ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..
Showing posts with label അലമ്പ്. Show all posts
Showing posts with label അലമ്പ്. Show all posts

Sunday, 28 February 2010

ഒരു ഫാനിന്റെ ഒടുക്കത്തെ കത്ത്..!

         
ശംഭോ മഹാദേവ!
ദൈവങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ആരാധിക്കുന്ന മാലോലേട്ടന്,

കഴിഞ്ഞ കുറെ ദിവസം ആയി ലോലേട്ടന് നേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളില്‍ മനം നൊന്തല്ല ഈ കത്തെഴുതുന്നത്. മറിച്ച്, ഈ പ്രശ്നത്തിന്റെ പേരില്‍ എന്നെ പുറത്താക്കിയ എന്റെ വീട്ടുകാരുടെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാനാണ്. ലോലേട്ടന്റെ ഫാന്‍ ആയി എന്ന ഒറ്റക്കാരണം കൊണ്ട് എന്നെ പുറത്താക്കിയ എന്റെ വീട്ടുകാരോട് ദൈവം ചോദിക്കും. ശംഭോ മഹാദേവ!

എന്നാലും ലോലേട്ടന്‍ ഞങ്ങളോട് ഇത്രയും വലിയ ചതി ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇന്നലെ വരെ കണ്ടാല്‍ മിണ്ടാതിരുന്ന മെഗാ ഫാന്‍സ്‌ ആ അന്‍സാറും അവന്റെ അനിയന്‍ ഹിമാറും ഇന്ന് എന്നോട് ചങ്ങാതീ വീട്ടീന്ന് പുറത്താക്കിയല്ലേ എന്നു ചോദിച്ചു. പോരാത്തതിന് അവന്റെ ഉപ്പയുടെ കടയില്‍ ജോലി കൊടുക്കാമെന്നും പറഞ്ഞ്. നല്ല ഒന്നാന്തരം നായര്‍ തറവാട്ടില്‍ പിറന്ന ഞാന്‍ ഇതെങ്ങനെ സഹിക്കും? കഴിഞ്ഞ കൊല്ലം മൊയതൂട്ടിയുടെ ബ്ലഡി ഫൂള്‍, ഈ ഗ്രാമത്തില്‍ പിശാച് എന്നീ പടങ്ങള്‍ ആദ്യ ദിവസം ആലപ്പുഴ വീരയ്യാ തിയേറ്ററില്‍ പോയി കണ്ട് കൂവിയതിനു ശേഷം അവന്മാരുമായി മുട്ടന്‍ തല്ലുണ്ടായി പോലീസ് സ്റ്റേഷനില്‍ കേറിയ ഞങ്ങളെ നമ്മുടെ ഭാഗ്യ നിര്‍മാതാവ് സ്ക്രൂഡ്രൈവര്‍ കരുണാകരന്‍ പെരുമ്പടപ്പ്‌ ഇറക്കിയ കഥ അങ്ങേക്കും അറിവുള്ളതാണല്ലോ. 

എന്തൊക്കെയായിരുന്നു. ആ സുദീപിന്റെ ദോശ രാഘവന്‍, ഫോക്സ് തുടങ്ങി ഇപ്പോഴത്തെ ആ  തൊല്ല രാജുവിന്റെ ഐസ് ക്രീം വരെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിച്ച് അടി വാങ്ങിയ ഞങ്ങളോട് ഇതു വേണ്ടായിരുന്നു. അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ തന്ന കാശ് കൊണ്ട് വരെ അങ്ങേക്ക് വേണ്ടി ഞങ്ങള്‍ രംഗത്തിറങ്ങിയില്ലേ? പിന്നെ ഫാന്‍സ്‌ അസോസിയേഷന്‍ വക ആതുര സേവനം എന്ന പേരില്‍ കാശ് പിരിച്ചാണ് ഞാന്‍ ആ കോട്ടം തീര്‍ത്തത്. (കുറ്റം പറയരുതല്ലോ. അങ്ങയെപ്പോലെ വൈകിട്ടെന്താ പരിപാടി എന്നു ഒരാഴ്ച ചങ്ങാതിമാരോട് ചോദിക്കാനും പറ്റി.) പോരാത്തതിന് എത്ര എസ് എം എസ്സുകള്‍, എത്ര ഇന്റര്‍നെറ്റ്‌ റിവ്യൂകള്‍ ഞങ്ങള്‍ സൃഷ്ടിച്ചു. ഒരിക്കല്‍ അങ്ങയുടെ ഷിജു വൈകുണ്ഠം പടം 'ചുവന്ന മുളകുകള്‍'ക്കെതിരെ എസ് എം എസ് അയച്ച ബിജുവിനെ തല്ലാന്‍ പോയതിനു പോലീസുകാരില്‍ നിന്നും കിട്ടിയ അടിയുടെ പാട് ഇന്നും എന്റെ മുഖത്തുണ്ട്‌. അങ്ങേക്ക് മനോവിഷമം ഉണ്ടാകും എന്നറിയാം. എങ്കിലും ആ തന്തയില്ലാത്തവന്‍ അയച്ച എസ് എം എസ് എന്താണെന്നറിഞ്ഞാല്‍ മാലോലന്‍ സാര്‍ ഞങ്ങളെ അഭിനന്ദിക്കുകയെ ഉള്ളൂ:

"കേരളത്തില്‍ കൂട്ട ആത്മഹത്യ. ഇന്നലെ ചെറായി ബീച്ചില്‍ ഒരു കുടുംബത്തിലെ 5 പേര്‍ വിഷം കഴിച്ചു മരിച്ചതായി കണ്ടെത്തി. കോഴിക്കോട്ടെ ഒരു വനിതാ കോളേജ് ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ചു. കോട്ടയത്ത് ട്രെയിനിനു തല വെച്ച് 3 യുവാക്കള്‍ ആത്മഹത്യ ചെയ്തു. മരണകാരണം വ്യക്തമല്ല. പക്ഷേ എല്ലാവരുടെയും പക്കല്‍ ചുവന്ന മുളകിന്റെ ടിക്കെറ്റുകള്‍ കണ്ടെത്തിയിരിക്കുന്നു." ഇനി പറയൂ: അവനെ ഒക്കെ അടിച്ചാല്‍ മതിയോ? ഈശ്വരാ, എന്റെ വീട്ടുകാരോട് പൊറുക്കണേ.. ശംഭോ മഹാദേവ!

എന്നെ മൊയ്തൂട്ടി ഫാന്‍സ്‌ പോലീസില്‍ പിടിപ്പിച്ചതിനു പകരം സ്വന്തമായി ഒരു എസ് എം എസ് സൃഷ്ടിച്ചു ഞാനും അയച്ചു...

"സ്വന്തം കാറില്‍ ഡ്രൈവറെ പിന്നിലിരുത്തി ഓടിച്ചു പോകുന്ന മൊയ്തൂട്ടി: 
എന്താടോ ആ കരുണാകരന്‍ പെരുമ്പടപ്പിനെ പോലെ തനിക്കും നിര്‍മിച്ചു കൂടെ ഒരു സിനിമ?
അപ്പോള്‍ ഡ്രൈവര്‍: ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാര്‍; പക്ഷേ മാലോലന്‍ സാറിന്റെ ഡേറ്റ് കിട്ടണ്ടേ?"

ദൈവം തമ്പുരാന്‍ അറിഞ്ഞു ശിക്ഷിക്കട്ടെ എന്റെ അച്ഛനെ... ശംഭോ മഹാദേവ!

ഇപ്പോഴും പറയുന്നു, അങ്ങയുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ ഞങ്ങള്‍ എന്തെല്ലാം ചെയ്തു? ഇവിടെ നിന്നു കൊച്ചിയിലും ആലുവയിലും പോയാണ് ഒരേ ദിവസം ഞാന്‍ റെക്കോര്‍ഡ്‌ സമയത്തില്‍ തീര്‍ത്ത അങ്ങയുടെ "ഈശ്വരന്‍" കണ്ടത്. ആലപ്പുഴയില്‍ ഡിജിറ്റല്‍ പ്രദര്‍ശനം ആയതിനാല്‍ ഫിലിം പെട്ടി എഴുന്നള്ളിക്കുന്നതിനും പാലഭിഷേകം, പുഷ്പാര്‍ച്ചന, മാല പടക്കം പൊട്ടിക്കല്‍ മുതലായവ നടത്തുന്നതിനും ആണ് ഇവിടെ നിന്നും ക്വാളിസ് ബുക്ക്‌ ചെയ്ത് എറണാകുളം വരെ ഞങ്ങള്‍ പോയത്. 17 മണിക്കൂര്‍ സമയത്തില്‍ തീര്‍ത്ത "ഈശ്വരന്‍" കാണാന്‍ ഇവിടത്തെ ഈശ്വര വിശ്വാസികള്‍ പോലും വരാത്തതിലും 17 ഷോ പോലും തികച്ചോടാത്തതിലും ലോലെട്ടനെപ്പോലെ ഞങ്ങള്‍ക്കും വിഷമം ഉണ്ട്. അത് പോലെ അങ്ങയുടെ എലി ഭായ്, കാട്ടുരാജാവ്, ഹോസ്റ്റല്‍ കുമാരന്‍, മാലാഖ യോഹന്നാന്‍ തുടങ്ങി എത്ര പടങ്ങള്‍ ഹോസ്റ്റലുകളില്‍ ടിക്കറ്റ്‌ കൊടുത്തു ആളെ നിറച്ചിട്ടുണ്ടെന്നറിയുമോ. കഴിഞ്ഞ കൊല്ലത്തെ അനുഗ്രഹന്റെ പരീക്ഷണ ചിത്രം  "ഭ്രാന്ത്" എന്ന പടം ഒന്നും മനസ്സിലാകാഞ്ഞിട്ടും 7 തവണ കണ്ടവനാണ് ഈ ഞാന്‍.

ഈ പറയുന്ന ബാലഗംഗാധരന്‍ എന്നയാളുടെ പ്രശ്നത്തില്‍ കുറെ പിള്ളാര്‍ കേറി അങ്ങയുടെ നായര്‍ ബ്രദേഴ്സിന്റെ സെറ്റില്‍ കേറി അലമ്പുണ്ടാക്കിയെന്ന്‍ അറിഞ്ഞു അവിടെയും ഇടപെടാന്‍ ഇറങ്ങിയതാണ് ഞങ്ങള്‍. പക്ഷേ പള്ളുരുത്തിക്കാരാണെന്നറിഞ്ഞപ്പോള്‍ പിന്നെ പോയില്ല. പേടിച്ചിട്ടൊന്നുമല്ല കേട്ടോ. ആലപ്പുഴയില്‍ നിന്നും പള്ളുരുത്തിയിലേക്കുള്ള ദൂരം ആലോചിച്ചിട്ടാ. നല്ല തല്ലു നാട്ടില്‍ കിട്ടുമല്ലോ എന്നു ചോദിച്ച് ആ അന്‍സാര്‍ എന്നെ കളിയാക്കിയത് മറന്നിട്ടില്ല ഇപ്പോഴും. എന്റെ വീട്ടുകാരോട് "മോനെ സുഗേശാ, ആരാ ഈ തെമ്മാടിത്തരമൊക്കെ കാണിച്ചത് " എന്നു ചോദിക്കാന്‍ ഇവിടെ ആരും ഇല്ലേ? ശംഭോ മഹാദേവ!

ബാലന്‍ പ്രശ്നം മൊയ്തൂട്ടിക്ക ഉണ്ടാക്കിയതാണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ലോലേട്ടന്റെ പടത്തില്‍ ആരെ വേണം ആരെ വേണ്ട എന്നു തീരുമാനിക്കേണ്ടത് ലോലേട്ടനല്ലേ? ആ അപമാനം  തീര്‍ന്നില്ല, അപ്പോഴേക്ക് മോയതൂട്ടിയെ പിന്താങ്ങി അങ്ങയുടെ പത്രസമ്മേളനം. അതിന്റ ചൂടാറുന്നതിനു മുന്‍പെ അഴുതക്കോടന്‍ സാര്‍ അങ്ങയെ വിമര്‍ശിച്ചു കൊണ്ട് ഒരു സമ്മേളനം നടത്തിയപ്പോഴാണ് ഞങ്ങള്‍ക്കൊരു ഉഷാര്‍ ഒക്കെ വന്നത്. പെങ്ങളുടെ ഫീസ്‌ അടക്കാന്‍ വെച്ച കാശ് കൊടുത്തിട്ടാണ് ആ ഡെന്നിസിനെക്കൊണ്ട് ഇന്റര്‍നെറ്റില്‍ അയാളെ കഴുതക്കോടന്‍ ആക്കിയത്. പോരാത്തതിന് അന്ന് തന്നെ കോലവും കത്തിച്ചു. പോകുന്ന വഴിക്ക് ചുമ്മാ അരിശം തീര്‍ക്കാന്‍ കലക്ടറുടെ ബംഗ്ലാവിനു കല്ലും എറിഞ്ഞു. ശംഭോ മഹാദേവ!

ആ പ്രശ്നം കഴിഞ്ഞ് വീട്ടില്‍ കേറാന്‍ നോക്കിയപ്പോള്‍ ആണ് ആ എഎസ്ഐ കുട്ടപ്പന്‍ നായര്‍ ഞങ്ങളെ പിടിച്ചത്. ഫീസ്‌ അടക്കാന്‍ വെച്ച കാശ് കട്ടെടുത്തു എന്നും പറഞ്ഞ് എന്നെ സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ വരാതിരുന്ന എന്റെ അമ്മേടെ ....രുണ്ടല്ലോ.. ആ മനുഷ്യനെ ഇനി എനിക്കു കാണേണ്ട. ചോറ് തരുന്നതല്ലേ എന്നു വിചാരിച്ച് പിന്നെയും ആ വീട്ടില്‍ ചെന്നപ്പോള്‍ എന്നെ ചകിരി തല്ലുന്ന മട്ടലെടുത്തു പുറത്തടിച്ചു ആ  കാലമാടന്‍. പോലീസുകാരുടെ ഇടി ഞാന്‍ സഹിച്ചു. പക്ഷേ ഇത്, അങ്ങയുടെ സ്ഫുടനത്തിലെ തോടാമയെ ബാലഗംഗാധാരന്റെ മത്തായി മാഷ്‌ ചെയ്തത് പോലായിപ്പോയി. അന്ന് ഇടപെട്ട കൊടുമുടി നാണുവിനെപ്പോലെ തടുക്കാന്‍ വന്നതായിരുന്നു അയലത്തെ അശോകന്‍ കൊച്ചാട്ടന്‍. ആ മനുഷ്യന്റെ മുന്നില്‍ വെച്ച് എന്റെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അങ്ങ് ഒരു സിനിമയിലും കേട്ടിട്ടുണ്ടാകില്ല. അയാളോട് ദൈവം ചോദിക്കില്ലേ? ശംഭോ മഹാദേവ!

ഇതൊക്കെ ഞാന്‍ സഹിക്കും. പക്ഷേ മോയ്തൂട്ടിക്കയെ പിന്താങ്ങിക്കൊണ്ട് ലോലേട്ടന്‍ ഇറങ്ങിയതിനു ശേഷം ഞങ്ങള്‍ ഇനി എന്ത് എന്നറിയാതെ മഹാബലിപുരം ബസ്‌റൂട്ട് നോക്കി നില്‍പ്പാണ്. വിന്റെര്‍ ഇന്‍ ജറുസലേം എന്ന ചിത്രത്തിലെ അങ്ങയുടെ നീലോല്പലന്റെ പോലെ ഒരു വിഷമസന്ധിയിലാണ് ഞാന്‍. ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കെട്ടി കളിക്കരുത് എന്നു പറഞ്ഞ അതേ നാവ് കൊണ്ട് അന്‍സാറിനോട് ആ ജോലി തരാന്‍ ഞാന്‍ എങ്ങനെ പറയും? അവനെ കളര്‍കോടുള്ള  ജെസ്സിയെ ലൈന്‍ അടിച്ചതിനു ലവ് ജിഹാദ് എന്നും പറഞ്ഞ് തല്ലാന്‍ ആളെ വിട്ടത് ഞാന്‍ ആണെന്ന് അവന്‍ എങ്ങാനും അറിഞ്ഞാല്‍? നമ്മുടെ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പോലും എന്നെ കൈവിട്ട സ്ഥിതിക്ക് അങ്ങ് മാത്രമേ എനിക്കൊരു രക്ഷ ഉള്ളൂ... എത്രയും പെട്ടെന്ന് നായര്‍ ബ്രദേഴ്സിന്റെ സ്ക്രിപ്റ്റ് അങ്ങേക്കായി തിരുത്തുന്ന ജോലി എന്നെ ഏല്‍പ്പിക്കണമെന്നു ബോധിപ്പിച്ചു കൊണ്ട്,

രഞ്ജിത്ത് നായര്‍,
സെക്രട്ടറി,
മാലോലന്‍ ഫാന്‍സ്‌ അസോസിയേഷന്‍,
ആലപ്പുഴ.

Tuesday, 26 January 2010

മേരാ ഭാരത്‌ മഹാന്‍... കോപ്പ്!

തലക്കെട്ട്‌ വായിച്ചിട്ട് ആരും രോഷം കൊള്ളേണ്ട... മന:പൂര്‍വ്വം ഒരു വിവാദം സൃഷ്ടിക്കുകയല്ല ചെറിയുടെ ഉദ്ദേശം. റിപ്പബ്ലിക് ഡേ പ്രമാണിച്ച് കിട്ടിയ അസംഖ്യം മെയിലുകളില്‍ ഒന്നാണ് ഈ പോസ്റ്റിനു ആധാരം. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

Let us re-dedicate ourselves for the health and wealth of our mother INDIA.
No great nation other than india .

31 states,
1618 languages,
6400 castes,
6 religion,
6 ethnic groups,
29 major festivals and 1 country!
Be proud to be an INDIAN...!.

A Hindu president
A Muslim vice president
A Sikh prime minister
A Christian defense minister
Mera Bharat Mahan!


ഇത് വായിച്ചിട്ട് നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ ബൂലോഗരെ? അപ്പോള്‍ എന്നാണ് നമുക്കൊരു ഇന്ത്യക്കാരനെ ഭരണാധികാരി ആയി കിട്ടുക? എപ്പോഴും ഈ റേഷ്യോ ശരിയാക്കി വെച്ച്, എല്ലാ മതക്കാരെയും പ്രീതിപ്പെടുത്തണം എന്നാണോ?

ഉടനെ മനസ്സില്‍ ഓടിയെത്തിയ മറ്റൊരു സംശയം, എന്തേ നമ്മുടെ ഭരണകക്ഷി തലൈവി മാഡത്തിനെ ഉള്‍പ്പെടുത്താത്തത്  എന്നാണു. ഈ പറയുന്ന എല്ലാരേക്കാളും വലിയ അധികാര കേന്ദ്രം അവരാണല്ലോ. ഓ അപ്പോള്‍ അനുപാതം തെറ്റുമല്ലോ അല്ലേ? പണ്ടൊക്കെ അമേരിക്കയെ കുറിച്ചു പറഞ്ഞു കേട്ട ഒരു ആക്ഷേപം,  അവിടെ പ്രസിഡന്റ്‌ ആകണമെങ്കില്‍ WASP Male (White Anglo-Saxon Protestant Male), -ആണ്‍ കടന്നല്‍ എന്നു പച്ച മലയാളം- ആയാലേ ഒക്കൂ എന്നാണു. ഇപ്പൊ ഒബാമേട്ടന്‍ വന്നതോടെ ആ  രാജ്യത്ത് പോലും ജാതി മത വര്‍ണ ചിന്തകള്‍ക്കതീതമായ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതായി കാണാം. അപ്പോഴാണ്‌ ബ്രിട്ടീഷ്‌ തലച്ചോറുകളുടെ "വിഭജിച്ചു ഭരിക്കല്‍" എന്ന ആശയത്തെ കൂട്ടു പിടിച്ചു രാജ്യത്തെ ഒരു 60-70 കൊല്ലം പുറകിലോട്ടടിക്കാന്‍ പുതിയ ചില പങ്കു പറ്റല്‍ വാദികള്‍ ഇറങ്ങിയിരിക്കുന്നത്.

ഏതു തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഭരണകക്ഷിയോടു "അത് ഞമ്മളാ" എന്നു പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ രംഗത്തെത്തും. വോട്ട് എണ്ണുന്ന ദിവസം വരെ സമദൂരം പറയുന്നവര്‍ ഫലം വന്നാല്‍ സ്വന്തക്കാരെ മന്ത്രിയാക്കാന്‍ വിലപേശലിനിറങ്ങും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് സാധാരണ ജനം കൊടുത്ത ഷോക്ക്‌ ട്രീറ്റ്മെന്റിനു യു ഡി എഫിനോട് പലരും അവകാശം പറയുന്നത് കണ്ടു മനസ്സ് മടുത്ത ഒരാളാണ് ചെറി. ഇത് പോലെ ഒരു വൃത്തികെട്ട കളി കളിച്ചതിനു ഇടതിന് ജനങ്ങള്‍ കൊടുത്ത ശിക്ഷ ആണത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ വൃത്തികെട്ടവന്മാരുടെ വാക്ക് കേട്ടിട്ടാണോ നിങ്ങളാരെങ്കിലും വോട്ട് ചെയ്യുന്നത്? ആ കണക്കിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പുട്ടു പോലെ ഇവിടെ ജയിച്ചു കേറെണ്ടതായിരുന്നു . ചുരുങ്ങിയത് മദ്ധ്യ കേരളത്തിലും മലപ്പുറത്തും കാസര്‍ഗോട്ടും എങ്കിലും. വീണ്ടും ചോദിച്ചു പോവുകയാണ്, ജാതി മതങ്ങള്‍ക്കതീതമായി ഒരു ഭരണാധികാരിയെ കിട്ടാന്‍ നമുക്ക് യോഗ്യത ഇല്ലേ?

ഏതായാലും ഉടനെ തന്നെ ചെറി റിപ്ലൈ ചെയ്തു. ഇങ്ങനെ:

Well, isn't there any Indian who is ruling us?? How can we say our country is great as long as we don't see ourselves as Indians instead of Hindu, Muslim, Sikh and Christian?

 My friends, I believe that is the best thing we can do for the nation on its 60th Republic Day. 

വ്യത്യസ്ത നിറങ്ങള്‍ മന:പൂര്‍വ്വം ചേര്‍ത്തതാണ്. ഈ ദേഷ്യത്തിന് ചിത്രകാരന്റെ ബ്ലോഗില്‍ പോയി മതത്തെ കുറിച്ചു ഉദ്ഘോഷിച്ചിരുന്ന ഏതോ ഒരു പാവത്തിനെ കുറെ പള്ളും പറഞ്ഞു ചെറി. അത് കൊണ്ടരിശം തീരാഞ്ഞവന- പുരയുടെ ചുറ്റും എന്ന കണക്കിന് ഇതാ ഇവിടെ ബ്ലോഗിലും പോസ്റ്റുന്നു.

വാല്‍: മുകളില്‍ പറഞ്ഞ ആരെയെങ്കിലും നേരിട്ട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരുന്നോ? ജനവിധി നേരിട്ട് അധികാരത്തില്‍ കയറിയ  ആരുണ്ട്‌ ഈ ലിസ്റ്റില്‍? എന്തൊക്കെ പറഞ്ഞാലും അമേരിക്കക്കാരന് സ്വന്തം പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തത്വത്തില്‍ എങ്കിലും പറ്റും. മേരാ ഭാരത്‌ മഹാന്‍..!!

Monday, 25 January 2010

തേങ്ങാക്കൊല!

എന്നും രാവിലെ ബോസ്സിന്റെ കോണ്‍ കോള്‍ തുടങ്ങുന്നതിനു മുന്‍പ് മനസ്സില്‍ ഓടിയെത്തുന്ന ഒരു പഴവര്‍ഗം...


(ആശയത്തിന് കടപ്പാട്: പ്രിതിഷ് ജി എസ് അഥവാ പുട്ടുറുമീസ് , തിരോന്തരം )

Friday, 20 November 2009

ചൈനാ വിരോധം - ഒരു പൊളിച്ചെഴുത്ത്.

നമ്മുടെ അഞ്ചരക്കണ്ടി സുകുമാരന്‍ മാഷുടെ "നിശബ്ദ വായനക്കാരുള്ള"  ബ്ലോഗിലെ പുതിയ പോസ്റ്റ്‌ (http://devadas-speaking.blogspot.com/2009/11/blog-post.html) ഇന്നാണ് കണ്ടത്. അപ്പോള്‍ തന്നെ ഒരു കമന്റ്‌ പോസ്റ്റി. അപ്പോള്‍ അതാ കിടക്കുന്നു നിബന്ധന- നിശബ്ദ വായനക്കാര്‍ക്ക് മാത്രമേ പോസ്റ്റാന്‍ പറ്റുള്ളൂ. എങ്കില്‍ ശരി. ഇത്രേം എഴുതി കൂട്ടിയതല്ലേ. നാലാള്‍ അറിയട്ടെ. മാനേജ്‌മെന്റ് ബിരുദക്കാരന്റെ, കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ അഹങ്കാരം എന്നൊക്കെ എഴുതിത്തള്ളാന്‍ വരട്ടെ.  ഈ ബ്ലോഗിന്റെ പേര് 'വസ്തുതകള്‍' എന്നായിരിക്കെ വസ്തുതകളുമായി വിദൂര ബന്ധം പോലുമില്ലാത്ത പോസ്റ്റുകള്‍ വേണോ എന്നു മാത്രം ചിന്തിക്കണം. ഒരു നാട്ടുകാരന്റെ അപേക്ഷ ആണ്. സുകുവേട്ടന്‍ കണ്ടെത്തിയ വസ്തുതകള്‍ ഇങ്ങനെ പോകുന്നു: (കമെന്റില്‍ നിന്നു:)

"ചൈനക്ക്‌ ഏഷ്യയില്‍ സാമന്തരാജ്യങ്ങളുണ്ട്‌. നീപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിങ്ങനെ പോവുന്നു അവരുടെ പട്ടിക. ഇവര്‍ക്കൊക്കെ ചൊല്ലും ചെലവും കൊടുത്ത്‌ ഇന്ത്യയെ ഒതുക്കുക എന്നതാണ്‌ ചൈനക്കാരന്റെ പ്രഥമലക്ഷ്യം. ചൈനക്ക്‌ ലക്ഷ്യം അമേരിക്കയൊന്നുമല്ല. അമേരിക്ക ഇന്ത്യയെക്കാള്‍ പ്രാധാന്യമുള്ള സാമ്പത്തിക പങ്കാളിയാണ്‌. അമേരിക്കന്‍ വ്യവസായങ്ങള്‍ ചൈനയില്‍ വന്‍ തോതിലുണ്ടായിരിക്കുന്നു. അതുകൊണ്ട്‌ ഇന്ത്യാചൈന പങ്കാളിത്തം ചൈനയുടെ പ്രഥമഗണത്തില്‍ പെടുന്നില്ല." 


"ചൈന വന്‍ സാമ്പത്തിക ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന്‌ കാരണങ്ങള്‍ ഉണ്ട്‌. ഒന്നാമതായി വളരെ ചിലവുകുറഞ്ഞുകിട്ടുന്ന മനുഷ്യശക്തി. 150 കോടിയിലെത്തിയ ചൈനയുടെ ജനസംഖ്യ ദമ്പതികള്‍ക്ക്‌ ഒരുസന്താനം എന്ന കര്‍ശനനിബന്ധനയും അതുലംഘിച്ചാല്‍ ശിക്ഷയെന്ന അവസ്ഥവരുത്തിയിട്ടുപോലും കുതിയ്ക്കുകയാണ്‌. ഈ അളവില്ലാത്ത മനുഷ്യവിഭവം തന്നെയാണ്‌ ചൈനയുടെ കുതിപ്പിന്റെ ചാലകശക്തി."


"അന്താരാഷ്ട്ര ആണവോര്‍ജ്ജഏജന്‍സിയിലും ന്യൂക്ലിയര്‍ സപ്ലൈസ്‌ ഗ്രൂപ്പിലും ഇന്ത്യയ്ക്കെതിരെ ചൈന എന്തിനാണ്‌ കുത്തിതിരിപ്പുണ്ടാക്കിയത്‌.?"`

"ഇന്ത്യചൈനറഷ്യ ത്രികക്ഷിസഖ്യം തകര്‍ക്കാന്‍ അമേരിക്കനോക്കുന്നതിനേക്കാള്‍ ശക്തിയോടെ അത്‌ തകര്‍ക്കാന്‍ ചൈനനോക്കും. കാരണം അതിന്റെ ഗുണഭോക്താവ്‌ ഇന്ത്യ എന്നതുതന്നെ. ആ സഖ്യത്തില്‍ ചൈനക്ക്‌ ലാഭമില്ല. ആ സഖ്യത്തിനകത്തൊരു ഇന്ത്യറഷ്യാ സഖ്യം രൂപപ്പെടുമെന്ന്‌ കുശാഗ്രബുദ്ധിയായ ചൈനയ്ക്കറിയാം. അതുകൊണ്ട്‌ കാരാട്ട്‌ പറഞ്ഞ ആ സഖ്യം അമേരിക്കയുടെ ശ്രമം കൊണ്ട്‌ ഉണ്ടാവാതിരിയ്ക്കുകയില്ല. ഉണ്ടായാല്‍ അമേരിക്കയാല്‍ പൊളിയുകയുമില്ല. കാരാട്ട്‌ പറയുന്ന ബ്രിക്ക്‌ (ബ്രസീല്‍റഷ്യഇന്ത്യചൈന) ഉച്ചകോടിയൊക്കെ തീര്‍ത്തും ഔപചാരികമാണ്‌. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ ചൈന ടോര്‍പ്പിഡോ ചെയ്യും. ഇന്ത്യ ഘടകമായതുതന്നെ പ്രശ്നം. എന്തിനാണ്‌ ചൈന സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകാര്യത്തില്‍ നിസ്സംഗമായിരിക്കുന്നത്‌.?"

വിവരമില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ അതിനെ ഒരു അലങ്കാരവും ആദര്‍ശവും ഒക്കെ ആയി കൊണ്ടു നടക്കരുത്... സുകുമാരേട്ടനോട് ഒരു കാര്യമേ പറയാനുള്ളൂ... വിരുദ്ധ രാഷ്ട്രീയം സ്കോപ് കുറഞ്ഞ ഒരു സംഭവം ആയിക്കഴിഞ്ഞു. സി പി ഐ എമ്മിനെ എതിര്‍ക്കണമെങ്കില്‍ വസ്തുതകള്‍ കൊണ്ടു പോരാടൂ.. സ്വയം ഒരു കോമാളി ആയിക്കൊണ്ടുള്ള ഇത്തരം വാചാടോപങ്ങള്‍ നിര്‍ത്തൂ.ഇമ്മാതിരി വരട്ടുവാദങ്ങള്‍ താങ്കളുടെ വയസ്സിനോളം തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ശരി, ചൈന ഇന്ന് ഇന്ത്യക്ക് കിട്ടുന്ന ഏറ്റവും നല്ല പങ്കാളി ആണ്. Leave out the diplomatic issues and consider the commercial alliance. താങ്കള്‍ ഈ പറയുന്ന പോലെ ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ പെട്ടിക്കടിയില്‍ വെച്ചു പൂട്ടേണ്ടി വരും. ഇന്ന് ലോകത്തെ ഭരിക്കുന്നത്‌ താങ്കള്‍ പേടിക്കുന്നത് പോലെ സോഷ്യലിസം, ഇമ്പീരിയലിസം അല്ലെങ്കില്‍ കമ്മ്യൂണിസം- ഇവ ഒന്നും അല്ല. വെറും ശുദ്ധമായ വ്യാപാര താത്പര്യങ്ങള്‍ മാത്രം.

പിന്നെ ബ്രിക് സഖ്യം കൊണ്ടു ചൈനയ്ക്കു ഗുണമില്ല എന്നൊക്കെ പറയുമ്പോള്‍ കരയണോ ചിരിക്കണോ എന്നാണു മനസ്സിലാകാത്തത്. വെറും ഹുമന്‍ റിസോഴ്സ് മാത്രം ആണ് ചൈന വന്‍ ശക്തി ആകാനുള്ള കാരണം എന്ന ക്രൈറ്റീരിയ വെച്ചു നോക്കിയാല്‍ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തി ആകേണ്ടതല്ലേ? സെക്യൂരിറ്റി കൌണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശന കാര്യത്തില്‍ ചൈന എന്നല്ല ഒരു വീറ്റോ രാജ്യവും പരസ്യമായി അനുകൂലിച്ചിട്ടില്ല. വെറുതെ പുകമറ സൃഷ്ടിച്ചു ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഗൂഗിള്‍ യുഗത്തില്‍ കഴിയും എന്ന ധാരണ വെറും വ്യാമോഹം ആണ്. സുകുമാരേട്ടന്‍ മാനേജ്‌മെന്റ് ബിരുദം എടുക്കാന്‍ ഒന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഏറ്റവും ചുരുങ്ങിയത് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ കണ്ണട ഒന്ന് എടുത്തു മാറ്റി കാര്യങ്ങളെ വസ്തുനിഷ്ടം ആയി കാണണം.

പിന്നെ കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ആണ് സുകുവേട്ടന്റെ യഥാര്‍ത്ഥ പ്രശ്നം എങ്കില്‍ അതിനെ പറ്റി പോസ്റ്റ്‌ ചെയ്യൂ. വെറുതെ താങ്കള്‍ക്ക് അറിയാത്ത കോര്‍പ്പറേറ്റ് താത്പര്യങ്ങളെ പറ്റി എഴുതി സമയവും ഊര്‍ജവും പാഴാക്കരുത്. ഇതൊരു മാതിരി മുറിയില്‍ നിന്നു പുറത്തിറങ്ങാതെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ഏര്‍പ്പാട് ആയില്ലേ? നേപ്പാള്‍, ശ്രീലങ്ക, മ്യാന്മാര്‍ ഇവര്‍ക്കൊക്കെ ചെല്ലും ചെലവും കൊടുത്ത്  ചൈന ഇന്ത്യയെ ഒതുക്കിയത് എങ്ങനെ എന്നൊന്ന് വിശദീകരിക്കാമോ അമ്മാവാ?

Tuesday, 10 November 2009

ഇതോ മാധ്യമസ്വാതന്ത്ര്യം?

 (താഴെക്കാണുന്നത്‌ ഏതെങ്കിലും മഞ്ഞപ്പത്രത്തിലെ വാര്‍ത്ത അല്ല. ഇന്ത്യയിലെ ഏറ്റവും പ്രചാരം കൂടിയ ഭാഷാ ദിനപ്പത്രം കൊടുത്ത വാര്‍ത്തയാണ്.)



കൊച്ചിയില്‍ കലക്ടറുടെ വോട്ട് എല്‍ഡിഎഫിന്?
 സ്വന്തം ലേഖകന്‍
Story Dated: Tuesday, November 10, 2009 12:47 hrs IST 


കൊച്ചി : എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്  ജില്ലാ വരണാധികാരി കലക്ടര്‍ ഡോ.എം ബീനയുടേയും  കണ്ണൂര്‍ ഐ ജി ടോമിന്‍ തച്ചങ്കരിയുടേയും വോട്ട് ലഭിച്ചതായി വ്യക്തമായ സൂചന. ഇവിടെ ആകെ 15 പോസ്റ്റല്‍ വോട്ടുകളില്‍ പത്തും ഇടതുമുന്നണിക്കായിരുന്നു. അഞ്ചെണ്ണം അസാധുവായി. ഈ സാഹചര്യത്തിലാണ്  പോസ്റ്റല്‍ വോട്ട് ഉപയോഗിച്ച ഉന്നത ഉദ്യോഗസ്ഥരുടെ വോട്ട് രഹസ്യം പുറത്തായത്.




 


 ലിങ്ക് ഇവിടെ:

 ഏറ്റവും രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട വോട്ടവകാശത്തെ ഇങ്ങനെ തുറന്നു കാട്ടുന്നതാണോ അച്ചായാ മാധ്യമ സ്വാതന്ത്ര്യം? ഇങ്ങനെ ഒരു വിവരം പുറത്തറിയുന്നത് ആദ്യമായിട്ടല്ല, പക്ഷേ അത് പ്രസിദ്ധീകരിച്ചു നാട്ടുകാരെ അറിയിക്കുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവം ആയിരിക്കും. ഇതില്‍ നിന്നൊക്കെ നിങ്ങള്‍ എന്ത് നേടി? കളക്ടറും ഐ ജി യുമൊക്കെ ഇന്നാട്ടിലെ പൌരന്മാരാണ്; അവരുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ടുള്ള ഈ വാര്‍ത്തയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കുക.

Wednesday, 4 November 2009

ഭക്തി പ്രസ്ഥാനങ്ങള്‍!

മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞല്ലോ, ചെറിയേട്ടന്റെ ബിസിനസ്‌ എന്ന് പറയുന്നത് ഈ ട്രസ്റ്റ്‌ അക്കൌണ്ട് ഒക്കെ ടാപ്പ്‌ ചെയ്യലാണെന്ന്. അപ്പോള്‍ ജോലിയുടെ ഭാഗം ആയിട്ട് ഒത്തിരി ജാതി മത രാഷ്ട്രീയ പ്രമാണിമാരെ കാണേണ്ടി വരും. ഈ ട്രസ്റ്റുകള്‍ എന്ന് പറയുന്നത്, കാശുണ്ടാക്കാനുള്ള ഏറ്റവും മാന്യമായ പരിപാടി ആണെന്ന് ചെറിക്ക്  പൂര്‍ണ ബോധ്യം വന്നത് ഈ കാലയളവിലാണ്. ഏതാനും ചില ഏടുകള്‍ ഇവിടെ പങ്കു വെക്കാം:


ഡിസ് ക്ലെയിമര്‍: ഇവിടെ പറയുന്നതെല്ലാം ഭാവനാ സൃഷ്ടികളാണ്. ഏതെങ്കിലും വ്യക്തിയോ പ്രസ്ഥാനമോ ആയി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് എഴുത്തുകാരന്റെ കുറ്റം അല്ല.

രംഗം 1: മധ്യ തിരുവിതാംകൂറിലെ ഒരു അമ്പലം. ഇതിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍, എന്റെ ചെറുപ്പ കാലത്ത് തന്നെ കേരളത്തിന്റെ വടക്ക് മുതല്‍ തെക്കേ അറ്റം വരെ റോഡ്‌ സൈഡിലെ സൈന്‍ ബോര്‍ഡുകളില്‍ ഈ അമ്പലത്തിലേക്കുള്ള കി. മീ. ദൂരം കൊടുത്തിട്ടുണ്ടായിരുന്നു. അതായതു, എന്‍. എച്ച്. എ. ഐ. എന്ന സ്ഥാപനത്തില്‍ ഇവര്‍ക്ക് വേണ്ട പോലെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. തൊഴില്‍ മര്യാദയുടെ പേരില്‍ അമ്പലത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല. ചെറി പോയി കണ്ടത് ഇവിടത്തെ മൂത്ത തിരുമേനിയെ. അദ്ദേഹം തന്റെ അനിയനെ കാണാന്‍ കല്പിച്ചു.

ചെറി: തിരുമേനി, ഈ മാസം നമുക്ക് എത്ര കാശ്‌ അക്കൌണ്ടില്‍ ഇടാം?
അനിയന്‍: അതിപ്പോ പറയാന്‍ പറ്റില്ല. നട വരവോക്കെ കുറവാ. ഇപ്പൊ ഓഫ്‌ സീസണ്‍ അല്ലെ?
ചെ: എന്നാലും ഒരു ഏകദേശം..? എന്റെ ടാര്‍ഗറ്റ് ഡാഷ് കോടി ആണ്. താങ്കളെ പോലെ ഉള്ളവര്‍ സഹായിച്ചില്ലെങ്കില്‍ പിന്നെ... (തല ചൊറിയാന്‍ പറ്റിയ ടൈം ആയിരുന്നു. അന്നേരം ഓര്‍മ വന്നില്ല.)
അ: ശരി. ഞാനൊന്ന് ആലോചിക്കട്ടെ. എക്സ് ബാങ്കുകാര്‍ എന്റെ പുറകെ കൂടിയിട്ടുണ്ട്. അവര്‍ എക്സ്, വൈ, ഇസെഡ്‌ ഓഫറുകള്‍ തരുന്നുണ്ട്. പിന്നെ ഈ മാസം ഇവിടെ ഒന്ന് പുതുക്കി പണിയുന്നുണ്ട്. ശബരി മല സീസണ്‍ വരുവല്ലിയോ..? അപ്പൊ കാശിനൊക്കെ വലിയ ടൈറ്റാ...
ചെ: അങ്ങനെ പറയരുത്. ഞങ്ങള്‍ അതിനെക്കാളും കിടിലന്‍ ഓഫര്‍ തരുന്നില്ലേ..? ശരി, ഈ മാസം വേണ്ട, ശബരി മല സീസണ്‍ ആയാല്‍ നട വരവ് ഡെയിലി അടക്കാന്‍ ഞാന്‍ എന്റെ പയ്യനെ വിടാം. അവന്‍ കലെക്റ്റ്‌ ചെയ്തു ബാങ്കില്‍ അടച്ചോളും.
അ: അഗ്രീഡളിയാ.

രംഗം 2: കേരളത്തിലെ ഏറ്റവും പ്രസിദ്ധ പാസ്റെര്‍ ആശ്രമം. ഇവിടത്തെ പാസ്റെര്‍ പണ്ട് തിരുവല്ലയില്‍ ചായക്കട നടത്തിയിരുന്ന ആളായിരുന്നു. പിന്നീട് കര്‍ത്താവിന്റെ വെളിപാട്‌ ഉണ്ടായപ്പോള്‍ ഈ പണിക്കിറങ്ങി. ജര്‍മ്മനിയിലെ ഒരു മദാമ്മയെ കെട്ടി അളിയന്‍ സ്വന്തം ആത്മീയ ലോകം ഭൂമി (ബൂലോഗം അല്ല.) മുയ്യോനും വ്യാപിപ്പിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട്‌ വരുന്ന ആദ്യത്തെ 5 ട്രസ്ടുകളില്‍ അളിയന്റെ 10 -ഓളം ട്രസ്ടുകളില്‍ ഒരെണ്ണവും പെടും.സന്തോഷ്‌ മാധവന്‍ സംഭവ പരമ്പരകളില്‍ അളിയന്റെ പേരും വലിച്ചിഴക്കപ്പെട്ടു എങ്കിലും സന്തോഷ്‌ അല്ലല്ലോ ഇയാള്‍. ഇയാള്‍ക്ക് പിന്നില്‍ ന്യൂന പക്ഷ പരിവേഷമുള്ള ഒരു സംഘടിത ശക്തി ഉണ്ട്. ഇദ്ദേഹത്തിന്റെ അക്കൌണ്ടന്റിനെയാണ് ചെറി കണ്ടത്.

ചെറി: സാര്‍ താങ്കളുടെ 9.5 കോടി ഫിക്സെഡ് ഡിപോസിറ്റ്‌ കാലാവധി ഈ മാസത്തോടെ തീരും. അത് റിന്യു ചെയ്യുന്നതിനെ പറ്റി..?
അക്കൌ: ഒരു കാര്യം ചെയ്യാം. ഇപ്പോള്‍ സേവിങ്ങ്സ്‌ അക്കൌണ്ടില്‍ കിടക്കുന്ന 4 കോടി ചേര്‍ത്ത് ഒരു 13 കോടി അങ്ങ് കാച്ചിയേക്ക്.
ചെ: സാര്‍ അപ്പോള്‍ ദൈനം ദിന ആവശ്യങ്ങള്‍ക്ക് ഒന്നും വേണ്ടേ..?
അക്കൌ: ഈ മാസം ഒരു 0 . 5 മില്യണ്‍ ഡോളര്‍ വരാനുണ്ട്. അപ്പോള്‍ നമ്മുടെ പേയ്മെന്റ് ഗയ്റ്റ്‌വേ..?
ചെ: സര്‍ അത് ഈ ആഴ്ച തന്നെ ശരി ആക്കാം. പിന്നെ ആ ഗോള്‍ഡ്‌ വാങ്ങുന്ന കാര്യം..?
അ: ആ റേറ്റ് ഒന്നും ശരി ആയില്ല. എനിക്ക് ഇതില്‍ നിന്ന് എന്ത് കിട്ടും?

ചെറി ഫ്ലാറ്റ്..!

രംഗം 3: ഒരു പ്രബല ജാതി സംഘടനയുടെ ഓഫീസ്. (ഇതിനു തൊട്ടു മുന്‍പ് ചെറി സവര്‍ണ സംഘടനാ ആസ്ഥാനത്ത് പോയിരുന്നു. അവര്‍ ഒന്നും തരില്ല എന്ന് മാന്യമായിട്ടു പറഞ്ഞു. അവര്‍ക്ക് സ്വന്തം ആള്‍ക്കാരുടെ ബാങ്ക് ഉണ്ട്. അത് വിട്ടു കളിക്കില്ല.) അപ്പോള്‍ നമ്മുടെ നാട്ടുപ്രമാണിമാരെല്ലാം കൂടി ഇരിക്കുന്നു. പുതിയ ബ്രാഞ്ച് തുടങ്ങിയ സ്ഥലം ആണ്. നമ്മള്‍ കാലില്‍ വീഴുന്നു. ഈ പട്ടിക്കാട്ടില്‍ നിങ്ങള്‍ അല്ലാതെ ഞങ്ങളെ സഹായിക്കാന്‍ ആരും ഇല്ല എന്ന് പറയുന്നു. അതോടെ അവര്‍ ഫ്ലാറ്റ്. 5 ലക്ഷം പ്രതീക്ഷിച്ചിടത്ത് നിന്ന് 50 ലക്ഷത്തിന്റെ ബിസിനസ്‌...!

രംഗം 4: ഈ സംഭവവും ഒരു ട്രസ്റ്റ്‌ തന്നെ. പക്ഷെ  വിദഗ്ദ്ധമായിട്ടു ആള്‍മാറാട്ടം  നടത്തി ആനാംവെള്ളത്തില്‍ മുക്കിയെടുത്ത സൊയമ്പന്‍ സാധനം. സംഭവം ഉഡായ്പ്പ് ആണെന്ന് എനിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. നടത്തുന്നവര്‍ ഡെയിലി 5 നേരം ദൈവത്തോട് പ്രാര്‍ഥിക്കുന്നവര്‍. അവര്‍ തുടങ്ങാന്‍ പോകുന്നത് 40 കോടിയുടെ എഞ്ചിനീയറിംഗ് കോളേജ്. 25 കോടി ഞങ്ങളോട് വായ്പ ആവശ്യപ്പെട്ട ടീം ആണ്. ട്രസ്റ്റിന്റെ പേര് നല്ല ഒന്നാന്തരം സംസ്കൃതം. അതെ, നമ്മുടെ സഭയും തിരുമണവാട്ടിമാരും ഹൈജാക്ക് ചെയ്ത ഒരു സ്ഥിരം പേര് തന്നെ. (തൊഴില്‍ മര്യാദ- പേര് പറയില്ല.) അപ്പോള്‍ ഞാന്‍ ഈദ് ഉല്‍ ഫിതര്‍ ലീവിനു വീട്ടില്‍ ഇരിക്കുന്ന സമയം. ഈ സംരംഭത്തിന്റെ മുതലാളി എന്നെ വിളിക്കുന്നു. ഒരു 10 കോടി രൂപ വിദേശത്തു നിന്നും വരാനുണ്ട്. ആരും അറിയാതെ അതൊന്നു അവന്റെ അക്കൌണ്ടില്‍ എത്തിക്കണം. ശരി, കുറച്ചു ടൈം എടുക്കും. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിന്റെ അനുമതി വേണം. ഒരു 7 - 8 മാസം എടുക്കും. അപ്പോള്‍ അത് പറ്റില്ല എന്നായി കക്ഷി. എങ്കില്‍ ഒരു എന്‍. ആര്‍. ഐ അക്കൌണ്ട് തുടങ്ങി അതിലേക്കു ഇടാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ അളിയന്‍ സത്യം പറഞ്ഞു. ബ്ലാക്ക്‌ മണി ആണ് വരുന്നത്. ഇതിനുള്ള പ്രതിഫലം എന്താണെന്നു വെച്ചാല്‍ തരാം. അതോടെ പാവപ്പെട്ട എന്‍. ആര്‍ ഐ. മാനേജരുടെ തലയില്‍ സംഭവം കെട്ടി വെച്ചു ചെറി സ്കൂട്ട് ഓഫ് ദി ഇന്ത്യ ആയി. എന്തായാലും സംഭവം നടന്നില്ല.

രംഗം 5: കോട്ടയത്തിനടുത്തുള്ള ഒരു പ്രസിദ്ധ ഇല്ലത്ത് ഉത്സവം നടക്കുന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു സ്റ്റാള്‍ ഉണ്ട്. അവര്‍ കുറെ റെസീപ്റ്റ് ബുക്കുകള്‍ ഏല്പിച്ചു തന്നു; ഒപ്പം വഴിപാടുകളുടെ വില വിവര പട്ടികയും. 50 രൂ. മുതല്‍ 3000 രൂ. വരെ ഉള്ളവ.ഞങ്ങളുടെ കൌണ്ടര്‍ വഴി അത് വില്ക്കണമത്രേ. എന്തായാലും 2 ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ കൌണ്ടര്‍ അടച്ചു. ബാക്കി 3 ദിവസം ഇല്ലാത്ത പന്നിപ്പനിയുടെ പേരില്‍ അവിടെ നിന്ന് വിട്ടു നിന്നു.

എന്തായാലും ഭക്തി എന്നത് നാട്ടിലെ ഏറ്റവും നല്ല ബിസിനസ്‌ ആണ് മോനേ... ഇരുന്നിട്ട് കാലു നീട്ടാന്‍ നോക്കിയാല്‍ കുഴപ്പം ഇല്ല. പെട്ടെന്ന് കാശുണ്ടാക്കി വലിയവന്‍ ആകണമെന്ന സന്തോഷ്‌ മാധവന്മാരുടെ ആഗ്രഹം ലാലേട്ടന്‍ പറഞ്ഞ പോലെ അതിമോഹം ആണ് മോനെ ദിനേശാ, വെറും അതിമോഹം.

പുതിയ ഓര്‍ക്കുട്ട് ഇന്‍വിറ്റെഷന്‍ ആര്‍ക്കെങ്കിലും കിട്ടിയോ?

അങ്ങനെ ഉണ്ടെങ്കില്‍ മടിച്ചു നില്‍ക്കണ്ട, ഒരെണ്ണം ചെറിയേട്ടനും അയച്ചു തന്നോളൂ..

പുതിയ ഓര്‍ക്കുട്ട് റിലീസ് ആയതു ബൂലോഗ വാസികള്‍ എല്ലാം അറിഞ്ഞു കാണും. പക്ഷെ ഒരുത്തനും ഇന്‍വിറ്റെഷന്‍ തരില്ല.. ഇങ്ങനെ പോയാല്‍ എങ്ങനെ ഈ നാട്ടില്‍ സോഷ്യലിസം വരും?

ചെറിയേട്ടന്‍ വന്നേ!

ഡിങ്കനെ ചവിട്ടി തെറിപ്പിക്കാന്‍, മായാവിയെ കുപ്പിയിലാക്കാന്‍, ഞാന്‍ എന്ന പന്ന ബൂലോഗ വാസിയെ കുടിയിറക്കാന്‍, സൂരജിനെ ടെസ്ട്യുബില്‍ ഇറക്കി വായ മൂടാന്‍, മാര്‍ ജാരന്റെ രാത്രി സഞ്ചാരം അവസാനിപ്പിക്കാന്‍, അനിലിനെയും പ്രമോദിനെയും എ.കെ.യേയുമൊക്കെ പട്ടയം തിരിച്ചു വാങ്ങി നാട് കടത്താന്‍ ഇതാ ചെറിയേട്ടന്‍ വന്നു... (അവിടെ എന്ത് ചെയ്യും എന്ന് ചോദിക്കണ്ട;അച്ചുമ്മാമന്റെ ബുള്‍ഡോസര്‍ ഒരെണ്ണം ഈ ചെറി അടിച്ചു മാറ്റിയിട്ടുണ്ട്...)  കാല്‍വിന്‍, നീ സൂക്ഷിക്കുക.. കുങ്ങ്ഫു  പഠിച്ചിട്ടു കാര്യം ഇല്ല. കടത്തനാട്ടില്‍ പോയി അടിതടകളൊക്കെ അഭ്യസിച്ചിട്ടാണ് ചെറി എത്തിയിരിക്കുന്നത്... ഇനി മുതല്‍ ചെറിയേട്ടന്‍ എന്ന ചക്രവര്‍ത്തിക്ക് കപ്പം കൊടുത്തിട്ട് മതി മുന്നോട്ടുള്ള പ്രയാണം.  പിന്നെ, പ്രത്യുപകാരമായി, ബൂലോഗത്തിനെതിരെ വാളെടുക്കുന്ന എല്ലാ മാധ്യമ ഉദ്യമങ്ങളെയും, അതിപ്പോ മനോരമ, മാതൃഭൂമി, കൌമുദി, ഫയര്‍, കുട്ടൂസന്‍, കീരകന്‍ എന്നിങ്ങനെ ആരായാലും, ചെറിയേട്ടന്‍ ശക്തമായി എതിര്‍ത്തു പണ്ടാരമടങ്ങും... ഈ ഓര്‍ഡിനന്‍സോടെ ബാബു മാഷെയും ജബ്ബാര്‍ മാഷെയും നമ്മുടെ ആസ്ഥാന ഗുരുക്കന്മാരായി നിയമിച്ചിരിക്കുന്നു. ഇനി എല്ലാരും ഒന്ന് കൈ അടിച്ചു പ്രമേയം പാസ്സാക്കിയേ...

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."