ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..

Friday 26 November, 2010

മതത്തിന് ബദല്‍ ആവശ്യമോ?

ഈയിടെ ഗൂഗിള്‍ ബസ്സില്‍ പല ചര്‍ച്ചകളിലായി സ്ഥിരം കേള്‍ക്കുന്ന ഒരു ചോദ്യമാണ് മതത്തെ എതിര്‍ക്കുന്നവര്‍ക്ക് വല്ല ബദലും നിര്‍ദേശിക്കാനുണ്ടോ എന്ന്. ദൈവം എന്ന അഭ്യൂഹത്തില്‍ ആണ് തുടങ്ങുന്നതെങ്കില്‍ പോലും പതുക്കെ പതുക്കെ ഈ പോയന്റിലേക്ക് വഴി മാറുന്നു. മതം ഇല്ലായിരുന്നെങ്കില്‍ ; 'ദൈവഭയം' (Fear of god) ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ എങ്ങനെ ധാര്‍മികത പുലര്‍ത്തും എന്നതാണ് മറ്റൊരു ഭയം.

ഒരു വശത്ത്‌ മതത്തെ അനുകൂലിക്കുന്നവര്‍ നിരക്കുമ്പോള്‍ , ചര്‍ച്ച നടക്കുന്നത് മതത്തിനെ ബെയ്സ് ചെയ്തിട്ടാണെങ്കില്‍ ഏതു മതം എന്ന് കൂടി പറയണം. കാരണം എല്ലാ മതങ്ങളും പറയുന്നത് അതില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ പോകും എന്നാണ്. ഈ മരിച്ചു സ്വര്‍ഗത്തില്‍ /നരകത്തില്‍ പോയാല്‍ കാണുന്നത് ആരെയാണ് എന്ന് മത വിശ്വാസികള്‍ തമ്മില്‍ ഒരു തീര്‍പ്പിലെത്തിയിട്ടില്ല. യഹോവ ആണോ? യേശു/ കര്‍ത്താവ് ആണോ? അല്ലാഹു ആണോ? യമന്‍ / ശിവന്‍ / ദേവേന്ദ്രന്‍ ആണോ? സ്യൂസ് / പ്ലൂട്ടോ ആണോ? ബാല്‍ ദൈവം ആണോ?

ഇതില്‍ തന്‍റെ 'സൃഷ്ടികള്‍ ' ആയ മനുഷ്യര്‍ ആരെ വിശ്വസിക്കണം എന്ന് തീര്‍പ്പാക്കാന്‍ പോലും so called 'സര്‍വശക്തനായ' ദൈവത്തിനു കഴിഞ്ഞിട്ടില്ല. ഇനി ചെന്നിട്ടു കാണുന്നത് ബാല്‍ ദൈവത്തെ ആണെങ്കില്‍ ജീവിത കാലം മുഴുവന്‍ പള്ളിയിലും അമ്പലത്തിലും ഒക്കെ പോയ മറ്റു മതവിശ്വാസികള്‍ ആരായി?

ബദല്‍ സിസ്റ്റം എന്ന ആശയം കൊണ്ട് സത്യത്തില്‍ എന്താണ് ഉദ്ദേശിക്കുന്നത്? സ്വന്തം മതം വിട്ടു ഹിന്ദുമതത്തില്‍ /ഇസ്ലാമില്‍ / ബുദ്ധമതത്തില്‍ / ക്രൈസ്തവമതത്തില്‍ /വേറെ ഏതെങ്കിലും മതത്തില്‍  ചേരുകയാണെങ്കില്‍ ആ പദം അര്‍ത്ഥവത്താണ്. Its like dropping heroin addiction and getting addicted to hashish. മയക്കുമരുന്ന് തന്നെ വിട്ടു പുറത്തു വരാന്‍ ആണ് ഇവിടെ വിവക്ഷ. ഒരാള്‍ ധര്‍മിഷ്ഠന്‍ ആയിത്തീരാന്‍ മതം കൂടിയേ തീരൂ എന്നില്ല. Morality and ethics are not built on religion. We will come to this later.

ഞാന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്ത്‌ (ഉട്ടോപ്യ അല്ല, കേരളത്തില്‍ തന്നെ) ചില പ്രത്യേക സാഹചര്യങ്ങളാല്‍ ആരും തന്നെ മതത്തെ കുറിച്ച്, ജാതിയെ കുറിച്ച് തീരെ bothered ആയിരുന്നില്ല. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നായിരുന്നു എന്‍റെ വിദ്യാലയം. അവിടെ നിന്നും പുറത്തു വന്നവര്‍ മിക്കവാറും നല്ല നിലയില്‍ , മറ്റുള്ളവരെ മനുഷ്യരായി കണ്ടും അവരെ ആവും വിധം സഹായിച്ചും ഒക്കെ തന്നെയാണ് ജീവിക്കുന്നത്. (ഇത് വെറും വാക്കല്ല.) അത് കൊണ്ട് തന്നെ മതം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നല്ല രീതിയില്‍ (സാംസ്കാരികമായി) ജീവിക്കാന്‍ കഴിയില്ലെന്ന പരിപ്പ് എന്‍റെ ചട്ടിയില്‍ വേവില്ല. മനുഷ്യനെ വേര്‍തിരിക്കുന്ന മതത്തിന് ഒരു ബദലിന്‍റെയും ആവശ്യമില്ല തന്നെ.

ഇനി, ഫിയര്‍ ഓഫ് ഗോഡ് അഥവാ ദൈവഭയത്തിന്റെ കാര്യം. മിക്ക ചര്‍ച്ചകളിലും കയറി വരുന്നു എന്ന് നേരത്തെ സൂചിപ്പിച്ച മൂല്യങ്ങളും ദൈവവിശ്വാസവും തമ്മില്‍ സത്യത്തില്‍ ഒരു ബന്ധവുമില്ല. Ethics, and morality have a Darwinian advantage of acting as the basics for Human race's survival. ഈ മൂല്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യരാശി എന്നേ നശിച്ചു പോയേനെ. ഓരോരോ രാജ്യത്തും / പ്രദേശത്തും മൂല്യങ്ങള്‍ ഉണ്ടായത് survival of the fittest theory യുടെ അടിസ്ഥാനത്തിലാണ്. ആ പ്രദേശത്ത്‌ ഏറ്റവും might ആയ clan follow ചെയ്തിരുന്ന നിയമങ്ങള്‍ അങ്ങ് സ്വീകരിക്കപ്പെട്ടു. ഈ നിയമങ്ങള്‍ എല്ലായ്പ്പോഴും എല്ലാവരുടെയും ശരി ആയിരിക്കില്ല.

ഉദാഹരണത്തിന്, നരഭോജികളുടെ ശരി ഒരിക്കലും പരിഷ്കൃതലോകത്തിന് സ്വീകരിക്കാന്‍ പറ്റില്ല. (അത് കൊണ്ടാണ് അവര്‍ പരിഷ്കൃതര്‍ എന്നറിയപ്പെടുന്നത്.) എന്നാല്‍ ആധുനിക ലോകത്ത് പരക്കെ മറ്റൊരാളെ കൊല്ലുന്നത് / ദ്രോഹിക്കുന്നത് ശരിയല്ല എന്ന് മനുഷ്യന്‍ വിചാരിക്കുന്നു. കാരണം സാധാരണ മനുഷ്യന്‍ പുരാതനകാലം മുതല്‍ കമ്മ്യൂണ്‍ ആയി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന മീം (meme) കൊണ്ട് നടക്കുന്നു. ആ മീം ആണ് ഈ ഗുണം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ത്തുന്നത്. മനസ്സിലാക്കേണ്ട ഒരു കാര്യം, മനുഷ്യന് അവന്‍റെ എല്ലാ ഗുണങ്ങളും replicate ചെയ്യാന്‍ പറ്റില്ല; മീമിന് പറ്റും. പക്ഷെ മിക്ക മീമുകള്‍ക്കും അതിന്‍റെ സമാനമായ മീമുകള്‍ അടങ്ങുന്ന മീംപൂളില്‍ മാത്രമേ അതിന്‍റെ യഥാര്‍ത്ഥസ്വഭാവം പുറത്തെടുക്കാന്‍ പറ്റൂ. ആള്‍ട്ടര്‍നെയ്റ്റ് മീമുകളുടെ സാന്നിധ്യത്തില്‍ ചിലവയുടെ മീം പൂളിലെ ഫ്രീക്വന്‍സി തന്നെ മാറിയേക്കാം. Hence the simplest Darwinian explanation for human behaviour. ഒരു കമ്മ്യൂണില്‍ ചില മീമുകള്‍ പ്രകടമാവാനുള്ള സാധ്യത കൂടുതലാണ്. അതനുസരിച്ച് ഓരോ സമൂഹവും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ , മൂല്യങ്ങള്‍ പുലര്‍ത്തിയെക്കാം. ഇതിലേക്ക് കൂടുതല്‍ ആയി നമുക്ക് ചര്‍ച്ചക്കിടയില്‍ കടക്കാം.

ദൈവവിശ്വാസം കൊണ്ടുണ്ടായ ചില മൂല്യങ്ങള്‍ നമുക്ക് നോക്കാം: ഒരു ജനാധിപത്യ രാജ്യത്ത് 'ഒരിക്കലും തെളിയിക്കപ്പെടാത്ത' മതവിശ്വാസം 'തെളിവായി' എടുത്ത് കോടതി വിധിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്ന തരം മൂല്യങ്ങള്‍ പുലര്‍ത്തുന്നു. മറ്റൊരിടത്ത്, സ്ത്രീയെ ഉപഭോഗവസ്തു ആയിക്കണ്ട്, പുരുഷന്‍റെ ഞരമ്പ്‌ രോഗത്തെ ചികിത്സിക്കുന്നതിന് പകരം 'ചരക്കിനെ' മൂടിപ്പൊതിഞ്ഞു വെക്കുന്ന മൂല്യബോധം. സ്ത്രീ കാര്‍ ഓടിക്കാനോ ജോലി ചെയ്യാനോ പാടില്ലെന്നോ ഉള്ള മൂല്യബോധം. എന്തിന്, ഭക്ഷണ കാര്യത്തില്‍ പോലും might is right എന്ന രീതി ഫോളോ ചെയ്യുന്നു. പന്നിയെ തിന്നാം എന്ന് പറയുന്നവര്‍ , ഇല്ലെന്നു പറയുന്നവര്‍ . ഒരു രാജ്യത്ത് തന്നെ ഗോമാംസം ഭക്ഷിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനം; അത് പാപമായി കാണുന്നവര്‍ , അത് നിയമം മൂലം നിരോധിച്ച സംസ്ഥാനങ്ങള്‍ . അതാണ്‌ പറഞ്ഞത്, മനുഷ്യന്‍റെ മൂല്യങ്ങള്‍ ഒരിക്കലും കോമണ്‍ അല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥവും ഇല്ല.

അവസാനമായി 'ദൈവവിശ്വാസം നല്‍കുന്ന നഷ്ടങ്ങള്‍ എണ്ണിയെടുക്കുന്ന' നല്ല മനുഷ്യരോട് ഒരു വാക്ക് - വിശ്വാസം, ഭയം ആയിരിക്കരുത് ധാര്‍മികതയ്ക്ക് നിദാനം. മറ്റൊരു ലോകത്തില്‍ ഉണ്ടെന്നു ധരിച്ചു വെച്ചിരിക്കുന്ന സൌഭാഗ്യങ്ങളോ ശിക്ഷയോ മുന്നില്‍ കണ്ടുകൊണ്ട് ചെയ്യുന്ന നന്മ നന്മയല്ല- സ്വാര്‍ഥതയാണ്. (ഒന്നോര്‍ത്താല്‍ എല്ലാവരും സ്വാര്‍ത്ഥരാണ്. അത് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.)

ധാര്‍മികതയെ സംബന്ധിച്ച ലോജിക്കല്‍ ആയ വാദങ്ങള്‍ ഒരു പാട് ഡോ. മനോജ്‌ ബ്രൈറ്റിന്റെ "ധാര്‍മികതയ്ക്ക് ദൈവവിശ്വാസം വേണോ?" എന്ന പോസ്റ്റിലും മറ്റുമൊക്കെയായി നടന്നിട്ടുണ്ട്. ആവശ്യമുള്ളവര്‍ അതും കൂടി വായിക്കുക.

വാല്‍ : ഇനി ഇക്കൂട്ടത്തില്‍ പെടാത്ത ചിലര്‍ ഉണ്ട്. ദൈവം എന്ന അഭ്യൂഹത്തിന് ശാസ്ത്രീയമായി തെളിവുകള്‍ ഇല്ല എന്ന് പറയുമ്പോള്‍ , മതം എന്നതിന്റെ നേരെ ഓപ്പോസിറ്റ് ആയി ശാസ്ത്രത്തെ പ്രതിഷ്ടിക്കുന്നവര്‍ . ശാസ്ത്രം കൊണ്ട് മനുഷ്യരാശിക്ക് ഉണ്ടായിട്ടുള്ള / ഉണ്ടാവാന്‍ പോകുന്ന എന്തോ ഒരു മാരക വിപത്തിനെ കുറിച്ച് സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞ്, അതിനെ എതിര്‍ക്കുന്നവര്‍ . This is mere straw man shooting.  ഇക്കൂട്ടര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ശാസ്ത്രം നിങ്ങള്‍ക്ക് വേണ്ടി ഒരു പ്രോമിസും മുന്നോട്ടു വെക്കുന്നില്ല. സയന്‍സ് വെറുമൊരു ആശയസംഹിതയുമല്ല. എന്‍റെ അഭിപ്രായത്തില്‍ ശാസ്ത്രം മൂലം ഉണ്ടാവാന്‍ പോകുന്ന മാരക വിപത്ത് എന്ന് പറഞ്ഞ് ഒരു ത്രെഡ് തുടങ്ങുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. അല്ലാതെ മതത്തെയും ദൈവത്തെയും കുറിച്ചുള്ള ചര്‍ച്ചയില്‍ അല്ല ശാസ്ത്രത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കു വെക്കേണ്ടത്.

Wednesday 16 June, 2010

ദി ഡ്രീമേഴ്സ് - ഒരു ആസ്വാദനം


വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍ണാഡോ ബെര്‍തോലൂചിയുടെ  (Bernardo Bertolucci) അവസാനം ഇറങ്ങിയ സിനിമയാണ് "ദി ഡ്രീമേഴ്സ്". (The Dreamers, 2003 http://www.imdb.com/title/tt0309987/ ) ബെര്‍തോലൂച്ചിയുടെ മിക്ക സിനിമകളിലെയും പോലെ നഗ്നതയും സെക്സും പശ്ചാത്തല സംഗീതവും സ്പിരിച്വാലിറ്റിയും ഒക്കെ ചേര്‍ന്ന് മനോഹരമാക്കിയ ഒരു അഭ്രകാവ്യം. 60 കളിലെ യൂറോപ്യന്‍ അമേരിക്കന്‍ യുവത്വത്തിന്‍റെ ഒരു പരിച്ഛെദം എന്ന് പറയാം ഇതിനെ. അതിസുന്ദരിയായ ഇവാ ഗ്രീന്‍ (Eva Green) എന്ന യുവനടിയുടെ അഭിനയ സാധ്യതകള്‍ ശരിക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട് സംവിധായകന്‍. 

പാരീസില്‍ പഠിക്കാന്‍ എത്തുന്ന ഒരു അമേരിക്കന്‍ യുവാവിനെയും അയാള്‍ അവിടെ കണ്ടു മുട്ടുന്ന 2 സഹോദരീ സഹോദരന്‍മാരെയും ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. സംഭാഷണങ്ങള്‍ ഫ്രഞ്ച്- ഇംഗ്ലീഷ് ഭാഷകളില്‍. കഥയിലെ പ്രോട്ടഗോണിസ്റ്റ് മാത്യു ഒരു സിനിമാ കൊട്ടകയില്‍ വെച്ച് ഇരട്ടകളായ തിയോവിനെയും ഇസബെല്ലയെയും കണ്ടു മുട്ടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് അവരുടെ ക്ഷണം സ്വീകരിച്ച് മാത്യു അവരുടെ വീട്ടിലേക്കു താമസം മാറുന്നു. ഇസബെല്ല ഇതിനിടയില്‍ തന്നെ മാത്യുവിന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ തിയോയും ഇസബെല്ലയും ഒരു മുറിയിലാണ് അന്തിയുറങ്ങുന്നതെന്ന് മനസ്സിലായപ്പോള്‍ അവരുടെ കിടപ്പ് മുറിയില്‍ ഒളിഞ്ഞു നോക്കുന്നുമുണ്ട് അയാള്‍. അവിടെ സഹോദരങ്ങള്‍ പൂര്‍ണനഗ്നരായി കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നതാണ് അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്. വളരെ കയ്യടക്കത്തോടെ ചിത്രീകരിച്ച ഈ രംഗം എടുത്തു നില്‍ക്കുന്ന ഒന്നാണ്. ഇതിനിടയില്‍ ഇവരുടെ മാതാപിതാക്കള്‍ ഒരാവശ്യത്തിനായി നഗരം വിട്ടു പോകുന്നതോടെയാണ് ദി ഡ്രീമേഴ്സിന്‍റെ കഥാതന്തു വികാസം പ്രാപിക്കുന്നത്. അന്നത്തെ കലാപകലുഷിതമായ അന്തരീക്ഷം, വിപ്ലവം തലയ്ക്കു പിടിച്ച യുവത്വം (68-ലെ വിദ്യാര്‍ഥി വിപ്ലവം ആണ് പ്രതിപാദ്യം), അമേരിക്കന്‍ -ഫ്രഞ്ച് (capitalism - communism) ചിന്താധാരകളിലെ അന്തരം, അരാജകത്വം, ബാഹ്യലോകത്ത് നിന്നുള്ള ഒറ്റപ്പെടല്‍, തുറന്ന ലൈംഗികത, ധൂര്‍ത്ത്, അതിനു ശേഷമുള്ള പട്ടിണി എന്നിവയൊക്കെ ഒത്തു ചേര്‍ന്ന ഒരു unreal ആയ ലോകത്തിലാണ് ഡ്രീമേഴ്സ് ജീവിക്കുന്നത്. മൂവരും ക്ലാസ്സിക്‌ സിനിമകളില്‍ ഏറെ താത്പര്യം ഉള്ളവരാണ് - പലയിടത്തും സംഭാഷണങ്ങളില്‍ അവ കടന്നു വരുന്നു. 

മാത്യുവിനോട് ഇസബെല്ലയെ പ്രാപിക്കാന്‍ തിയോ ആവശ്യപ്പെടുന്ന രംഗം ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ ഒന്നാണ്. നിസംഗനായി നിന്ന് ഓംലെറ്റ് പാചകം ചെയ്തു കൊണ്ട് സഹോദരിയുടെയും കൂട്ടുകാരന്റെയും വേഴ്ചയെ വികാരരഹിതമായി വീക്ഷിക്കുന്ന തിയോ തന്നെ ഇതിന്‍റെ ഹൈലൈറ്റ്. വേഴ്ചയുടെ അവസാനം ഒരു നേരിയ ഞെട്ടലോടെ മാത്യു മനസ്സിലാക്കുന്നു, ഇസബെല്ല ഒരു കന്യകയായിരുന്നെന്ന്. 

ഈ സിനിമയിലെ ഏറ്റവും കലാമൂല്യമുള്ള ദൃശ്യം; ഞാന്‍ അഭ്രപാളിയില്‍ (ലാപ്ടോപ് സ്ക്രീന്‍ :)) ഇന്നേ വരെ ദര്‍ശിച്ചതില്‍ വെച്ച് അങ്ങേയറ്റം സുന്ദരമായ ഒരു വിഷ്വല്‍  കടന്നു വരുന്നത്; ഇസബെല്ല വീനസ് ഡി മിലോ (http://en.wikipedia.org/wiki/Venus_de_Milo) പ്രതിമയുടെ രൂപത്തില്‍ മാത്യുവിനെ വിസ്മയിപ്പിക്കുന്ന രംഗത്തിലാണ്. അര്‍ദ്ധ നഗ്നയായ ഇവാ ഗ്രീന്‍ കറുത്ത, നീണ്ട കയ്യുറകള്‍ ഇട്ട് കറുത്ത ബാക്ക്ഗ്രൗണ്ടില്‍ നിശ്ചലയായി നില്‍ക്കുന്ന കാഴ്ച ഒരു ആസ്വാദകന്റെ മനസ്സില്‍ ഏറെ കാലം തങ്ങി നില്‍ക്കും. സംവിധായകനും, ച്ഛായാഗ്രാഹകനും മുതല്‍ ലൈറ്റ്സ് ബോയ്‌ വരെ ഒത്തൊരുമിച്ച് അങ്ങേയറ്റം പെര്‍ഫെക്റ്റ്‌ ആക്കിയ ഈ ദൃശ്യത്തിന്റെ പേരിലായിരിക്കും ഈ സിനിമ ഏറെയും അറിയപ്പെടുന്നത്. 

ഇതിനിടയില്‍ മൂന്നു പേരും നഗ്നരായി നടക്കുന്നതും ബാത്ത് ടബ്ബില്‍ കുളിക്കുന്നതുമൊക്കെ കാണിക്കുന്നുവെങ്കിലും വിപ്ലവത്തിന്റെ കാര്യം വരുമ്പോള്‍ ഇരട്ടകള്‍ ഒരു വശത്തും, മാത്യുവിന്‍റെ അമേരിക്കന്‍ ചിന്താഗതി മറുവശത്തുമാണ്. ഇതിനിടെ ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ താഴെ തെരുവിലെ ചവറ്റു കൊട്ടയില്‍ വരെ പെറുക്കുന്ന തിയോവിന്‍റെ കാഴ്ച ഒരല്പം ഹാസ്യം ഉണര്‍ത്തുന്നു. നഗ്നരായി കിടന്നുറങ്ങുന്ന മൂവരെയും തിരിച്ചെത്തുന്ന മാതാപിതാക്കള്‍ കാണുന്നതാണ് ഞെട്ടലും ചിരിയും ഉളവാക്കുന്ന മറ്റൊരു രംഗം. സ്തബ്ധരായ അവര്‍ മേശയില്‍ പണം വെച്ച് പുറത്തേക്ക് പോവുകയും ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അത് കാണുന്ന ഇസബെല്ലക്ക് കാര്യം പിടി കിട്ടുകയും ചെയ്യുന്നു. അഭിമാനക്ഷതത്താല്‍ വിങ്ങുന്ന അവള്‍ ഗ്യാസ് പൈപ്പ് ഉപയോഗിച്ച് സ്വയം മരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് തെരുവിലെ വിപ്ലവകാരികളുടെ ശബ്ദം കേട്ട് ആണ്‍കുട്ടികള്‍ എഴുന്നേല്‍ക്കുന്നത്‌. ഇരട്ടകള്‍ അവരോടൊപ്പം ചേരാന്‍ മാത്യുവിനെ നിര്‍ബന്ധിക്കുന്നെങ്കിലും അവന്‍ അത് നിരസിക്കുന്നു. ഒടുവില്‍ സഹോദരങ്ങള്‍ കലാപകാരികളുടെ കൂടെ ചേര്‍ന്ന് പോലീസിനെ ആക്രമിക്കുന്നിടത്താണ് ഡ്രീമേഴ്സ് അവസാനിക്കുന്നത്. 

സിനിമ എന്ന നിലയില്‍ ഒരു വലിയ വിജയം ഒന്നുമല്ലെങ്കിലും മനോഹരങ്ങളായ ദൃശ്യങ്ങളുടെ പേരില്‍ ഓര്‍ത്ത്‌ വെക്കേണ്ട ഒരു ചിത്രം. ഒരു പരിചിത പ്രമേയത്തിന് വളരെ വ്യത്യസ്തമായ ഒരു മുഖം നല്‍കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്. മൈക്കല്‍ പിറ്റും ലൂയിസ് ഗാരലും താന്താങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. എന്നാല്‍ നേരത്തെ പറഞ്ഞത് പോലെ ഇവാ ഗ്രീന്‍ എന്ന നടിയാണ് ഇതിന്‍റെ കേന്ദ്രബിന്ദു (cynosure). ഏറെക്കാലം മനസ്സില്‍ തങ്ങിനില്‍ക്കും ഇന്‍സെസ്റ്റ് എന്നത് പുറം പ്രതലത്തില്‍ വരാതെ തന്നെ അതിനെ ഹാന്ഡില്‍ ചെയ്ത ബര്‍തോലൂചിയുടെ ഈ ക്ലാസ്സിക്‌. 

കടപ്പാട്: വായിച്ചു നോക്കി ആവശ്യമായ തിരുത്തലുകള്‍ നടത്തിത്തന്ന ദേവദാസ്.

Sunday 28 February, 2010

ഒരു ഫാനിന്റെ ഒടുക്കത്തെ കത്ത്..!

         
ശംഭോ മഹാദേവ!
ദൈവങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ആരാധിക്കുന്ന മാലോലേട്ടന്,

കഴിഞ്ഞ കുറെ ദിവസം ആയി ലോലേട്ടന് നേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളില്‍ മനം നൊന്തല്ല ഈ കത്തെഴുതുന്നത്. മറിച്ച്, ഈ പ്രശ്നത്തിന്റെ പേരില്‍ എന്നെ പുറത്താക്കിയ എന്റെ വീട്ടുകാരുടെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാനാണ്. ലോലേട്ടന്റെ ഫാന്‍ ആയി എന്ന ഒറ്റക്കാരണം കൊണ്ട് എന്നെ പുറത്താക്കിയ എന്റെ വീട്ടുകാരോട് ദൈവം ചോദിക്കും. ശംഭോ മഹാദേവ!

എന്നാലും ലോലേട്ടന്‍ ഞങ്ങളോട് ഇത്രയും വലിയ ചതി ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇന്നലെ വരെ കണ്ടാല്‍ മിണ്ടാതിരുന്ന മെഗാ ഫാന്‍സ്‌ ആ അന്‍സാറും അവന്റെ അനിയന്‍ ഹിമാറും ഇന്ന് എന്നോട് ചങ്ങാതീ വീട്ടീന്ന് പുറത്താക്കിയല്ലേ എന്നു ചോദിച്ചു. പോരാത്തതിന് അവന്റെ ഉപ്പയുടെ കടയില്‍ ജോലി കൊടുക്കാമെന്നും പറഞ്ഞ്. നല്ല ഒന്നാന്തരം നായര്‍ തറവാട്ടില്‍ പിറന്ന ഞാന്‍ ഇതെങ്ങനെ സഹിക്കും? കഴിഞ്ഞ കൊല്ലം മൊയതൂട്ടിയുടെ ബ്ലഡി ഫൂള്‍, ഈ ഗ്രാമത്തില്‍ പിശാച് എന്നീ പടങ്ങള്‍ ആദ്യ ദിവസം ആലപ്പുഴ വീരയ്യാ തിയേറ്ററില്‍ പോയി കണ്ട് കൂവിയതിനു ശേഷം അവന്മാരുമായി മുട്ടന്‍ തല്ലുണ്ടായി പോലീസ് സ്റ്റേഷനില്‍ കേറിയ ഞങ്ങളെ നമ്മുടെ ഭാഗ്യ നിര്‍മാതാവ് സ്ക്രൂഡ്രൈവര്‍ കരുണാകരന്‍ പെരുമ്പടപ്പ്‌ ഇറക്കിയ കഥ അങ്ങേക്കും അറിവുള്ളതാണല്ലോ. 

എന്തൊക്കെയായിരുന്നു. ആ സുദീപിന്റെ ദോശ രാഘവന്‍, ഫോക്സ് തുടങ്ങി ഇപ്പോഴത്തെ ആ  തൊല്ല രാജുവിന്റെ ഐസ് ക്രീം വരെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിച്ച് അടി വാങ്ങിയ ഞങ്ങളോട് ഇതു വേണ്ടായിരുന്നു. അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ തന്ന കാശ് കൊണ്ട് വരെ അങ്ങേക്ക് വേണ്ടി ഞങ്ങള്‍ രംഗത്തിറങ്ങിയില്ലേ? പിന്നെ ഫാന്‍സ്‌ അസോസിയേഷന്‍ വക ആതുര സേവനം എന്ന പേരില്‍ കാശ് പിരിച്ചാണ് ഞാന്‍ ആ കോട്ടം തീര്‍ത്തത്. (കുറ്റം പറയരുതല്ലോ. അങ്ങയെപ്പോലെ വൈകിട്ടെന്താ പരിപാടി എന്നു ഒരാഴ്ച ചങ്ങാതിമാരോട് ചോദിക്കാനും പറ്റി.) പോരാത്തതിന് എത്ര എസ് എം എസ്സുകള്‍, എത്ര ഇന്റര്‍നെറ്റ്‌ റിവ്യൂകള്‍ ഞങ്ങള്‍ സൃഷ്ടിച്ചു. ഒരിക്കല്‍ അങ്ങയുടെ ഷിജു വൈകുണ്ഠം പടം 'ചുവന്ന മുളകുകള്‍'ക്കെതിരെ എസ് എം എസ് അയച്ച ബിജുവിനെ തല്ലാന്‍ പോയതിനു പോലീസുകാരില്‍ നിന്നും കിട്ടിയ അടിയുടെ പാട് ഇന്നും എന്റെ മുഖത്തുണ്ട്‌. അങ്ങേക്ക് മനോവിഷമം ഉണ്ടാകും എന്നറിയാം. എങ്കിലും ആ തന്തയില്ലാത്തവന്‍ അയച്ച എസ് എം എസ് എന്താണെന്നറിഞ്ഞാല്‍ മാലോലന്‍ സാര്‍ ഞങ്ങളെ അഭിനന്ദിക്കുകയെ ഉള്ളൂ:

"കേരളത്തില്‍ കൂട്ട ആത്മഹത്യ. ഇന്നലെ ചെറായി ബീച്ചില്‍ ഒരു കുടുംബത്തിലെ 5 പേര്‍ വിഷം കഴിച്ചു മരിച്ചതായി കണ്ടെത്തി. കോഴിക്കോട്ടെ ഒരു വനിതാ കോളേജ് ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ചു. കോട്ടയത്ത് ട്രെയിനിനു തല വെച്ച് 3 യുവാക്കള്‍ ആത്മഹത്യ ചെയ്തു. മരണകാരണം വ്യക്തമല്ല. പക്ഷേ എല്ലാവരുടെയും പക്കല്‍ ചുവന്ന മുളകിന്റെ ടിക്കെറ്റുകള്‍ കണ്ടെത്തിയിരിക്കുന്നു." ഇനി പറയൂ: അവനെ ഒക്കെ അടിച്ചാല്‍ മതിയോ? ഈശ്വരാ, എന്റെ വീട്ടുകാരോട് പൊറുക്കണേ.. ശംഭോ മഹാദേവ!

എന്നെ മൊയ്തൂട്ടി ഫാന്‍സ്‌ പോലീസില്‍ പിടിപ്പിച്ചതിനു പകരം സ്വന്തമായി ഒരു എസ് എം എസ് സൃഷ്ടിച്ചു ഞാനും അയച്ചു...

"സ്വന്തം കാറില്‍ ഡ്രൈവറെ പിന്നിലിരുത്തി ഓടിച്ചു പോകുന്ന മൊയ്തൂട്ടി: 
എന്താടോ ആ കരുണാകരന്‍ പെരുമ്പടപ്പിനെ പോലെ തനിക്കും നിര്‍മിച്ചു കൂടെ ഒരു സിനിമ?
അപ്പോള്‍ ഡ്രൈവര്‍: ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാര്‍; പക്ഷേ മാലോലന്‍ സാറിന്റെ ഡേറ്റ് കിട്ടണ്ടേ?"

ദൈവം തമ്പുരാന്‍ അറിഞ്ഞു ശിക്ഷിക്കട്ടെ എന്റെ അച്ഛനെ... ശംഭോ മഹാദേവ!

ഇപ്പോഴും പറയുന്നു, അങ്ങയുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ ഞങ്ങള്‍ എന്തെല്ലാം ചെയ്തു? ഇവിടെ നിന്നു കൊച്ചിയിലും ആലുവയിലും പോയാണ് ഒരേ ദിവസം ഞാന്‍ റെക്കോര്‍ഡ്‌ സമയത്തില്‍ തീര്‍ത്ത അങ്ങയുടെ "ഈശ്വരന്‍" കണ്ടത്. ആലപ്പുഴയില്‍ ഡിജിറ്റല്‍ പ്രദര്‍ശനം ആയതിനാല്‍ ഫിലിം പെട്ടി എഴുന്നള്ളിക്കുന്നതിനും പാലഭിഷേകം, പുഷ്പാര്‍ച്ചന, മാല പടക്കം പൊട്ടിക്കല്‍ മുതലായവ നടത്തുന്നതിനും ആണ് ഇവിടെ നിന്നും ക്വാളിസ് ബുക്ക്‌ ചെയ്ത് എറണാകുളം വരെ ഞങ്ങള്‍ പോയത്. 17 മണിക്കൂര്‍ സമയത്തില്‍ തീര്‍ത്ത "ഈശ്വരന്‍" കാണാന്‍ ഇവിടത്തെ ഈശ്വര വിശ്വാസികള്‍ പോലും വരാത്തതിലും 17 ഷോ പോലും തികച്ചോടാത്തതിലും ലോലെട്ടനെപ്പോലെ ഞങ്ങള്‍ക്കും വിഷമം ഉണ്ട്. അത് പോലെ അങ്ങയുടെ എലി ഭായ്, കാട്ടുരാജാവ്, ഹോസ്റ്റല്‍ കുമാരന്‍, മാലാഖ യോഹന്നാന്‍ തുടങ്ങി എത്ര പടങ്ങള്‍ ഹോസ്റ്റലുകളില്‍ ടിക്കറ്റ്‌ കൊടുത്തു ആളെ നിറച്ചിട്ടുണ്ടെന്നറിയുമോ. കഴിഞ്ഞ കൊല്ലത്തെ അനുഗ്രഹന്റെ പരീക്ഷണ ചിത്രം  "ഭ്രാന്ത്" എന്ന പടം ഒന്നും മനസ്സിലാകാഞ്ഞിട്ടും 7 തവണ കണ്ടവനാണ് ഈ ഞാന്‍.

ഈ പറയുന്ന ബാലഗംഗാധരന്‍ എന്നയാളുടെ പ്രശ്നത്തില്‍ കുറെ പിള്ളാര്‍ കേറി അങ്ങയുടെ നായര്‍ ബ്രദേഴ്സിന്റെ സെറ്റില്‍ കേറി അലമ്പുണ്ടാക്കിയെന്ന്‍ അറിഞ്ഞു അവിടെയും ഇടപെടാന്‍ ഇറങ്ങിയതാണ് ഞങ്ങള്‍. പക്ഷേ പള്ളുരുത്തിക്കാരാണെന്നറിഞ്ഞപ്പോള്‍ പിന്നെ പോയില്ല. പേടിച്ചിട്ടൊന്നുമല്ല കേട്ടോ. ആലപ്പുഴയില്‍ നിന്നും പള്ളുരുത്തിയിലേക്കുള്ള ദൂരം ആലോചിച്ചിട്ടാ. നല്ല തല്ലു നാട്ടില്‍ കിട്ടുമല്ലോ എന്നു ചോദിച്ച് ആ അന്‍സാര്‍ എന്നെ കളിയാക്കിയത് മറന്നിട്ടില്ല ഇപ്പോഴും. എന്റെ വീട്ടുകാരോട് "മോനെ സുഗേശാ, ആരാ ഈ തെമ്മാടിത്തരമൊക്കെ കാണിച്ചത് " എന്നു ചോദിക്കാന്‍ ഇവിടെ ആരും ഇല്ലേ? ശംഭോ മഹാദേവ!

ബാലന്‍ പ്രശ്നം മൊയ്തൂട്ടിക്ക ഉണ്ടാക്കിയതാണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ലോലേട്ടന്റെ പടത്തില്‍ ആരെ വേണം ആരെ വേണ്ട എന്നു തീരുമാനിക്കേണ്ടത് ലോലേട്ടനല്ലേ? ആ അപമാനം  തീര്‍ന്നില്ല, അപ്പോഴേക്ക് മോയതൂട്ടിയെ പിന്താങ്ങി അങ്ങയുടെ പത്രസമ്മേളനം. അതിന്റ ചൂടാറുന്നതിനു മുന്‍പെ അഴുതക്കോടന്‍ സാര്‍ അങ്ങയെ വിമര്‍ശിച്ചു കൊണ്ട് ഒരു സമ്മേളനം നടത്തിയപ്പോഴാണ് ഞങ്ങള്‍ക്കൊരു ഉഷാര്‍ ഒക്കെ വന്നത്. പെങ്ങളുടെ ഫീസ്‌ അടക്കാന്‍ വെച്ച കാശ് കൊടുത്തിട്ടാണ് ആ ഡെന്നിസിനെക്കൊണ്ട് ഇന്റര്‍നെറ്റില്‍ അയാളെ കഴുതക്കോടന്‍ ആക്കിയത്. പോരാത്തതിന് അന്ന് തന്നെ കോലവും കത്തിച്ചു. പോകുന്ന വഴിക്ക് ചുമ്മാ അരിശം തീര്‍ക്കാന്‍ കലക്ടറുടെ ബംഗ്ലാവിനു കല്ലും എറിഞ്ഞു. ശംഭോ മഹാദേവ!

ആ പ്രശ്നം കഴിഞ്ഞ് വീട്ടില്‍ കേറാന്‍ നോക്കിയപ്പോള്‍ ആണ് ആ എഎസ്ഐ കുട്ടപ്പന്‍ നായര്‍ ഞങ്ങളെ പിടിച്ചത്. ഫീസ്‌ അടക്കാന്‍ വെച്ച കാശ് കട്ടെടുത്തു എന്നും പറഞ്ഞ് എന്നെ സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ വരാതിരുന്ന എന്റെ അമ്മേടെ ....രുണ്ടല്ലോ.. ആ മനുഷ്യനെ ഇനി എനിക്കു കാണേണ്ട. ചോറ് തരുന്നതല്ലേ എന്നു വിചാരിച്ച് പിന്നെയും ആ വീട്ടില്‍ ചെന്നപ്പോള്‍ എന്നെ ചകിരി തല്ലുന്ന മട്ടലെടുത്തു പുറത്തടിച്ചു ആ  കാലമാടന്‍. പോലീസുകാരുടെ ഇടി ഞാന്‍ സഹിച്ചു. പക്ഷേ ഇത്, അങ്ങയുടെ സ്ഫുടനത്തിലെ തോടാമയെ ബാലഗംഗാധാരന്റെ മത്തായി മാഷ്‌ ചെയ്തത് പോലായിപ്പോയി. അന്ന് ഇടപെട്ട കൊടുമുടി നാണുവിനെപ്പോലെ തടുക്കാന്‍ വന്നതായിരുന്നു അയലത്തെ അശോകന്‍ കൊച്ചാട്ടന്‍. ആ മനുഷ്യന്റെ മുന്നില്‍ വെച്ച് എന്റെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അങ്ങ് ഒരു സിനിമയിലും കേട്ടിട്ടുണ്ടാകില്ല. അയാളോട് ദൈവം ചോദിക്കില്ലേ? ശംഭോ മഹാദേവ!

ഇതൊക്കെ ഞാന്‍ സഹിക്കും. പക്ഷേ മോയ്തൂട്ടിക്കയെ പിന്താങ്ങിക്കൊണ്ട് ലോലേട്ടന്‍ ഇറങ്ങിയതിനു ശേഷം ഞങ്ങള്‍ ഇനി എന്ത് എന്നറിയാതെ മഹാബലിപുരം ബസ്‌റൂട്ട് നോക്കി നില്‍പ്പാണ്. വിന്റെര്‍ ഇന്‍ ജറുസലേം എന്ന ചിത്രത്തിലെ അങ്ങയുടെ നീലോല്പലന്റെ പോലെ ഒരു വിഷമസന്ധിയിലാണ് ഞാന്‍. ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കെട്ടി കളിക്കരുത് എന്നു പറഞ്ഞ അതേ നാവ് കൊണ്ട് അന്‍സാറിനോട് ആ ജോലി തരാന്‍ ഞാന്‍ എങ്ങനെ പറയും? അവനെ കളര്‍കോടുള്ള  ജെസ്സിയെ ലൈന്‍ അടിച്ചതിനു ലവ് ജിഹാദ് എന്നും പറഞ്ഞ് തല്ലാന്‍ ആളെ വിട്ടത് ഞാന്‍ ആണെന്ന് അവന്‍ എങ്ങാനും അറിഞ്ഞാല്‍? നമ്മുടെ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പോലും എന്നെ കൈവിട്ട സ്ഥിതിക്ക് അങ്ങ് മാത്രമേ എനിക്കൊരു രക്ഷ ഉള്ളൂ... എത്രയും പെട്ടെന്ന് നായര്‍ ബ്രദേഴ്സിന്റെ സ്ക്രിപ്റ്റ് അങ്ങേക്കായി തിരുത്തുന്ന ജോലി എന്നെ ഏല്‍പ്പിക്കണമെന്നു ബോധിപ്പിച്ചു കൊണ്ട്,

രഞ്ജിത്ത് നായര്‍,
സെക്രട്ടറി,
മാലോലന്‍ ഫാന്‍സ്‌ അസോസിയേഷന്‍,
ആലപ്പുഴ.

Tuesday 26 January, 2010

മേരാ ഭാരത്‌ മഹാന്‍... കോപ്പ്!

തലക്കെട്ട്‌ വായിച്ചിട്ട് ആരും രോഷം കൊള്ളേണ്ട... മന:പൂര്‍വ്വം ഒരു വിവാദം സൃഷ്ടിക്കുകയല്ല ചെറിയുടെ ഉദ്ദേശം. റിപ്പബ്ലിക് ഡേ പ്രമാണിച്ച് കിട്ടിയ അസംഖ്യം മെയിലുകളില്‍ ഒന്നാണ് ഈ പോസ്റ്റിനു ആധാരം. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

Let us re-dedicate ourselves for the health and wealth of our mother INDIA.
No great nation other than india .

31 states,
1618 languages,
6400 castes,
6 religion,
6 ethnic groups,
29 major festivals and 1 country!
Be proud to be an INDIAN...!.

A Hindu president
A Muslim vice president
A Sikh prime minister
A Christian defense minister
Mera Bharat Mahan!


ഇത് വായിച്ചിട്ട് നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ ബൂലോഗരെ? അപ്പോള്‍ എന്നാണ് നമുക്കൊരു ഇന്ത്യക്കാരനെ ഭരണാധികാരി ആയി കിട്ടുക? എപ്പോഴും ഈ റേഷ്യോ ശരിയാക്കി വെച്ച്, എല്ലാ മതക്കാരെയും പ്രീതിപ്പെടുത്തണം എന്നാണോ?

ഉടനെ മനസ്സില്‍ ഓടിയെത്തിയ മറ്റൊരു സംശയം, എന്തേ നമ്മുടെ ഭരണകക്ഷി തലൈവി മാഡത്തിനെ ഉള്‍പ്പെടുത്താത്തത്  എന്നാണു. ഈ പറയുന്ന എല്ലാരേക്കാളും വലിയ അധികാര കേന്ദ്രം അവരാണല്ലോ. ഓ അപ്പോള്‍ അനുപാതം തെറ്റുമല്ലോ അല്ലേ? പണ്ടൊക്കെ അമേരിക്കയെ കുറിച്ചു പറഞ്ഞു കേട്ട ഒരു ആക്ഷേപം,  അവിടെ പ്രസിഡന്റ്‌ ആകണമെങ്കില്‍ WASP Male (White Anglo-Saxon Protestant Male), -ആണ്‍ കടന്നല്‍ എന്നു പച്ച മലയാളം- ആയാലേ ഒക്കൂ എന്നാണു. ഇപ്പൊ ഒബാമേട്ടന്‍ വന്നതോടെ ആ  രാജ്യത്ത് പോലും ജാതി മത വര്‍ണ ചിന്തകള്‍ക്കതീതമായ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതായി കാണാം. അപ്പോഴാണ്‌ ബ്രിട്ടീഷ്‌ തലച്ചോറുകളുടെ "വിഭജിച്ചു ഭരിക്കല്‍" എന്ന ആശയത്തെ കൂട്ടു പിടിച്ചു രാജ്യത്തെ ഒരു 60-70 കൊല്ലം പുറകിലോട്ടടിക്കാന്‍ പുതിയ ചില പങ്കു പറ്റല്‍ വാദികള്‍ ഇറങ്ങിയിരിക്കുന്നത്.

ഏതു തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഭരണകക്ഷിയോടു "അത് ഞമ്മളാ" എന്നു പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ രംഗത്തെത്തും. വോട്ട് എണ്ണുന്ന ദിവസം വരെ സമദൂരം പറയുന്നവര്‍ ഫലം വന്നാല്‍ സ്വന്തക്കാരെ മന്ത്രിയാക്കാന്‍ വിലപേശലിനിറങ്ങും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് സാധാരണ ജനം കൊടുത്ത ഷോക്ക്‌ ട്രീറ്റ്മെന്റിനു യു ഡി എഫിനോട് പലരും അവകാശം പറയുന്നത് കണ്ടു മനസ്സ് മടുത്ത ഒരാളാണ് ചെറി. ഇത് പോലെ ഒരു വൃത്തികെട്ട കളി കളിച്ചതിനു ഇടതിന് ജനങ്ങള്‍ കൊടുത്ത ശിക്ഷ ആണത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ വൃത്തികെട്ടവന്മാരുടെ വാക്ക് കേട്ടിട്ടാണോ നിങ്ങളാരെങ്കിലും വോട്ട് ചെയ്യുന്നത്? ആ കണക്കിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പുട്ടു പോലെ ഇവിടെ ജയിച്ചു കേറെണ്ടതായിരുന്നു . ചുരുങ്ങിയത് മദ്ധ്യ കേരളത്തിലും മലപ്പുറത്തും കാസര്‍ഗോട്ടും എങ്കിലും. വീണ്ടും ചോദിച്ചു പോവുകയാണ്, ജാതി മതങ്ങള്‍ക്കതീതമായി ഒരു ഭരണാധികാരിയെ കിട്ടാന്‍ നമുക്ക് യോഗ്യത ഇല്ലേ?

ഏതായാലും ഉടനെ തന്നെ ചെറി റിപ്ലൈ ചെയ്തു. ഇങ്ങനെ:

Well, isn't there any Indian who is ruling us?? How can we say our country is great as long as we don't see ourselves as Indians instead of Hindu, Muslim, Sikh and Christian?

 My friends, I believe that is the best thing we can do for the nation on its 60th Republic Day. 

വ്യത്യസ്ത നിറങ്ങള്‍ മന:പൂര്‍വ്വം ചേര്‍ത്തതാണ്. ഈ ദേഷ്യത്തിന് ചിത്രകാരന്റെ ബ്ലോഗില്‍ പോയി മതത്തെ കുറിച്ചു ഉദ്ഘോഷിച്ചിരുന്ന ഏതോ ഒരു പാവത്തിനെ കുറെ പള്ളും പറഞ്ഞു ചെറി. അത് കൊണ്ടരിശം തീരാഞ്ഞവന- പുരയുടെ ചുറ്റും എന്ന കണക്കിന് ഇതാ ഇവിടെ ബ്ലോഗിലും പോസ്റ്റുന്നു.

വാല്‍: മുകളില്‍ പറഞ്ഞ ആരെയെങ്കിലും നേരിട്ട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരുന്നോ? ജനവിധി നേരിട്ട് അധികാരത്തില്‍ കയറിയ  ആരുണ്ട്‌ ഈ ലിസ്റ്റില്‍? എന്തൊക്കെ പറഞ്ഞാലും അമേരിക്കക്കാരന് സ്വന്തം പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തത്വത്തില്‍ എങ്കിലും പറ്റും. മേരാ ഭാരത്‌ മഹാന്‍..!!

Monday 25 January, 2010

തേങ്ങാക്കൊല!

എന്നും രാവിലെ ബോസ്സിന്റെ കോണ്‍ കോള്‍ തുടങ്ങുന്നതിനു മുന്‍പ് മനസ്സില്‍ ഓടിയെത്തുന്ന ഒരു പഴവര്‍ഗം...


(ആശയത്തിന് കടപ്പാട്: പ്രിതിഷ് ജി എസ് അഥവാ പുട്ടുറുമീസ് , തിരോന്തരം )

അഭിനന്ദനങ്ങള്‍!


 
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് കൈവരിച്ച ഒരു അപൂര്‍വ നേട്ടമാണ് ഈ പോസ്റ്റിനാധാരം. ടെസ്റ്റ്‌ ക്രിക്കെറ്റില്‍ ഏറ്റവും അധികം സെഞ്ച്വറി കൂട്ടുകെട്ടുകള്‍ (17 )ഉണ്ടാക്കിയ സഖ്യം ഇന്ന് നമ്മുടെ സ്വന്തം സച്ചിന്‍-ദ്രാവിഡ്‌ ജോഡി ആണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവര്‍ നേടിയ 16 സെഞ്ച്വറി കൂട്ടുകെട്ടുകളുടെ റെക്കോര്‍ഡ്‌ ആണ് പഴങ്കഥ ആയത്. (അവലംബം: cricinfo.com )ഇന്ന് കളിച്ചു കൊണ്ടിരിക്കുന്നവരില്‍ ഈ നേട്ടത്തിന് ഏറ്റവും അടുത്തുള്ളത് മറ്റൊരു ഇന്ത്യന്‍ സഖ്യം തന്നെ: ദ്രാവിഡ്‌- ലക്ഷ്മണ്‍ സഖ്യം (11 സെഞ്ച്വറി കൂട്ടുകെട്ടുകള്‍). ഒപ്പം തന്നെ ജയവര്‍ധനെ-സംഗക്കാര (ശ്രീലങ്ക) എന്നിവരുമുണ്ട്. തൊട്ടു പിന്നാലെ ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്-ആന്‍ഡ്ര്യൂ സ്ട്രോസ് (10), ദ്രാവിഡ്‌-സെവാഗ് (ഇന്ത്യ ), ജയവര്‍ധനെ-സമരവീരെ (ശ്രീലങ്ക), മൊഹമ്മദ് യൂസുഫ് - യൂനിസ് ഖാന്‍ (പാക്കിസ്ഥാന്‍) എന്നിവര്‍ 9 വീതവും സെഞ്ച്വറികളുമായി കളി തുടരുന്നു.


 ചുരുക്കി പറഞ്ഞാല്‍ അടുത്ത കാലത്തൊന്നും ഈ റെക്കോര്‍ഡ്‌ തകരാന്‍ പോകുന്നില്ല എന്നര്‍ത്ഥം. സച്ചിനും ദ്രാവിഡിനും അഭിനന്ദനങ്ങള്‍ നേരാന്‍ ബൂലോഗരോട് ആഹ്വാനം ചെയ്യുകയാണ്.

ഡിസ്സ്ക്ലയിമര്‍: ഈ പോസ്റ്റ്‌ cricinfo.com കൊടുത്തിട്ടുള്ള പട്ടിക അനുസരിച്ചുള്ളതാണ്. അവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.
 വാല്‍ക്കഷണം: ഇതേ ഇന്നിങ്ങ്സില്‍, 65.2 ഓവര്‍ പിന്നിട്ടപ്പോള്‍ സച്ചിന്‍ നേടിയ മൊത്തം റണ്‍സ് 13161-ഉം,  ദ്രാവിഡ്‌ നേടിയത് 11361-ഉം ആയിരുന്നു. വെറും numerological coincidence, അല്ലേ?

ബില്‍ ഗേറ്റ്സും ഞാനും പിന്നെ 700 കോടിയും

വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആദ്യ ഡോട്കോം ബബിള്‍ അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന കാലത്ത് കേട്ട ഒരു രസകരമായ കഥയുണ്ട്. വാഷിങ്ങ്ടനിലെ ഒരു തൂപ്പുജോലിക്കാരന്‍ മൈക്രോസോഫ്റ്റില്‍ ജോലി തേടി എത്തുന്നു. അവിടെ റിസെപ്ഷനില്‍ വെച്ചു ഒരു ഫോം പൂരിപ്പിക്കാനായി അദ്ദേഹത്തിനു കൊടുത്തു. ഫില്‍ ചെയ്തു താഴെ എത്തിയപ്പോള്‍ അതാ കിടക്കുന്നു ഇ-മെയില്‍ പൂരിപ്പിക്കാനുള്ള കോളം. ഇ-മെയില്‍ എന്താണെന്ന് പോലും അറിഞ്ഞൂടാത്ത ആ ചെങ്ങായിയെ അവിടത്തെ ജീവനക്കാര്‍ പരിഹസിച്ചു. നിരാശനായ അയാള്‍ ചെറിയ ഒരു ഡോര്‍ റ്റു ഡോര്‍ ഡെലിവറി സര്‍വീസ് തുടങ്ങിക്കൊണ്ട് ജീവിതം തള്ളി നീക്കി.


ഏറെ വൈകാതെ കഥാനായകന്‍ സ്വപ്രയത്നം മൂലം വലിയൊരു ലോജിസ്റ്റിക്സ് കമ്പനിയുടെ അധിപനായി മാറി. ഒരു ദിവസം വാഷിങ്ങ്ടന്‍ പോസ്റ്റ്‌ ദിനപത്രത്തിന്റെ ലേഖകന്‍ അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ചു ഒരു അപ്പോയിന്റ്മെന്റ് ചോദിച്ചു. എന്താണ് ഈ മുഖാമുഖത്തിന്റെ ഉദ്ദേശം എന്നാരാഞ്ഞപ്പോള്‍, കൂടുതല്‍ ഡീറ്റെയില്സ് ഇ-മെയില്‍ വഴി അയച്ചു തരാം എന്നായി ലേഖകന്‍. നമ്മുടെ ചെങ്ങായി വിനയാന്വിതനായി മൊഴിഞ്ഞു:
"ക്ഷമിക്കണം, എനിക്ക് ഒരു ഇ-മെയില്‍ ഐ ഡി ഇല്ല. അതുപയോഗിക്കാന്‍ എനിക്കറിയില്ല."
"എന്ത്, ഇ-മെയില്‍ ഐ ഡി ഇല്ലെന്നോ? നിങ്ങള്‍ ഒരു അപൂര്‍വ പ്രതിഭാസം തന്നെ. ഇ-മെയില്‍ ഉപയോഗിക്കാന്‍ അറിയാതെ തന്നെ താങ്കളുടെ ബിസിനസ്‌ നെറ്റ്‌വര്‍ക്ക് ഇത്രയും വലുതായെന്നോ? ഇക്കണക്കിനു താങ്കള്‍ ഇത്തരം ടെക്നോളജി ഒക്കെ പഠിച്ചിരുന്നെങ്കില്‍?"
"എങ്കില്‍ ഞാന്‍ ഇന്ന് മൈക്രോസോഫ്റ്റില്‍ ഒരു തൂപ്പുകാരന്‍ ആയിരുന്നേനെ...!!"

വെറുതെ ഇരുന്നു സര്‍ഫ് ചെയ്തപ്പോള്‍ ഈ കഥയോട് സമാനമായ ഒരു സംഭവം കണ്ടു: ഒടുവില്‍ ബില്‍ ഗേറ്റ്സും ചുവടു മാറി!! ഏതാനും ദിവസം മുന്‍പ് ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിങ്ങ് സൈറ്റ് ആയ ട്വിറ്റെറില്‍ അംഗത്വം എടുത്തു കൊണ്ടു ഏവരെയും ഞെട്ടിച്ച ഗേറ്റ്സ്, ഇന്നിതാ ആദ്യമായി ഒരു പേര്‍സണല്‍ വെബ്‌ സൈറ്റ് തുടങ്ങിയിരിക്കുന്നു. ട്വിറ്റെര്‍ വാങ്ങാന്‍ വേണ്ടി ഗൂഗ്ളിനൊപ്പം മത്സരിച്ച കമ്പനിയുടെ മുന്‍ തലവന്‍ ആണിദ്ദേഹം. ഏറ്റവും രസകരമായ കാര്യം, ഗേറ്റ്സിനു മുന്‍പെ തന്നെ ട്വിറ്റെറില്‍ ചേര്‍ന്ന ടെക്നോളജി രംഗത്തെ മറ്റൊരു അതികായന്‍ ഉണ്ട്: ഗൂഗിള്‍ സി ഇ ഓ എറിക് ഷ്മിദ്റ്റ്. അപ്പോള്‍ പിന്നെ ഇനി നമ്മള്‍ മാത്രം എന്തിനു മാറി നില്‍ക്കണം എന്നായിരിക്കും ഗേറ്റ്സ് അണ്ണന്‍ ചിന്തിച്ചത്.



ഏതായാലും 4 ദിവസം കൊണ്ടു ഗേറ്റ്സിന്റെ ട്വിറ്റെര്‍ ഫോളോവെര്‍സ് 3 ലക്ഷം കവിഞ്ഞു. ഇപ്പോള്‍ ചെറിയേട്ടന്‍ ഉള്‍പ്പെടെ 3.3 ലക്ഷം പേര്‍ ലോകമെമ്പാടും ഗേറ്റ്സിനെ പിന്തുടരുന്നു.എറിക് ഷ്മിദ്റ്റ് ചേര്‍ന്നപ്പോള്‍ ഫോളോ ചെയ്യാന്‍ ഈ തിരക്കൊന്നും ഉണ്ടായിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും, നിങ്ങള്‍ ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ അല്ലല്ലോ? ഗേറ്റ്സ് കാരണം ട്വിറ്റെര്‍ സെര്‍വര്‍ ഡൌണ്‍ ആയി എന്നൊക്കെ പല കഥകളും പിന്നാമ്പുറത്തു പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്തായാലും, ഹരിശ്രീ കുറിച്ചപ്പോള്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ എന്തായിരിക്കും? നമ്മുടെ ട്വിറ്റെര്‍ മന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ ആവോ?

ഇപ്പോള്‍ പറഞ്ഞു വന്നത്, ഗേറ്റ്സിന്റെ വെബ്‌ സൈറ്റിനെ കുറിച്ചാണ്. ഏതാനും മണിക്കൂറുകളെ ആയുള്ളൂ ഈ സൈറ്റ് പബ്ലിഷ് ചെയ്തിട്ട്. രണ്ടു വ്യത്യസ്ത വിലാസങ്ങളില്‍ ഈ സൈറ്റ് ലഭ്യമാണ്. gatesnotes.com & thegatesnotes.com. മൈക്രോസോഫ്റ്റിലെ ജോലി രാജി വെച്ച ശേഷം മുഴുവന്‍ സമയ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ആയി മാറിയ ഗേറ്റ്സ്, തന്റെ ആശയങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാനാണ് ഇപ്പോള്‍ ഈ സുപ്രധാനമായ രണ്ടു ചുവടു വെയ്പ്പുകളും നടത്തിയത്. ഗേറ്റ്സും ഭാര്യയും നടത്തുന്ന ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഗേറ്റ്സ്  ഫൌണ്ടേഷന്‍ ഇപ്പോള്‍ തന്നെ ലോകത്തിലെ എണ്ണപ്പെട്ട ജീവ കാരുണ്യ പ്രവര്‍ത്തന സംഘടനകളില്‍ ഒന്നാണ്. ലോകത്തില്‍ ഏറ്റവും വില മതിക്കപ്പെടുന്ന ബിസിനസ്‌ ഫിഗര്‍ ആയ വാറെന്‍ ബഫെറ്റ് തന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് ഇവര്‍ക്ക് കൊടുത്തതോടെ ഫൌണ്ടേഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ ഹെയ്തിയിലെ നാശനഷ്ടങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടു ബില്ലും ഭാര്യയും മുന്‍പന്തിയില്‍ തന്നെ ഉണ്ട്. ഇപ്പോള്‍ തിരക്കിട്ട് സൈറ്റ് തുടങ്ങിയതും ഈ ആവശ്യത്തിലേക്ക് തന്നെ. തീര്‍ന്നില്ല, ദാരിദ്ര്യ നിര്‍മാര്‍ജനം, എയിഡ്സ് ചികിത്സാ സഹായം, കുട്ടികള്‍ക്കുള്ള വാക്സിനുകള്‍, മൈക്രോ ഫിനാന്‍സ്, എച് ഐ വി ഗവേഷണം, കാര്‍ഷിക ഗവേഷണം, വിദ്യാഭ്യാസം തുടങ്ങി മൂന്നാം ലോക രാജ്യങ്ങളുടെ പ്രതിസന്ധികളെയെല്ലാം അഭിസംബോധന ചെയ്തു കൊണ്ടാണ് ഗേറ്റ്സിന്റെ പ്രയാണം.

ടൈം മാഗസിന്‍ കവര്‍, ഏപ്രില്‍ 1984

എങ്കിലും ഗേറ്റ്സ് അങ്കിള്‍, എന്നിലെ സാധാരണ മലയാളി ചോദിച്ചു പോവുകയാണ്: ജീവ കാരുണ്യ പ്രവര്‍ത്തനം ആണല്ലോ പുതിയ ഫാഷന്‍? 700 കോടി ലോക ജനതയെയും അങ്ങ് ഉദ്ധരിക്കാം എന്നൊരു മോഹം കൊണ്ടൊന്നും അല്ലല്ലോ താങ്കള്‍ ഈ പ്രസ്ഥാനം തുടങ്ങിയത്? ഏതാനും വര്‍ഷം മുന്‍പ് ടൈം മാഗസിന്‍ അങ്ങയെയും ഭാര്യയേയും വാര്‍ഷിക വ്യക്തിത്വം ആയി തിരഞ്ഞെടുത്തു. ഇനി അടുത്ത ലക്‌ഷ്യം നോബല്‍ ആയിരിക്കുമല്ലോ? അതിലേക്കുള്ള ആദ്യപടിയാണ് ഈ സൈറ്റ് എന്നത് പകല്‍ പോലെ വ്യക്തം. അല്ലാതെ തന്നെ ഫൌണ്ടേഷന്‍ ഒരു പാട് കാശുണ്ടാക്കുന്നുണ്ട്. ഇനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ നാലാളെ അറിയിച്ചു, സല്പേര് വാങ്ങിയെടുക്കണം. എന്നിട്ട് വേണം ഒബാമ നേടിയെടുത്തത് പോലെ നമുക്കും ഒരെണ്ണം..!

ആ പോട്ട്, എന്തിരായാലും നമുക്കെന്താ? ദീപസ്തംഭം മഹാശ്ചര്യം... ..... .... ....!!!

(നെറ്റ്‌വര്‍ക്ക് പ്രശ്നം കാരണം ഇന്നലെ ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യാന്‍ പറ്റിയില്ല. പോസ്റ്റില്‍ സമയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പൊറുക്കുക.)

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."