തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ തന്നെ, പരിണാമവാദികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടു ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരു പുതിയ (???) ഇനം ദിനോസര്‍ ഫോസ്സില്‍ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച, അതായത് നവംബര്‍ 11 - ന് ഫ്രീ സ്റ്റേറ്റിലെ ബെഥ്ലെഹെം എന്ന സ്ഥലത്തിനടുത്ത് നിന്നാണ് ഈ സുപ്രധാനമായ കണ്ണി തിരിച്ചറിയപ്പെടുന്നത്. സീനിയര്‍ പാലിയെന്റോളോജിസ്റ്റ് ശ്രീ ആദം യേറ്റ്സ്, അദ്ദേഹത്തിന്റെ ഭാര്യ സെലെസ്റ്റെ യേറ്റ്സ് എന്നിവര്‍ നയിച്ച ഗവേഷണ സംഘം കണ്ടെത്തിയത് ഏതാണ്ട് 20 കോടി വര്‍ഷം മുന്‍പ് മണ്ണടിഞ്ഞു പോയ ഒരു പടുകൂറ്റന്‍ ദിനോസര്‍ ഫോസ്സില്‍ ആണ്. ബഹുമാനസൂചകമായി ഇതിന്റെ നാമത്തിന്റെ കൂടെ സ്വന്തം ഭാര്യയുടെ പേര് ചേര്‍ക്കാന്‍ യേറ്റ്സ് തീരുമാനിച്ചു. (കണ്ടോ സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ ആയാല്‍ ഇങ്ങനെ വേണം. എന്നു വെച്ചു ഇന്നലെ റോഡില്‍ നിന്നും കണ്ടു പിടിച്ച കൊടിച്ചിപ്പട്ടിക്കു എന്റെ ഭാര്യയുടെ പേരിട്ടാല്‍ എങ്ങനെ ഇരിക്കും? ആദ്യം സ്പീഷിസ് പേര് അഥവാ പട്ടി; തുടര്‍ന്ന് ഭാര്യയുടെ പേര്- യെപ്പടി? )അങ്ങനെ "ആര്‍ഡോനിക്സ് സെലെസ്റ്റെ" (Aardonyx Celestae) എന്ന പുതിയ സ്പീഷിസ് ചരിത്രത്തിന്റെ ഭാഗമായി.
തല മുതല്‍ വാല്‍ വരെ ഏതാണ്ട് 20 അടി നീളവും 6 അടി പൊക്കവുമുള്ള ഇദ്ദേഹം, ഇരുകാലി ദിനോസറുകളില്‍ നിന്നും നാല് കാലില്‍ നില്‍ക്കുന്നവയിലെക്കുള്ള ഒരു പരിണാമത്തിന്റെ പ്രധാന തെളിവായി കരുതപ്പെടുന്നു. മുന്‍ കാലുകളിലെ അസ്ഥി ഘടന, ഭാരം താങ്ങാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താല്‍, ഇടക്കൊക്കെ നാല് കാലില്‍ നില്‍ക്കാനും ഇതിനു പ്രാപ്തി ഉണ്ടായിരുന്നുവെന്നു വേണം അനുമാനിക്കാന്‍. തികഞ്ഞ സസ്യഭുക്കാണ്. കണ്ടെത്തിയ ഫോസ്സിലിന്റെ ഉടമയ്ക്ക്, മറിച്ചു മണ്ണടിയുമ്പോള്‍ 10 വര്‍ഷത്തില്‍ താഴെ മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ എന്നാണ് നിഗമനം.
ആര്‍ഡോനിക്സ് സെലെസ്റ്റെയുടെ രേഖാചിത്രം. കടപ്പാട്: ടെലിഗ്രാഫ് ദിനപത്രം, യു. കെ.
വിക്കി "പീടിക" നടത്തുന്ന ജിമ്മി ചേട്ടനോട് ചോദിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ സൌജന്യമായി ലഭിക്കുന്നതാണ്. ഒരു പക്ഷേ നൂറ്റാണ്ടുകള്‍ക്കു മുന്‍പെ തന്നെ ഏതെങ്കിലും "വിശുദ്ധ" ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കാനും മതി. ഗ്രന്ഥ വിശ്വാസികള്‍ ദയവായി സൂക്തങ്ങളുടെ ക്രമ നമ്പര്‍ രേഖപ്പെടുത്താന്‍ മറക്കരുത്.
No comments:
Post a Comment