ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..

Wednesday, 4 November 2009

ഭക്തി പ്രസ്ഥാനങ്ങള്‍!

മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞല്ലോ, ചെറിയേട്ടന്റെ ബിസിനസ്‌ എന്ന് പറയുന്നത് ഈ ട്രസ്റ്റ്‌ അക്കൌണ്ട് ഒക്കെ ടാപ്പ്‌ ചെയ്യലാണെന്ന്. അപ്പോള്‍ ജോലിയുടെ ഭാഗം ആയിട്ട് ഒത്തിരി ജാതി മത രാഷ്ട്രീയ പ്രമാണിമാരെ കാണേണ്ടി വരും. ഈ ട്രസ്റ്റുകള്‍ എന്ന് പറയുന്നത്, കാശുണ്ടാക്കാനുള്ള ഏറ്റവും മാന്യമായ പരിപാടി ആണെന്ന് ചെറിക്ക്  പൂര്‍ണ ബോധ്യം വന്നത് ഈ കാലയളവിലാണ്. ഏതാനും ചില ഏടുകള്‍ ഇവിടെ പങ്കു വെക്കാം:


ഡിസ് ക്ലെയിമര്‍: ഇവിടെ പറയുന്നതെല്ലാം ഭാവനാ സൃഷ്ടികളാണ്. ഏതെങ്കിലും വ്യക്തിയോ പ്രസ്ഥാനമോ ആയി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് എഴുത്തുകാരന്റെ കുറ്റം അല്ല.

രംഗം 1: മധ്യ തിരുവിതാംകൂറിലെ ഒരു അമ്പലം. ഇതിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍, എന്റെ ചെറുപ്പ കാലത്ത് തന്നെ കേരളത്തിന്റെ വടക്ക് മുതല്‍ തെക്കേ അറ്റം വരെ റോഡ്‌ സൈഡിലെ സൈന്‍ ബോര്‍ഡുകളില്‍ ഈ അമ്പലത്തിലേക്കുള്ള കി. മീ. ദൂരം കൊടുത്തിട്ടുണ്ടായിരുന്നു. അതായതു, എന്‍. എച്ച്. എ. ഐ. എന്ന സ്ഥാപനത്തില്‍ ഇവര്‍ക്ക് വേണ്ട പോലെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. തൊഴില്‍ മര്യാദയുടെ പേരില്‍ അമ്പലത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല. ചെറി പോയി കണ്ടത് ഇവിടത്തെ മൂത്ത തിരുമേനിയെ. അദ്ദേഹം തന്റെ അനിയനെ കാണാന്‍ കല്പിച്ചു.

ചെറി: തിരുമേനി, ഈ മാസം നമുക്ക് എത്ര കാശ്‌ അക്കൌണ്ടില്‍ ഇടാം?
അനിയന്‍: അതിപ്പോ പറയാന്‍ പറ്റില്ല. നട വരവോക്കെ കുറവാ. ഇപ്പൊ ഓഫ്‌ സീസണ്‍ അല്ലെ?
ചെ: എന്നാലും ഒരു ഏകദേശം..? എന്റെ ടാര്‍ഗറ്റ് ഡാഷ് കോടി ആണ്. താങ്കളെ പോലെ ഉള്ളവര്‍ സഹായിച്ചില്ലെങ്കില്‍ പിന്നെ... (തല ചൊറിയാന്‍ പറ്റിയ ടൈം ആയിരുന്നു. അന്നേരം ഓര്‍മ വന്നില്ല.)
അ: ശരി. ഞാനൊന്ന് ആലോചിക്കട്ടെ. എക്സ് ബാങ്കുകാര്‍ എന്റെ പുറകെ കൂടിയിട്ടുണ്ട്. അവര്‍ എക്സ്, വൈ, ഇസെഡ്‌ ഓഫറുകള്‍ തരുന്നുണ്ട്. പിന്നെ ഈ മാസം ഇവിടെ ഒന്ന് പുതുക്കി പണിയുന്നുണ്ട്. ശബരി മല സീസണ്‍ വരുവല്ലിയോ..? അപ്പൊ കാശിനൊക്കെ വലിയ ടൈറ്റാ...
ചെ: അങ്ങനെ പറയരുത്. ഞങ്ങള്‍ അതിനെക്കാളും കിടിലന്‍ ഓഫര്‍ തരുന്നില്ലേ..? ശരി, ഈ മാസം വേണ്ട, ശബരി മല സീസണ്‍ ആയാല്‍ നട വരവ് ഡെയിലി അടക്കാന്‍ ഞാന്‍ എന്റെ പയ്യനെ വിടാം. അവന്‍ കലെക്റ്റ്‌ ചെയ്തു ബാങ്കില്‍ അടച്ചോളും.
അ: അഗ്രീഡളിയാ.

രംഗം 2: കേരളത്തിലെ ഏറ്റവും പ്രസിദ്ധ പാസ്റെര്‍ ആശ്രമം. ഇവിടത്തെ പാസ്റെര്‍ പണ്ട് തിരുവല്ലയില്‍ ചായക്കട നടത്തിയിരുന്ന ആളായിരുന്നു. പിന്നീട് കര്‍ത്താവിന്റെ വെളിപാട്‌ ഉണ്ടായപ്പോള്‍ ഈ പണിക്കിറങ്ങി. ജര്‍മ്മനിയിലെ ഒരു മദാമ്മയെ കെട്ടി അളിയന്‍ സ്വന്തം ആത്മീയ ലോകം ഭൂമി (ബൂലോഗം അല്ല.) മുയ്യോനും വ്യാപിപ്പിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട്‌ വരുന്ന ആദ്യത്തെ 5 ട്രസ്ടുകളില്‍ അളിയന്റെ 10 -ഓളം ട്രസ്ടുകളില്‍ ഒരെണ്ണവും പെടും.സന്തോഷ്‌ മാധവന്‍ സംഭവ പരമ്പരകളില്‍ അളിയന്റെ പേരും വലിച്ചിഴക്കപ്പെട്ടു എങ്കിലും സന്തോഷ്‌ അല്ലല്ലോ ഇയാള്‍. ഇയാള്‍ക്ക് പിന്നില്‍ ന്യൂന പക്ഷ പരിവേഷമുള്ള ഒരു സംഘടിത ശക്തി ഉണ്ട്. ഇദ്ദേഹത്തിന്റെ അക്കൌണ്ടന്റിനെയാണ് ചെറി കണ്ടത്.

ചെറി: സാര്‍ താങ്കളുടെ 9.5 കോടി ഫിക്സെഡ് ഡിപോസിറ്റ്‌ കാലാവധി ഈ മാസത്തോടെ തീരും. അത് റിന്യു ചെയ്യുന്നതിനെ പറ്റി..?
അക്കൌ: ഒരു കാര്യം ചെയ്യാം. ഇപ്പോള്‍ സേവിങ്ങ്സ്‌ അക്കൌണ്ടില്‍ കിടക്കുന്ന 4 കോടി ചേര്‍ത്ത് ഒരു 13 കോടി അങ്ങ് കാച്ചിയേക്ക്.
ചെ: സാര്‍ അപ്പോള്‍ ദൈനം ദിന ആവശ്യങ്ങള്‍ക്ക് ഒന്നും വേണ്ടേ..?
അക്കൌ: ഈ മാസം ഒരു 0 . 5 മില്യണ്‍ ഡോളര്‍ വരാനുണ്ട്. അപ്പോള്‍ നമ്മുടെ പേയ്മെന്റ് ഗയ്റ്റ്‌വേ..?
ചെ: സര്‍ അത് ഈ ആഴ്ച തന്നെ ശരി ആക്കാം. പിന്നെ ആ ഗോള്‍ഡ്‌ വാങ്ങുന്ന കാര്യം..?
അ: ആ റേറ്റ് ഒന്നും ശരി ആയില്ല. എനിക്ക് ഇതില്‍ നിന്ന് എന്ത് കിട്ടും?

ചെറി ഫ്ലാറ്റ്..!

രംഗം 3: ഒരു പ്രബല ജാതി സംഘടനയുടെ ഓഫീസ്. (ഇതിനു തൊട്ടു മുന്‍പ് ചെറി സവര്‍ണ സംഘടനാ ആസ്ഥാനത്ത് പോയിരുന്നു. അവര്‍ ഒന്നും തരില്ല എന്ന് മാന്യമായിട്ടു പറഞ്ഞു. അവര്‍ക്ക് സ്വന്തം ആള്‍ക്കാരുടെ ബാങ്ക് ഉണ്ട്. അത് വിട്ടു കളിക്കില്ല.) അപ്പോള്‍ നമ്മുടെ നാട്ടുപ്രമാണിമാരെല്ലാം കൂടി ഇരിക്കുന്നു. പുതിയ ബ്രാഞ്ച് തുടങ്ങിയ സ്ഥലം ആണ്. നമ്മള്‍ കാലില്‍ വീഴുന്നു. ഈ പട്ടിക്കാട്ടില്‍ നിങ്ങള്‍ അല്ലാതെ ഞങ്ങളെ സഹായിക്കാന്‍ ആരും ഇല്ല എന്ന് പറയുന്നു. അതോടെ അവര്‍ ഫ്ലാറ്റ്. 5 ലക്ഷം പ്രതീക്ഷിച്ചിടത്ത് നിന്ന് 50 ലക്ഷത്തിന്റെ ബിസിനസ്‌...!

രംഗം 4: ഈ സംഭവവും ഒരു ട്രസ്റ്റ്‌ തന്നെ. പക്ഷെ  വിദഗ്ദ്ധമായിട്ടു ആള്‍മാറാട്ടം  നടത്തി ആനാംവെള്ളത്തില്‍ മുക്കിയെടുത്ത സൊയമ്പന്‍ സാധനം. സംഭവം ഉഡായ്പ്പ് ആണെന്ന് എനിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. നടത്തുന്നവര്‍ ഡെയിലി 5 നേരം ദൈവത്തോട് പ്രാര്‍ഥിക്കുന്നവര്‍. അവര്‍ തുടങ്ങാന്‍ പോകുന്നത് 40 കോടിയുടെ എഞ്ചിനീയറിംഗ് കോളേജ്. 25 കോടി ഞങ്ങളോട് വായ്പ ആവശ്യപ്പെട്ട ടീം ആണ്. ട്രസ്റ്റിന്റെ പേര് നല്ല ഒന്നാന്തരം സംസ്കൃതം. അതെ, നമ്മുടെ സഭയും തിരുമണവാട്ടിമാരും ഹൈജാക്ക് ചെയ്ത ഒരു സ്ഥിരം പേര് തന്നെ. (തൊഴില്‍ മര്യാദ- പേര് പറയില്ല.) അപ്പോള്‍ ഞാന്‍ ഈദ് ഉല്‍ ഫിതര്‍ ലീവിനു വീട്ടില്‍ ഇരിക്കുന്ന സമയം. ഈ സംരംഭത്തിന്റെ മുതലാളി എന്നെ വിളിക്കുന്നു. ഒരു 10 കോടി രൂപ വിദേശത്തു നിന്നും വരാനുണ്ട്. ആരും അറിയാതെ അതൊന്നു അവന്റെ അക്കൌണ്ടില്‍ എത്തിക്കണം. ശരി, കുറച്ചു ടൈം എടുക്കും. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിന്റെ അനുമതി വേണം. ഒരു 7 - 8 മാസം എടുക്കും. അപ്പോള്‍ അത് പറ്റില്ല എന്നായി കക്ഷി. എങ്കില്‍ ഒരു എന്‍. ആര്‍. ഐ അക്കൌണ്ട് തുടങ്ങി അതിലേക്കു ഇടാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ അളിയന്‍ സത്യം പറഞ്ഞു. ബ്ലാക്ക്‌ മണി ആണ് വരുന്നത്. ഇതിനുള്ള പ്രതിഫലം എന്താണെന്നു വെച്ചാല്‍ തരാം. അതോടെ പാവപ്പെട്ട എന്‍. ആര്‍ ഐ. മാനേജരുടെ തലയില്‍ സംഭവം കെട്ടി വെച്ചു ചെറി സ്കൂട്ട് ഓഫ് ദി ഇന്ത്യ ആയി. എന്തായാലും സംഭവം നടന്നില്ല.

രംഗം 5: കോട്ടയത്തിനടുത്തുള്ള ഒരു പ്രസിദ്ധ ഇല്ലത്ത് ഉത്സവം നടക്കുന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു സ്റ്റാള്‍ ഉണ്ട്. അവര്‍ കുറെ റെസീപ്റ്റ് ബുക്കുകള്‍ ഏല്പിച്ചു തന്നു; ഒപ്പം വഴിപാടുകളുടെ വില വിവര പട്ടികയും. 50 രൂ. മുതല്‍ 3000 രൂ. വരെ ഉള്ളവ.ഞങ്ങളുടെ കൌണ്ടര്‍ വഴി അത് വില്ക്കണമത്രേ. എന്തായാലും 2 ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ കൌണ്ടര്‍ അടച്ചു. ബാക്കി 3 ദിവസം ഇല്ലാത്ത പന്നിപ്പനിയുടെ പേരില്‍ അവിടെ നിന്ന് വിട്ടു നിന്നു.

എന്തായാലും ഭക്തി എന്നത് നാട്ടിലെ ഏറ്റവും നല്ല ബിസിനസ്‌ ആണ് മോനേ... ഇരുന്നിട്ട് കാലു നീട്ടാന്‍ നോക്കിയാല്‍ കുഴപ്പം ഇല്ല. പെട്ടെന്ന് കാശുണ്ടാക്കി വലിയവന്‍ ആകണമെന്ന സന്തോഷ്‌ മാധവന്മാരുടെ ആഗ്രഹം ലാലേട്ടന്‍ പറഞ്ഞ പോലെ അതിമോഹം ആണ് മോനെ ദിനേശാ, വെറും അതിമോഹം.

2 comments:

ശാശ്വത്‌ :: Saswath S Suryansh said...

ഡിസ് ക്ലെയിമര്‍: ഇവിടെ പറയുന്നതെല്ലാം ഭാവനാ സൃഷ്ടികളാണ്. ഏതെങ്കിലും വ്യക്തിയോ പ്രസ്ഥാനമോ ആയി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് എഴുത്തുകാരന്റെ കുറ്റം അല്ല.

shemeer shamsudheen said...

ashaaaaaneeeeee swasti,,,,,

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."