വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആദ്യ ഡോട്കോം ബബിള്‍ അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന കാലത്ത് കേട്ട ഒരു രസകരമായ കഥയുണ്ട്. വാഷിങ്ങ്ടനിലെ ഒരു തൂപ്പുജോലിക്കാരന്‍ മൈക്രോസോഫ്റ്റില്‍ ജോലി തേടി എത്തുന്നു. അവിടെ റിസെപ്ഷനില്‍ വെച്ചു ഒരു ഫോം പൂരിപ്പിക്കാനായി അദ്ദേഹത്തിനു കൊടുത്തു. ഫില്‍ ചെയ്തു താഴെ എത്തിയപ്പോള്‍ അതാ കിടക്കുന്നു ഇ-മെയില്‍ പൂരിപ്പിക്കാനുള്ള കോളം. ഇ-മെയില്‍ എന്താണെന്ന് പോലും അറിഞ്ഞൂടാത്ത ആ ചെങ്ങായിയെ അവിടത്തെ ജീവനക്കാര്‍ പരിഹസിച്ചു. നിരാശനായ അയാള്‍ ചെറിയ ഒരു ഡോര്‍ റ്റു ഡോര്‍ ഡെലിവറി സര്‍വീസ് തുടങ്ങിക്കൊണ്ട് ജീവിതം തള്ളി നീക്കി.
ഏറെ വൈകാതെ കഥാനായകന്‍ സ്വപ്രയത്നം മൂലം വലിയൊരു ലോജിസ്റ്റിക്സ് കമ്പനിയുടെ അധിപനായി മാറി. ഒരു ദിവസം വാഷിങ്ങ്ടന്‍ പോസ്റ്റ് ദിനപത്രത്തിന്റെ ലേഖകന്‍ അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ചു ഒരു അപ്പോയിന്റ്മെന്റ് ചോദിച്ചു. എന്താണ് ഈ മുഖാമുഖത്തിന്റെ ഉദ്ദേശം എന്നാരാഞ്ഞപ്പോള്‍, കൂടുതല്‍ ഡീറ്റെയില്സ് ഇ-മെയില്‍ വഴി അയച്ചു തരാം എന്നായി ലേഖകന്‍. നമ്മുടെ ചെങ്ങായി വിനയാന്വിതനായി മൊഴിഞ്ഞു:
"ക്ഷമിക്കണം, എനിക്ക് ഒരു ഇ-മെയില്‍ ഐ ഡി ഇല്ല. അതുപയോഗിക്കാന്‍ എനിക്കറിയില്ല."
"എന്ത്, ഇ-മെയില്‍ ഐ ഡി ഇല്ലെന്നോ? നിങ്ങള്‍ ഒരു അപൂര്‍വ പ്രതിഭാസം തന്നെ. ഇ-മെയില്‍ ഉപയോഗിക്കാന്‍ അറിയാതെ തന്നെ താങ്കളുടെ ബിസിനസ് നെറ്റ്‌വര്‍ക്ക് ഇത്രയും വലുതായെന്നോ? ഇക്കണക്കിനു താങ്കള്‍ ഇത്തരം ടെക്നോളജി ഒക്കെ പഠിച്ചിരുന്നെങ്കില്‍?"
"എങ്കില്‍ ഞാന്‍ ഇന്ന് മൈക്രോസോഫ്റ്റില്‍ ഒരു തൂപ്പുകാരന്‍ ആയിരുന്നേനെ...!!"
വെറുതെ ഇരുന്നു സര്‍ഫ് ചെയ്തപ്പോള്‍ ഈ കഥയോട് സമാനമായ ഒരു സംഭവം കണ്ടു: ഒടുവില്‍ ബില്‍ ഗേറ്റ്സും ചുവടു മാറി!! ഏതാനും ദിവസം മുന്‍പ് ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിങ്ങ് സൈറ്റ് ആയ ട്വിറ്റെറില്‍ അംഗത്വം എടുത്തു കൊണ്ടു ഏവരെയും ഞെട്ടിച്ച ഗേറ്റ്സ്, ഇന്നിതാ ആദ്യമായി ഒരു പേര്‍സണല്‍ വെബ് സൈറ്റ് തുടങ്ങിയിരിക്കുന്നു. ട്വിറ്റെര്‍ വാങ്ങാന്‍ വേണ്ടി ഗൂഗ്ളിനൊപ്പം മത്സരിച്ച കമ്പനിയുടെ മുന്‍ തലവന്‍ ആണിദ്ദേഹം. ഏറ്റവും രസകരമായ കാര്യം, ഗേറ്റ്സിനു മുന്‍പെ തന്നെ ട്വിറ്റെറില്‍ ചേര്‍ന്ന ടെക്നോളജി രംഗത്തെ മറ്റൊരു അതികായന്‍ ഉണ്ട്: ഗൂഗിള്‍ സി ഇ ഓ എറിക് ഷ്മിദ്റ്റ്. അപ്പോള്‍ പിന്നെ ഇനി നമ്മള്‍ മാത്രം എന്തിനു മാറി നില്‍ക്കണം എന്നായിരിക്കും ഗേറ്റ്സ് അണ്ണന്‍ ചിന്തിച്ചത്.
ഏതായാലും 4 ദിവസം കൊണ്ടു ഗേറ്റ്സിന്റെ ട്വിറ്റെര്‍ ഫോളോവെര്‍സ് 3 ലക്ഷം കവിഞ്ഞു. ഇപ്പോള്‍ ചെറിയേട്ടന്‍ ഉള്‍പ്പെടെ 3.3 ലക്ഷം പേര്‍ ലോകമെമ്പാടും ഗേറ്റ്സിനെ പിന്തുടരുന്നു.എറിക് ഷ്മിദ്റ്റ് ചേര്‍ന്നപ്പോള്‍ ഫോളോ ചെയ്യാന്‍ ഈ തിരക്കൊന്നും ഉണ്ടായിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും, നിങ്ങള്‍ ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ അല്ലല്ലോ? ഗേറ്റ്സ് കാരണം ട്വിറ്റെര്‍ സെര്‍വര്‍ ഡൌണ്‍ ആയി എന്നൊക്കെ പല കഥകളും പിന്നാമ്പുറത്തു പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്തായാലും, ഹരിശ്രീ കുറിച്ചപ്പോള്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ എന്തായിരിക്കും? നമ്മുടെ ട്വിറ്റെര്‍ മന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ ആവോ?
ഇപ്പോള്‍ പറഞ്ഞു വന്നത്, ഗേറ്റ്സിന്റെ വെബ് സൈറ്റിനെ കുറിച്ചാണ്. ഏതാനും മണിക്കൂറുകളെ ആയുള്ളൂ ഈ സൈറ്റ് പബ്ലിഷ് ചെയ്തിട്ട്. രണ്ടു വ്യത്യസ്ത വിലാസങ്ങളില്‍ ഈ സൈറ്റ് ലഭ്യമാണ്. gatesnotes.com & thegatesnotes.com. മൈക്രോസോഫ്റ്റിലെ ജോലി രാജി വെച്ച ശേഷം മുഴുവന്‍ സമയ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ആയി മാറിയ ഗേറ്റ്സ്, തന്റെ ആശയങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാനാണ് ഇപ്പോള്‍ ഈ സുപ്രധാനമായ രണ്ടു ചുവടു വെയ്പ്പുകളും നടത്തിയത്. ഗേറ്റ്സും ഭാര്യയും നടത്തുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഇപ്പോള്‍ തന്നെ ലോകത്തിലെ എണ്ണപ്പെട്ട ജീവ കാരുണ്യ പ്രവര്‍ത്തന സംഘടനകളില്‍ ഒന്നാണ്. ലോകത്തില്‍ ഏറ്റവും വില മതിക്കപ്പെടുന്ന ബിസിനസ് ഫിഗര്‍ ആയ വാറെന്‍ ബഫെറ്റ് തന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് ഇവര്‍ക്ക് കൊടുത്തതോടെ ഫൌണ്ടേഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ ഹെയ്തിയിലെ നാശനഷ്ടങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടു ബില്ലും ഭാര്യയും മുന്‍പന്തിയില്‍ തന്നെ ഉണ്ട്. ഇപ്പോള്‍ തിരക്കിട്ട് സൈറ്റ് തുടങ്ങിയതും ഈ ആവശ്യത്തിലേക്ക് തന്നെ. തീര്‍ന്നില്ല, ദാരിദ്ര്യ നിര്‍മാര്‍ജനം, എയിഡ്സ് ചികിത്സാ സഹായം, കുട്ടികള്‍ക്കുള്ള വാക്സിനുകള്‍, മൈക്രോ ഫിനാന്‍സ്, എച് ഐ വി ഗവേഷണം, കാര്‍ഷിക ഗവേഷണം, വിദ്യാഭ്യാസം തുടങ്ങി മൂന്നാം ലോക രാജ്യങ്ങളുടെ പ്രതിസന്ധികളെയെല്ലാം അഭിസംബോധന ചെയ്തു കൊണ്ടാണ് ഗേറ്റ്സിന്റെ പ്രയാണം.
ടൈം മാഗസിന്‍ കവര്‍, ഏപ്രില്‍ 1984
എങ്കിലും ഗേറ്റ്സ് അങ്കിള്‍, എന്നിലെ സാധാരണ മലയാളി ചോദിച്ചു പോവുകയാണ്: ജീവ കാരുണ്യ പ്രവര്‍ത്തനം ആണല്ലോ പുതിയ ഫാഷന്‍? 700 കോടി ലോക ജനതയെയും അങ്ങ് ഉദ്ധരിക്കാം എന്നൊരു മോഹം കൊണ്ടൊന്നും അല്ലല്ലോ താങ്കള്‍ ഈ പ്രസ്ഥാനം തുടങ്ങിയത്? ഏതാനും വര്‍ഷം മുന്‍പ് ടൈം മാഗസിന്‍ അങ്ങയെയും ഭാര്യയേയും വാര്‍ഷിക വ്യക്തിത്വം ആയി തിരഞ്ഞെടുത്തു. ഇനി അടുത്ത ലക്‌ഷ്യം നോബല്‍ ആയിരിക്കുമല്ലോ? അതിലേക്കുള്ള ആദ്യപടിയാണ് ഈ സൈറ്റ് എന്നത് പകല്‍ പോലെ വ്യക്തം. അല്ലാതെ തന്നെ ഫൌണ്ടേഷന്‍ ഒരു പാട് കാശുണ്ടാക്കുന്നുണ്ട്. ഇനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ നാലാളെ അറിയിച്ചു, സല്പേര് വാങ്ങിയെടുക്കണം. എന്നിട്ട് വേണം ഒബാമ നേടിയെടുത്തത് പോലെ നമുക്കും ഒരെണ്ണം..!
ആ പോട്ട്, എന്തിരായാലും നമുക്കെന്താ? ദീപസ്തംഭം മഹാശ്ചര്യം... ..... .... ....!!!
(നെറ്റ്‌വര്‍ക്ക് പ്രശ്നം കാരണം ഇന്നലെ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യാന്‍ പറ്റിയില്ല. പോസ്റ്റില്‍ സമയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പൊറുക്കുക.)
2 comments:
If Obama can get a Nobel so can Gates...
Nobel ahs become like the FilmFare awards I guess.
Pinne there was an Indian mahan aith 2-3 shree preceding his name who tried to his best to get the Nobel by influencing the committee. He claimed to have sloved the Kashnir issue...
very true... വന്നു വന്നു നോബെലിനൊന്നും ഒരു വിലയില്ലാതായി... ആ ഇന്ത്യന്‍ മഹാന്‍ നമ്മുടെ അടല്‍ ബിഹാരി സര്‍ അല്ലേ?
Post a Comment