിച്ചിട്ട് ആരും രോഷം കൊള്ളേണ്ട... മന:പൂര്‍വ്വം ഒരു വിവാദം സൃഷ്ടിക്കുകയല്ല ചെറിയുടെ ഉദ്ദേശം. റിപ്പബ്ലിക് ഡേ പ്രമാണിച്ച് കിട്ടിയ അസംഖ്യം മെയിലുകളില്‍ ഒന്നാണ് ഈ പോസ്റ്റിനു ആധാരം. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

Let us re-dedicate ourselves for the health and wealth of our mother INDIA.
No great nation other than india .

31 states,
1618 languages,
6400 castes,
6 religion,
6 ethnic groups,
29 major festivals and 1 country!
Be proud to be an INDIAN...!.

A Hindu president
A Muslim vice president
A Sikh prime minister
A Christian defense minister
Mera Bharat Mahan!


ഇത് വായിച്ചിട്ട് നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ ബൂലോഗരെ? അപ്പോള്‍ എന്നാണ് നമുക്കൊരു ഇന്ത്യക്കാരനെ ഭരണാധികാരി ആയി കിട്ടുക? എപ്പോഴും ഈ റേഷ്യോ ശരിയാക്കി വെച്ച്, എല്ലാ മതക്കാരെയും പ്രീതിപ്പെടുത്തണം എന്നാണോ?

ഉടനെ മനസ്സില്‍ ഓടിയെത്തിയ മറ്റൊരു സംശയം, എന്തേ നമ്മുടെ ഭരണകക്ഷി തലൈവി മാഡത്തിനെ ഉള്‍പ്പെടുത്താത്തത്  എന്നാണു. ഈ പറയുന്ന എല്ലാരേക്കാളും വലിയ അധികാര കേന്ദ്രം അവരാണല്ലോ. ഓ അപ്പോള്‍ അനുപാതം തെറ്റുമല്ലോ അല്ലേ? പണ്ടൊക്കെ അമേരിക്കയെ കുറിച്ചു പറഞ്ഞു കേട്ട ഒരു ആക്ഷേപം,  അവിടെ പ്രസിഡന്റ്‌ ആകണമെങ്കില്‍ WASP Male (White Anglo-Saxon Protestant Male), -ആണ്‍ കടന്നല്‍ എന്നു പച്ച മലയാളം- ആയാലേ ഒക്കൂ എന്നാണു. ഇപ്പൊ ഒബാമേട്ടന്‍ വന്നതോടെ ആ  രാജ്യത്ത് പോലും ജാതി മത വര്‍ണ ചിന്തകള്‍ക്കതീതമായ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതായി കാണാം. അപ്പോഴാണ്‌ ബ്രിട്ടീഷ്‌ തലച്ചോറുകളുടെ "വിഭജിച്ചു ഭരിക്കല്‍" എന്ന ആശയത്തെ കൂട്ടു പിടിച്ചു രാജ്യത്തെ ഒരു 60-70 കൊല്ലം പുറകിലോട്ടടിക്കാന്‍ പുതിയ ചില പങ്കു പറ്റല്‍ വാദികള്‍ ഇറങ്ങിയിരിക്കുന്നത്.

ഏതു തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഭരണകക്ഷിയോടു "അത് ഞമ്മളാ" എന്നു പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ രംഗത്തെത്തും. വോട്ട് എണ്ണുന്ന ദിവസം വരെ സമദൂരം പറയുന്നവര്‍ ഫലം വന്നാല്‍ സ്വന്തക്കാരെ മന്ത്രിയാക്കാന്‍ വിലപേശലിനിറങ്ങും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് സാധാരണ ജനം കൊടുത്ത ഷോക്ക്‌ ട്രീറ്റ്മെന്റിനു യു ഡി എഫിനോട് പലരും അവകാശം പറയുന്നത് കണ്ടു മനസ്സ് മടുത്ത ഒരാളാണ് ചെറി. ഇത് പോലെ ഒരു വൃത്തികെട്ട കളി കളിച്ചതിനു ഇടതിന് ജനങ്ങള്‍ കൊടുത്ത ശിക്ഷ ആണത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ വൃത്തികെട്ടവന്മാരുടെ വാക്ക് കേട്ടിട്ടാണോ നിങ്ങളാരെങ്കിലും വോട്ട് ചെയ്യുന്നത്? ആ കണക്കിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പുട്ടു പോലെ ഇവിടെ ജയിച്ചു കേറെണ്ടതായിരുന്നു . ചുരുങ്ങിയത് മദ്ധ്യ കേരളത്തിലും മലപ്പുറത്തും കാസര്‍ഗോട്ടും എങ്കിലും. വീണ്ടും ചോദിച്ചു പോവുകയാണ്, ജാതി മതങ്ങള്‍ക്കതീതമായി ഒരു ഭരണാധികാരിയെ കിട്ടാന്‍ നമുക്ക് യോഗ്യത ഇല്ലേ?

ഏതായാലും ഉടനെ തന്നെ ചെറി റിപ്ലൈ ചെയ്തു. ഇങ്ങനെ:

Well, isn't there any Indian who is ruling us?? How can we say our country is great as long as we don't see ourselves as Indians instead of Hindu, Muslim, Sikh and Christian?

 My friends, I believe that is the best thing we can do for the nation on its 60th Republic Day. 

വ്യത്യസ്ത നിറങ്ങള്‍ മന:പൂര്‍വ്വം ചേര്‍ത്തതാണ്. ഈ ദേഷ്യത്തിന് ചിത്രകാരന്റെ ബ്ലോഗില്‍ പോയി മതത്തെ കുറിച്ചു ഉദ്ഘോഷിച്ചിരുന്ന ഏതോ ഒരു പാവത്തിനെ കുറെ പള്ളും പറഞ്ഞു ചെറി. അത് കൊണ്ടരിശം തീരാഞ്ഞവന- പുരയുടെ ചുറ്റും എന്ന കണക്കിന് ഇതാ ഇവിടെ ബ്ലോഗിലും പോസ്റ്റുന്നു.

വാല്‍: മുകളില്‍ പറഞ്ഞ ആരെയെങ്കിലും നേരിട്ട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരുന്നോ? ജനവിധി നേരിട്ട് അധികാരത്തില്‍ കയറിയ  ആരുണ്ട്‌ ഈ ലിസ്റ്റില്‍? എന്തൊക്കെ പറഞ്ഞാലും അമേരിക്കക്കാരന് സ്വന്തം പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തത്വത്തില്‍ എങ്കിലും പറ്റും. മേരാ ഭാരത്‌ മഹാന്‍..!!

Monday, 25 January, 2010

തേങ്ങാക്കൊല!

എന്നും രാവിലെ ബോസ്സിന്റെ കോണ്‍ കോള്‍ തുടങ്ങുന്നതിനു മുന്‍പ് മനസ്സില്‍ ഓടിയെത്തുന്ന ഒരു പഴവര്‍ഗം...


(ആശയത്തിന് കടപ്പാട്: പ്രിതിഷ് ജി എസ് അഥവാ പുട്ടുറുമീസ് , തിരോന്തരം )

അഭിനന്ദനങ്ങള്‍!


 
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് കൈവരിച്ച ഒരു അപൂര്‍വ നേട്ടമാണ് ഈ പോസ്റ്റിനാധാരം. ടെസ്റ്റ്‌ ക്രിക്കെറ്റില്‍ ഏറ്റവും അധികം സെഞ്ച്വറി കൂട്ടുകെട്ടുകള്‍ (17 )ഉണ്ടാക്കിയ സഖ്യം ഇന്ന് നമ്മുടെ സ്വന്തം സച്ചിന്‍-ദ്രാവിഡ്‌ ജോഡി ആണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവര്‍ നേടിയ 16 സെഞ്ച്വറി കൂട്ടുകെട്ടുകളുടെ റെക്കോര്‍ഡ്‌ ആണ് പഴങ്കഥ ആയത്. (അവലംബം: cricinfo.com )ഇന്ന് കളിച്ചു കൊണ്ടിരിക്കുന്നവരില്‍ ഈ നേട്ടത്തിന് ഏറ്റവും അടുത്തുള്ളത് മറ്റൊരു ഇന്ത്യന്‍ സഖ്യം തന്നെ: ദ്രാവിഡ്‌- ലക്ഷ്മണ്‍ സഖ്യം (11 സെഞ്ച്വറി കൂട്ടുകെട്ടുകള്‍). ഒപ്പം തന്നെ ജയവര്‍ധനെ-സംഗക്കാര (ശ്രീലങ്ക) എന്നിവരുമുണ്ട്. തൊട്ടു പിന്നാലെ ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്-ആന്‍ഡ്ര്യൂ സ്ട്രോസ് (10), ദ്രാവിഡ്‌-സെവാഗ് (ഇന്ത്യ ), ജയവര്‍ധനെ-സമരവീരെ (ശ്രീലങ്ക), മൊഹമ്മദ് യൂസുഫ് - യൂനിസ് ഖാന്‍ (പാക്കിസ്ഥാന്‍) എന്നിവര്‍ 9 വീതവും സെഞ്ച്വറികളുമായി കളി തുടരുന്നു.


 ചുരുക്കി പറഞ്ഞാല്‍ അടുത്ത കാലത്തൊന്നും ഈ റെക്കോര്‍ഡ്‌ തകരാന്‍ പോകുന്നില്ല എന്നര്‍ത്ഥം. സച്ചിനും ദ്രാവിഡിനും അഭിനന്ദനങ്ങള്‍ നേരാന്‍ ബൂലോഗരോട് ആഹ്വാനം ചെയ്യുകയാണ്.

ഡിസ്സ്ക്ലയിമര്‍: ഈ പോസ്റ്റ്‌ cricinfo.com കൊടുത്തിട്ടുള്ള പട്ടിക അനുസരിച്ചുള്ളതാണ്. അവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.
 വാല്‍ക്കഷണം: ഇതേ ഇന്നിങ്ങ്സില്‍, 65.2 ഓവര്‍ പിന്നിട്ടപ്പോള്‍ സച്ചിന്‍ നേടിയ മൊത്തം റണ്‍സ് 13161-ഉം,  ദ്രാവിഡ്‌ നേടിയത് 11361-ഉം ആയിരുന്നു. വെറും numerological coincidence, അല്ലേ?

ബില്‍ ഗേറ്റ്സും ഞാനും പിന്നെ 700 കോടിയും

വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആദ്യ ഡോട്കോം ബബിള്‍ അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന കാലത്ത് കേട്ട ഒരു രസകരമായ കഥയുണ്ട്. വാഷിങ്ങ്ടനിലെ ഒരു തൂപ്പുജോലിക്കാരന്‍ മൈക്രോസോഫ്റ്റില്‍ ജോലി തേടി എത്തുന്നു. അവിടെ റിസെപ്ഷനില്‍ വെച്ചു ഒരു ഫോം പൂരിപ്പിക്കാനായി അദ്ദേഹത്തിനു കൊടുത്തു. ഫില്‍ ചെയ്തു താഴെ എത്തിയപ്പോള്‍ അതാ കിടക്കുന്നു ഇ-മെയില്‍ പൂരിപ്പിക്കാനുള്ള കോളം. ഇ-മെയില്‍ എന്താണെന്ന് പോലും അറിഞ്ഞൂടാത്ത ആ ചെങ്ങായിയെ അവിടത്തെ ജീവനക്കാര്‍ പരിഹസിച്ചു. നിരാശനായ അയാള്‍ ചെറിയ ഒരു ഡോര്‍ റ്റു ഡോര്‍ ഡെലിവറി സര്‍വീസ് തുടങ്ങിക്കൊണ്ട് ജീവിതം തള്ളി നീക്കി.


ഏറെ വൈകാതെ കഥാനായകന്‍ സ്വപ്രയത്നം മൂലം വലിയൊരു ലോജിസ്റ്റിക്സ് കമ്പനിയുടെ അധിപനായി മാറി. ഒരു ദിവസം വാഷിങ്ങ്ടന്‍ പോസ്റ്റ്‌ ദിനപത്രത്തിന്റെ ലേഖകന്‍ അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ചു ഒരു അപ്പോയിന്റ്മെന്റ് ചോദിച്ചു. എന്താണ് ഈ മുഖാമുഖത്തിന്റെ ഉദ്ദേശം എന്നാരാഞ്ഞപ്പോള്‍, കൂടുതല്‍ ഡീറ്റെയില്സ് ഇ-മെയില്‍ വഴി അയച്ചു തരാം എന്നായി ലേഖകന്‍. നമ്മുടെ ചെങ്ങായി വിനയാന്വിതനായി മൊഴിഞ്ഞു:
"ക്ഷമിക്കണം, എനിക്ക് ഒരു ഇ-മെയില്‍ ഐ ഡി ഇല്ല. അതുപയോഗിക്കാന്‍ എനിക്കറിയില്ല."
"എന്ത്, ഇ-മെയില്‍ ഐ ഡി ഇല്ലെന്നോ? നിങ്ങള്‍ ഒരു അപൂര്‍വ പ്രതിഭാസം തന്നെ. ഇ-മെയില്‍ ഉപയോഗിക്കാന്‍ അറിയാതെ തന്നെ താങ്കളുടെ ബിസിനസ്‌ നെറ്റ്‌വര്‍ക്ക് ഇത്രയും വലുതായെന്നോ? ഇക്കണക്കിനു താങ്കള്‍ ഇത്തരം ടെക്നോളജി ഒക്കെ പഠിച്ചിരുന്നെങ്കില്‍?"
"എങ്കില്‍ ഞാന്‍ ഇന്ന് മൈക്രോസോഫ്റ്റില്‍ ഒരു തൂപ്പുകാരന്‍ ആയിരുന്നേനെ...!!"

വെറുതെ ഇരുന്നു സര്‍ഫ് ചെയ്തപ്പോള്‍ ഈ കഥയോട് സമാനമായ ഒരു സംഭവം കണ്ടു: ഒടുവില്‍ ബില്‍ ഗേറ്റ്സും ചുവടു മാറി!! ഏതാനും ദിവസം മുന്‍പ് ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിങ്ങ് സൈറ്റ് ആയ ട്വിറ്റെറില്‍ അംഗത്വം എടുത്തു കൊണ്ടു ഏവരെയും ഞെട്ടിച്ച ഗേറ്റ്സ്, ഇന്നിതാ ആദ്യമായി ഒരു പേര്‍സണല്‍ വെബ്‌ സൈറ്റ് തുടങ്ങിയിരിക്കുന്നു. ട്വിറ്റെര്‍ വാങ്ങാന്‍ വേണ്ടി ഗൂഗ്ളിനൊപ്പം മത്സരിച്ച കമ്പനിയുടെ മുന്‍ തലവന്‍ ആണിദ്ദേഹം. ഏറ്റവും രസകരമായ കാര്യം, ഗേറ്റ്സിനു മുന്‍പെ തന്നെ ട്വിറ്റെറില്‍ ചേര്‍ന്ന ടെക്നോളജി രംഗത്തെ മറ്റൊരു അതികായന്‍ ഉണ്ട്: ഗൂഗിള്‍ സി ഇ ഓ എറിക് ഷ്മിദ്റ്റ്. അപ്പോള്‍ പിന്നെ ഇനി നമ്മള്‍ മാത്രം എന്തിനു മാറി നില്‍ക്കണം എന്നായിരിക്കും ഗേറ്റ്സ് അണ്ണന്‍ ചിന്തിച്ചത്.ഏതായാലും 4 ദിവസം കൊണ്ടു ഗേറ്റ്സിന്റെ ട്വിറ്റെര്‍ ഫോളോവെര്‍സ് 3 ലക്ഷം കവിഞ്ഞു. ഇപ്പോള്‍ ചെറിയേട്ടന്‍ ഉള്‍പ്പെടെ 3.3 ലക്ഷം പേര്‍ ലോകമെമ്പാടും ഗേറ്റ്സിനെ പിന്തുടരുന്നു.എറിക് ഷ്മിദ്റ്റ് ചേര്‍ന്നപ്പോള്‍ ഫോളോ ചെയ്യാന്‍ ഈ തിരക്കൊന്നും ഉണ്ടായിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും, നിങ്ങള്‍ ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ അല്ലല്ലോ? ഗേറ്റ്സ് കാരണം ട്വിറ്റെര്‍ സെര്‍വര്‍ ഡൌണ്‍ ആയി എന്നൊക്കെ പല കഥകളും പിന്നാമ്പുറത്തു പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്തായാലും, ഹരിശ്രീ കുറിച്ചപ്പോള്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ എന്തായിരിക്കും? നമ്മുടെ ട്വിറ്റെര്‍ മന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ ആവോ?

ഇപ്പോള്‍ പറഞ്ഞു വന്നത്, ഗേറ്റ്സിന്റെ വെബ്‌ സൈറ്റിനെ കുറിച്ചാണ്. ഏതാനും മണിക്കൂറുകളെ ആയുള്ളൂ ഈ സൈറ്റ് പബ്ലിഷ് ചെയ്തിട്ട്. രണ്ടു വ്യത്യസ്ത വിലാസങ്ങളില്‍ ഈ സൈറ്റ് ലഭ്യമാണ്. gatesnotes.com & thegatesnotes.com. മൈക്രോസോഫ്റ്റിലെ ജോലി രാജി വെച്ച ശേഷം മുഴുവന്‍ സമയ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ആയി മാറിയ ഗേറ്റ്സ്, തന്റെ ആശയങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാനാണ് ഇപ്പോള്‍ ഈ സുപ്രധാനമായ രണ്ടു ചുവടു വെയ്പ്പുകളും നടത്തിയത്. ഗേറ്റ്സും ഭാര്യയും നടത്തുന്ന ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഗേറ്റ്സ്  ഫൌണ്ടേഷന്‍ ഇപ്പോള്‍ തന്നെ ലോകത്തിലെ എണ്ണപ്പെട്ട ജീവ കാരുണ്യ പ്രവര്‍ത്തന സംഘടനകളില്‍ ഒന്നാണ്. ലോകത്തില്‍ ഏറ്റവും വില മതിക്കപ്പെടുന്ന ബിസിനസ്‌ ഫിഗര്‍ ആയ വാറെന്‍ ബഫെറ്റ് തന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് ഇവര്‍ക്ക് കൊടുത്തതോടെ ഫൌണ്ടേഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ ഹെയ്തിയിലെ നാശനഷ്ടങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടു ബില്ലും ഭാര്യയും മുന്‍പന്തിയില്‍ തന്നെ ഉണ്ട്. ഇപ്പോള്‍ തിരക്കിട്ട് സൈറ്റ് തുടങ്ങിയതും ഈ ആവശ്യത്തിലേക്ക് തന്നെ. തീര്‍ന്നില്ല, ദാരിദ്ര്യ നിര്‍മാര്‍ജനം, എയിഡ്സ് ചികിത്സാ സഹായം, കുട്ടികള്‍ക്കുള്ള വാക്സിനുകള്‍, മൈക്രോ ഫിനാന്‍സ്, എച് ഐ വി ഗവേഷണം, കാര്‍ഷിക ഗവേഷണം, വിദ്യാഭ്യാസം തുടങ്ങി മൂന്നാം ലോക രാജ്യങ്ങളുടെ പ്രതിസന്ധികളെയെല്ലാം അഭിസംബോധന ചെയ്തു കൊണ്ടാണ് ഗേറ്റ്സിന്റെ പ്രയാണം.

ടൈം മാഗസിന്‍ കവര്‍, ഏപ്രില്‍ 1984

എങ്കിലും ഗേറ്റ്സ് അങ്കിള്‍, എന്നിലെ സാധാരണ മലയാളി ചോദിച്ചു പോവുകയാണ്: ജീവ കാരുണ്യ പ്രവര്‍ത്തനം ആണല്ലോ പുതിയ ഫാഷന്‍? 700 കോടി ലോക ജനതയെയും അങ്ങ് ഉദ്ധരിക്കാം എന്നൊരു മോഹം കൊണ്ടൊന്നും അല്ലല്ലോ താങ്കള്‍ ഈ പ്രസ്ഥാനം തുടങ്ങിയത്? ഏതാനും വര്‍ഷം മുന്‍പ് ടൈം മാഗസിന്‍ അങ്ങയെയും ഭാര്യയേയും വാര്‍ഷിക വ്യക്തിത്വം ആയി തിരഞ്ഞെടുത്തു. ഇനി അടുത്ത ലക്‌ഷ്യം നോബല്‍ ആയിരിക്കുമല്ലോ? അതിലേക്കുള്ള ആദ്യപടിയാണ് ഈ സൈറ്റ് എന്നത് പകല്‍ പോലെ വ്യക്തം. അല്ലാതെ തന്നെ ഫൌണ്ടേഷന്‍ ഒരു പാട് കാശുണ്ടാക്കുന്നുണ്ട്. ഇനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ നാലാളെ അറിയിച്ചു, സല്പേര് വാങ്ങിയെടുക്കണം. എന്നിട്ട് വേണം ഒബാമ നേടിയെടുത്തത് പോലെ നമുക്കും ഒരെണ്ണം..!

ആ പോട്ട്, എന്തിരായാലും നമുക്കെന്താ? ദീപസ്തംഭം മഹാശ്ചര്യം... ..... .... ....!!!

(നെറ്റ്‌വര്‍ക്ക് പ്രശ്നം കാരണം ഇന്നലെ ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യാന്‍ പറ്റിയില്ല. പോസ്റ്റില്‍ സമയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പൊറുക്കുക.)

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."