ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..

Sunday 15 November, 2009

തലേവര അഥവാ ഒരു ക്രിക്കറ്റ്‌ ദുരന്തം

ഇന്ന് ലോകത്തിലെ എല്ലാ കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളും അല്ലാതെയുമുള്ളവയിലെ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ ഒരു പ്രധാന സംഭവം ആണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രാജ്യാന്തര ക്രിക്കെറ്റിലെ  20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി എന്നത്. ഇന്നലെ ഓര്‍ത്തു; ടെണ്ടുല്‍ക്കറെ കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടാലോ എന്നു. ഏറ്റവും ചുരുങ്ങിയത് ഒരു 2000  ബ്ലോഗുകളിലും, ലക്ഷക്കണക്കിന്‌ ഓര്‍ക്കുട്ട്, ഫെയ്സ്ബുക്ക്, ട്വിറ്റെര്‍ പേജുകളിലും പറഞ്ഞു പാഴാകാന്‍ പോകുന്ന ഒരു സംഭവം ആകുമെന്നതിനാല്‍ ഐഡിയ ബാലചന്ദ്ര മേനോന്റെ 'സില്‍മ' പോലെ "വന്നു, കണ്ടു, ചത്തു".

ഇന്ന് ചുമ്മാ മാതൃഭൂമിയുടെ ഓണ്‍ലൈന്‍ താളുകള്‍ മറിക്കുമ്പോഴാണ് മറ്റൊരു സംഭവം കാണുന്നത്. രംഗം സച്ചിന്റെ കരിയെറിലെ ഏറ്റവും ആദ്യത്തെ നാഴികക്കല്ല്. കൂട്ടുകാരന്‍ വിനോദ് കാംബ്ലിയുമൊത്ത് രമാകാന്ത് അച് രേക്കറുടെ ശിഷ്യന്‍ ലോക റെക്കോര്‍ഡ്‌ സൃഷ്ടിക്കുന്നു. 664 റണ്‍സിന്റെ വിസ്മയ കൂട്ടുകെട്ട്. കാലം പാടി പഴകിയ കഥ. ഏതു കഥയ്ക്കും ചരിത്രത്തിനും ഉണ്ടാകും ഒരു മറുവശം. സച്ചിനും കാംബ്ലിയും തകര്‍ത്താടിയ അത്രയും നേരം പാഡണിഞ്ഞു  കൊണ്ടു തന്റെ ഊഴം കാത്തിരുന്ന ഒരാള്‍ ഉണ്ടായിരുന്നു- അമോല്‍ മുസുംദാര്‍. ആ  സീസണില്‍ കളിച്ച ഏതാണ്ടെല്ലാ മത്സരങ്ങളിലും സെഞ്ച്വറി നേടിക്കൊണ്ട് സച്ചിന്‍ ഇന്ത്യന്‍ ടീമിലേക്ക് നടന്നു കേറി. (അന്ന് ഇന്ത്യന്‍ ടീം "മെന്‍ ഇന്‍ ബ്ലൂ" ആയിട്ടില്ല.) അധികം വൈകാതെ തന്നെ കാംബ്ലിയും ചങ്ങാതിയെ പിന്തുടര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, അമോല്‍ എത്തിയത് ബോംബെ രഞ്ജി ടീമില്‍. ഹരിയാനക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ നിറഞ്ഞാടിയ അമോല്‍, അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്കോര്‍ ആയ 260 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഇന്നും തകര്‍ക്കപ്പെടാത്ത ഒരു റെക്കോര്‍ഡ്‌ ആണത്. അതേ വര്‍ഷം തന്നെ രഞ്ജി ഫൈനലില്‍, ബോംബേയ്ക്ക്‌ വേണ്ടി ഒരു രക്ഷകന്റെ റോള്‍ എടുത്തണിയാനും ആ കൌമാരക്കാരന് കഴിഞ്ഞു. ഇടക്കാലത്ത്, അണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയിരുന്നു. പിന്നീട് 15 വര്‍ഷങ്ങളോളം ബോംബെ (പിന്നീട് മുംബൈ) ടീമിന്റെ മുന്നണി പോരാളി.


വര്‍ഷം 1996. ഒരു നാണം കെട്ട ലോകകപ്പ്‌ (ഓര്‍മയില്ലേ, കരഞ്ഞു കൊണ്ടു ഈഡെന്‍ ഗാര്‍ഡെന്‍സില്‍ നിന്നു മടങ്ങിയ കാംബ്ലിയുടെ ചിത്രം?) കഴിഞ്ഞതിനു ശേഷം ബിസിസിഐ യില്‍ പുതുരക്തത്തിനായി ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള നാഷണല്‍ സെലെക്ഷന്‍ കമ്മിറ്റി മീറ്റിംഗ്. അമോല്‍ മുസുംദാര്‍ എന്ന പേരും വന്നു അവരുടെ മുന്നില്‍. എന്നാല്‍ നറുക്ക് വീണത്‌ വിക്രം റാത്തോര്‍, രാഹുല്‍ ദ്രാവിഡ്‌, സൌരവ് ഗാംഗുലി എന്നിവര്‍ക്ക്. അമോലിനെ തഴഞ്ഞു ഗാംഗുലിയെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ മുംബൈ ലോബി കുറെ പ്രതിഷേധിച്ചെങ്കിലും ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞതിനു ശേഷം ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. അതേ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര വരുന്നു. ഇത്തവണയും അമോലിനു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഭാഗ്യദേവത അനുഗ്രഹിച്ചത് പില്‍ക്കാലത്ത്‌ "ഓസ്ട്രേലിയ സ്പെഷലിസ്റ്റ് " ആയി മാറിയ  വി വി എസ് ലക്ഷ്മണിനെ. ശേഷം ചരിത്രം. താരനിബിഡമായ ഇന്ത്യന്‍ ടീമില്‍ ഏറെക്കാലം പുതുമുഖങ്ങള്‍ക്ക് പ്രവേശനം ഉണ്ടായില്ല. ഇടയ്ക്കു നോയല്‍ ഡേവിഡ്‌(ഓര്‍മ്മയുണ്ടോ ഈ മുഖം?), റോബിന്‍ സിംഗ് (വണ്‍ഡേകളില്‍ ഒതുങ്ങിപ്പോയി), ദേബാശിഷ് മോഹന്തി എന്നിവരും ടെസ്റ്റ്‌ ടീമില്‍ തല കാണിച്ചു പോയതൊഴിച്ചാല്‍.

പിന്നീട് കോഴ വിവാദം കൊടുമ്പിരി കൊണ്ടപ്പോള്‍ യുവരാജും കൈഫും സഹീറും സേവാഗും ഹര്‍ഭജനും അടങ്ങുന്ന ഒരു തലമുറ ബ്ലൂ ക്യാപ്‌ അണിഞ്ഞു. ആ സമയത്ത് ഫോം ഔട്ട്‌ ആയ അമോലിനു പ്രതീക്ഷകള്‍ നശിച്ചു. ഒടുവില്‍ 2002 ആയപ്പോള്‍ റിട്ടയര്‍മെന്റിനെ കുറിച്ചു വരെ ആലോചിച്ചു. സുഹൃത്തുക്കളുടെ പ്രേരണയാല്‍ വീണ്ടും മുംബൈ ടീമിന് വേണ്ടി കളിച്ചു. സെഞ്ച്വറികള്‍ അടിച്ചു കൂട്ടി. ഒടുവില്‍ വൈകി വന്ന അംഗീകാരം പോലെ ക്യാപ്റ്റന്‍സി. ആ വര്‍ഷം വീണ്ടും മുംബൈ ടീമിനെ ചാമ്പ്യന്‍മാരാക്കി. എന്നാല്‍ ചാമ്പ്യന്‍ ക്യാപ്റ്റന്‍ അധിക കാലം വാണില്ല. വീണ്ടും ഫോം നഷ്ടപ്പെട്ടു ഉഴലുന്നു. അങ്ങനെ ടീമിന് പുറത്ത്. ഈ സീസണില്‍ ദുര്‍ബലരായ ആസാം ടീമില്‍ ഇടം നേടിക്കൊണ്ട് വീണ്ടും രംഗത്ത്.

ഇതിനിടയില്‍ രമാകാന്ത് അച് രേക്കറുടെ കീഴില്‍ തുടങ്ങിയ സുഹൃത്തുക്കളില്‍, സച്ചിന്‍ ഏറെ ദൂരം മുന്നോട്ടു പോയി കഴിഞ്ഞിരുന്നു. കാംബ്ലി, സ്വന്തം പിഴവുകള്‍ (അലസത) മൂലം വഴിയില്‍ വീണു പോയി. ഈ മാസം 5 ന് ഹൈദെരാബാദില്‍ നടന്ന ഇന്ത്യാ - ഓസ്ട്രേലിയ മത്സരത്തില്‍ 175 റണ്‍സ് നേടിക്കൊണ്ട് ഏകദിന ക്രിക്കെറ്റില്‍ 17000 റണ്‍സ് എന്ന കടമ്പയും താണ്ടി സച്ചിന്‍.


 

അമോലിനെ പറ്റി ഇപ്പോള്‍ ഇത്രയും പറയാനുള്ള കാരണം? സച്ചിന്‍ 17000 റണ്‍സ് നേടിയതിന്റെ തൊട്ടടുത്ത ദിവസം, ഗുവാഹട്ടിയില്‍ രാജസ്ഥാനെതിരായ രഞ്ജി മത്സരത്തില്‍ അമോല്‍ സുപ്രധാനമായ ഒരു നാഴികക്കല്ലു മറികടന്നു. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന കളിക്കാരന്‍ എന്ന ബഹുമതി. ആ കഥ ഇവിടെ വായിക്കാം. ഇന്ത്യന്‍ ടീമിന്റെ പടി വാതില്‍ക്കല്‍ വരെ പല തവണ ചെന്നിട്ടും ഒരിക്കല്‍ പോലും ബ്ലൂ ക്യാപ്‌ അണിയാന്‍ കഴിയാതെ, 24 സെഞ്ച്വറികളുമായി  ഈ വലങ്കയ്യന്‍ പ്രയാണം തുടരുന്നു. കഴിഞ്ഞയാഴ്ച 35 വയസ്സ് തികഞ്ഞ അമോലിനു ഇനി ഒരു സാധ്യത ഇല്ല. മിക്കവാറും ഈ സീസണിലോ അടുത്ത സീസണിലോ അമോല്‍ പാഡഴിച്ചേക്കും. നഷ്ടമായത് അമോലിനോ, അദ്ദേഹത്തിന്റെ ഉറ്റവര്‍ക്കോ മാത്രമല്ല, ക്രിക്കെറ്റിനെ സ്നേഹിക്കുന്ന കോടിക്കണക്കിനു കായികപ്രേമികള്‍ക്ക് കൂടിയാണ്. വിജയഗാഥകള്‍ പാടി പുകഴ്ത്തുന്ന ഈ വേളയില്‍, ഇത്തരം നഷ്ടസ്വപ്നങ്ങളെയും നമുക്ക് സ്മരിക്കാം.

(വാല്‍: മാതൃഭൂമി ലേഖനത്തില്‍ അമോല്‍ നേടിയ വിക്കെറ്റുകളുടെ എണ്ണം തികച്ചും തെറ്റാണ്. ലേഖകന്‍ ഒന്ന് കൂടി cricinfo പരിശോധിക്കുന്നത് നല്ലതാണ്.)

No comments:

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."