നമ്മുടെ അഞ്ചരക്കണ്ടി സുകുമാരന്‍ മാഷുടെ "നിശബ്ദ വായനക്കാരുള്ള" ബ്ലോഗിലെ പുതിയ പോസ്റ്റ് (http://devadas-speaking.blogspot.com/2009/11/blog-post.html) ഇന്നാണ് കണ്ടത്. അപ്പോള്‍ തന്നെ ഒരു കമന്റ് പോസ്റ്റി. അപ്പോള്‍ അതാ കിടക്കുന്നു നിബന്ധന- നിശബ്ദ വായനക്കാര്‍ക്ക് മാത്രമേ പോസ്റ്റാന്‍ പറ്റുള്ളൂ. എങ്കില്‍ ശരി. ഇത്രേം എഴുതി കൂട്ടിയതല്ലേ. നാലാള്‍ അറിയട്ടെ. മാനേജ്‌മെന്റ് ബിരുദക്കാരന്റെ, കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ അഹങ്കാരം എന്നൊക്കെ എഴുതിത്തള്ളാന്‍ വരട്ടെ. ഈ ബ്ലോഗിന്റെ പേര് 'വസ്തുതകള്‍' എന്നായിരിക്കെ വസ്തുതകളുമായി വിദൂര ബന്ധം പോലുമില്ലാത്ത പോസ്റ്റുകള്‍ വേണോ എന്നു മാത്രം ചിന്തിക്കണം. ഒരു നാട്ടുകാരന്റെ അപേക്ഷ ആണ്. സുകുവേട്ടന്‍ കണ്ടെത്തിയ വസ്തുതകള്‍ ഇങ്ങനെ പോകുന്നു: (കമെന്റില്‍ നിന്നു:)
"ചൈനക്ക് ഏഷ്യയില്‍ സാമന്തരാജ്യങ്ങളുണ്ട്. നീപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ പോവുന്നു അവരുടെ പട്ടിക. ഇവര്‍ക്കൊക്കെ ചൊല്ലും ചെലവും കൊടുത്ത് ഇന്ത്യയെ ഒതുക്കുക എന്നതാണ് ചൈനക്കാരന്റെ പ്രഥമലക്ഷ്യം. ചൈനക്ക് ലക്ഷ്യം അമേരിക്കയൊന്നുമല്ല. അമേരിക്ക ഇന്ത്യയെക്കാള്‍ പ്രാധാന്യമുള്ള സാമ്പത്തിക പങ്കാളിയാണ്. അമേരിക്കന്‍ വ്യവസായങ്ങള്‍ ചൈനയില്‍ വന്‍ തോതിലുണ്ടായിരിക്കുന്നു. അതുകൊണ്ട് ഇന്ത്യാചൈന പങ്കാളിത്തം ചൈനയുടെ പ്രഥമഗണത്തില്‍ പെടുന്നില്ല."
"ചൈന വന്‍ സാമ്പത്തിക ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി വളരെ ചിലവുകുറഞ്ഞുകിട്ടുന്ന മനുഷ്യശക്തി. 150 കോടിയിലെത്തിയ ചൈനയുടെ ജനസംഖ്യ ദമ്പതികള്‍ക്ക് ഒരുസന്താനം എന്ന കര്‍ശനനിബന്ധനയും അതുലംഘിച്ചാല്‍ ശിക്ഷയെന്ന അവസ്ഥവരുത്തിയിട്ടുപോലും കുതിയ്ക്കുകയാണ്. ഈ അളവില്ലാത്ത മനുഷ്യവിഭവം തന്നെയാണ് ചൈനയുടെ കുതിപ്പിന്റെ ചാലകശക്തി."
"അന്താരാഷ്ട്ര ആണവോര്‍ജ്ജഏജന്‍സിയിലും ന്യൂക്ലിയര്‍ സപ്ലൈസ് ഗ്രൂപ്പിലും ഇന്ത്യയ്ക്കെതിരെ ചൈന എന്തിനാണ് കുത്തിതിരിപ്പുണ്ടാക്കിയത്.?"`
"ഇന്ത്യചൈനറഷ്യ ത്രികക്ഷിസഖ്യം തകര്‍ക്കാന്‍ അമേരിക്കനോക്കുന്നതിനേക്കാള്‍ ശക്തിയോടെ അത് തകര്‍ക്കാന്‍ ചൈനനോക്കും. കാരണം അതിന്റെ ഗുണഭോക്താവ് ഇന്ത്യ എന്നതുതന്നെ. ആ സഖ്യത്തില്‍ ചൈനക്ക് ലാഭമില്ല. ആ സഖ്യത്തിനകത്തൊരു ഇന്ത്യറഷ്യാ സഖ്യം രൂപപ്പെടുമെന്ന് കുശാഗ്രബുദ്ധിയായ ചൈനയ്ക്കറിയാം. അതുകൊണ്ട് കാരാട്ട് പറഞ്ഞ ആ സഖ്യം അമേരിക്കയുടെ ശ്രമം കൊണ്ട് ഉണ്ടാവാതിരിയ്ക്കുകയില്ല. ഉണ്ടായാല്‍ അമേരിക്കയാല്‍ പൊളിയുകയുമില്ല. കാരാട്ട് പറയുന്ന ബ്രിക്ക് (ബ്രസീല്‍റഷ്യഇന്ത്യചൈന) ഉച്ചകോടിയൊക്കെ തീര്‍ത്തും ഔപചാരികമാണ്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ ചൈന ടോര്‍പ്പിഡോ ചെയ്യും. ഇന്ത്യ ഘടകമായതുതന്നെ പ്രശ്നം. എന്തിനാണ് ചൈന സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകാര്യത്തില്‍ നിസ്സംഗമായിരിക്കുന്നത്.?"
വിവരമില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ അതിനെ ഒരു അലങ്കാരവും ആദര്‍ശവും ഒക്കെ ആയി കൊണ്ടു നടക്കരുത്... സുകുമാരേട്ടനോട് ഒരു കാര്യമേ പറയാനുള്ളൂ... വിരുദ്ധ രാഷ്ട്രീയം സ്കോപ് കുറഞ്ഞ ഒരു സംഭവം ആയിക്കഴിഞ്ഞു. സി പി ഐ എമ്മിനെ എതിര്‍ക്കണമെങ്കില്‍ വസ്തുതകള്‍ കൊണ്ടു പോരാടൂ.. സ്വയം ഒരു കോമാളി ആയിക്കൊണ്ടുള്ള ഇത്തരം വാചാടോപങ്ങള്‍ നിര്‍ത്തൂ.ഇമ്മാതിരി വരട്ടുവാദങ്ങള്‍ താങ്കളുടെ വയസ്സിനോളം തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ശരി, ചൈന ഇന്ന് ഇന്ത്യക്ക് കിട്ടുന്ന ഏറ്റവും നല്ല പങ്കാളി ആണ്. Leave out the diplomatic issues and consider the commercial alliance. താങ്കള്‍ ഈ പറയുന്ന പോലെ ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ പെട്ടിക്കടിയില്‍ വെച്ചു പൂട്ടേണ്ടി വരും. ഇന്ന് ലോകത്തെ ഭരിക്കുന്നത് താങ്കള്‍ പേടിക്കുന്നത് പോലെ സോഷ്യലിസം, ഇമ്പീരിയലിസം അല്ലെങ്കില്‍ കമ്മ്യൂണിസം- ഇവ ഒന്നും അല്ല. വെറും ശുദ്ധമായ വ്യാപാര താത്പര്യങ്ങള്‍ മാത്രം.
പിന്നെ ബ്രിക് സഖ്യം കൊണ്ടു ചൈനയ്ക്കു ഗുണമില്ല എന്നൊക്കെ പറയുമ്പോള്‍ കരയണോ ചിരിക്കണോ എന്നാണു മനസ്സിലാകാത്തത്. വെറും ഹുമന്‍ റിസോഴ്സ് മാത്രം ആണ് ചൈന വന്‍ ശക്തി ആകാനുള്ള കാരണം എന്ന ക്രൈറ്റീരിയ വെച്ചു നോക്കിയാല്‍ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തി ആകേണ്ടതല്ലേ? സെക്യൂരിറ്റി കൌണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശന കാര്യത്തില്‍ ചൈന എന്നല്ല ഒരു വീറ്റോ രാജ്യവും പരസ്യമായി അനുകൂലിച്ചിട്ടില്ല. വെറുതെ പുകമറ സൃഷ്ടിച്ചു ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഗൂഗിള്‍ യുഗത്തില്‍ കഴിയും എന്ന ധാരണ വെറും വ്യാമോഹം ആണ്. സുകുമാരേട്ടന്‍ മാനേജ്‌മെന്റ് ബിരുദം എടുക്കാന്‍ ഒന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഏറ്റവും ചുരുങ്ങിയത് കമ്മ്യൂണിസ്റ്റ് വിരുദ്ധ കണ്ണട ഒന്ന് എടുത്തു മാറ്റി കാര്യങ്ങളെ വസ്തുനിഷ്ടം ആയി കാണണം.
പിന്നെ കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ആണ് സുകുവേട്ടന്റെ യഥാര്‍ത്ഥ പ്രശ്നം എങ്കില്‍ അതിനെ പറ്റി പോസ്റ്റ് ചെയ്യൂ. വെറുതെ താങ്കള്‍ക്ക് അറിയാത്ത കോര്‍പ്പറേറ്റ് താത്പര്യങ്ങളെ പറ്റി എഴുതി സമയവും ഊര്‍ജവും പാഴാക്കരുത്. ഇതൊരു മാതിരി മുറിയില്‍ നിന്നു പുറത്തിറങ്ങാതെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ഏര്‍പ്പാട് ആയില്ലേ? നേപ്പാള്‍, ശ്രീലങ്ക, മ്യാന്മാര്‍ ഇവര്‍ക്കൊക്കെ ചെല്ലും ചെലവും കൊടുത്ത് ചൈന ഇന്ത്യയെ ഒതുക്കിയത് എങ്ങനെ എന്നൊന്ന് വിശദീകരിക്കാമോ അമ്മാവാ?