ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..

Wednesday, 16 June 2010

ദി ഡ്രീമേഴ്സ് - ഒരു ആസ്വാദനം


വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍ണാഡോ ബെര്‍തോലൂചിയുടെ  (Bernardo Bertolucci) അവസാനം ഇറങ്ങിയ സിനിമയാണ് "ദി ഡ്രീമേഴ്സ്". (The Dreamers, 2003 http://www.imdb.com/title/tt0309987/ ) ബെര്‍തോലൂച്ചിയുടെ മിക്ക സിനിമകളിലെയും പോലെ നഗ്നതയും സെക്സും പശ്ചാത്തല സംഗീതവും സ്പിരിച്വാലിറ്റിയും ഒക്കെ ചേര്‍ന്ന് മനോഹരമാക്കിയ ഒരു അഭ്രകാവ്യം. 60 കളിലെ യൂറോപ്യന്‍ അമേരിക്കന്‍ യുവത്വത്തിന്‍റെ ഒരു പരിച്ഛെദം എന്ന് പറയാം ഇതിനെ. അതിസുന്ദരിയായ ഇവാ ഗ്രീന്‍ (Eva Green) എന്ന യുവനടിയുടെ അഭിനയ സാധ്യതകള്‍ ശരിക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട് സംവിധായകന്‍. 

പാരീസില്‍ പഠിക്കാന്‍ എത്തുന്ന ഒരു അമേരിക്കന്‍ യുവാവിനെയും അയാള്‍ അവിടെ കണ്ടു മുട്ടുന്ന 2 സഹോദരീ സഹോദരന്‍മാരെയും ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. സംഭാഷണങ്ങള്‍ ഫ്രഞ്ച്- ഇംഗ്ലീഷ് ഭാഷകളില്‍. കഥയിലെ പ്രോട്ടഗോണിസ്റ്റ് മാത്യു ഒരു സിനിമാ കൊട്ടകയില്‍ വെച്ച് ഇരട്ടകളായ തിയോവിനെയും ഇസബെല്ലയെയും കണ്ടു മുട്ടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് അവരുടെ ക്ഷണം സ്വീകരിച്ച് മാത്യു അവരുടെ വീട്ടിലേക്കു താമസം മാറുന്നു. ഇസബെല്ല ഇതിനിടയില്‍ തന്നെ മാത്യുവിന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ തിയോയും ഇസബെല്ലയും ഒരു മുറിയിലാണ് അന്തിയുറങ്ങുന്നതെന്ന് മനസ്സിലായപ്പോള്‍ അവരുടെ കിടപ്പ് മുറിയില്‍ ഒളിഞ്ഞു നോക്കുന്നുമുണ്ട് അയാള്‍. അവിടെ സഹോദരങ്ങള്‍ പൂര്‍ണനഗ്നരായി കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നതാണ് അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്. വളരെ കയ്യടക്കത്തോടെ ചിത്രീകരിച്ച ഈ രംഗം എടുത്തു നില്‍ക്കുന്ന ഒന്നാണ്. ഇതിനിടയില്‍ ഇവരുടെ മാതാപിതാക്കള്‍ ഒരാവശ്യത്തിനായി നഗരം വിട്ടു പോകുന്നതോടെയാണ് ദി ഡ്രീമേഴ്സിന്‍റെ കഥാതന്തു വികാസം പ്രാപിക്കുന്നത്. അന്നത്തെ കലാപകലുഷിതമായ അന്തരീക്ഷം, വിപ്ലവം തലയ്ക്കു പിടിച്ച യുവത്വം (68-ലെ വിദ്യാര്‍ഥി വിപ്ലവം ആണ് പ്രതിപാദ്യം), അമേരിക്കന്‍ -ഫ്രഞ്ച് (capitalism - communism) ചിന്താധാരകളിലെ അന്തരം, അരാജകത്വം, ബാഹ്യലോകത്ത് നിന്നുള്ള ഒറ്റപ്പെടല്‍, തുറന്ന ലൈംഗികത, ധൂര്‍ത്ത്, അതിനു ശേഷമുള്ള പട്ടിണി എന്നിവയൊക്കെ ഒത്തു ചേര്‍ന്ന ഒരു unreal ആയ ലോകത്തിലാണ് ഡ്രീമേഴ്സ് ജീവിക്കുന്നത്. മൂവരും ക്ലാസ്സിക്‌ സിനിമകളില്‍ ഏറെ താത്പര്യം ഉള്ളവരാണ് - പലയിടത്തും സംഭാഷണങ്ങളില്‍ അവ കടന്നു വരുന്നു. 

മാത്യുവിനോട് ഇസബെല്ലയെ പ്രാപിക്കാന്‍ തിയോ ആവശ്യപ്പെടുന്ന രംഗം ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ ഒന്നാണ്. നിസംഗനായി നിന്ന് ഓംലെറ്റ് പാചകം ചെയ്തു കൊണ്ട് സഹോദരിയുടെയും കൂട്ടുകാരന്റെയും വേഴ്ചയെ വികാരരഹിതമായി വീക്ഷിക്കുന്ന തിയോ തന്നെ ഇതിന്‍റെ ഹൈലൈറ്റ്. വേഴ്ചയുടെ അവസാനം ഒരു നേരിയ ഞെട്ടലോടെ മാത്യു മനസ്സിലാക്കുന്നു, ഇസബെല്ല ഒരു കന്യകയായിരുന്നെന്ന്. 

ഈ സിനിമയിലെ ഏറ്റവും കലാമൂല്യമുള്ള ദൃശ്യം; ഞാന്‍ അഭ്രപാളിയില്‍ (ലാപ്ടോപ് സ്ക്രീന്‍ :)) ഇന്നേ വരെ ദര്‍ശിച്ചതില്‍ വെച്ച് അങ്ങേയറ്റം സുന്ദരമായ ഒരു വിഷ്വല്‍  കടന്നു വരുന്നത്; ഇസബെല്ല വീനസ് ഡി മിലോ (http://en.wikipedia.org/wiki/Venus_de_Milo) പ്രതിമയുടെ രൂപത്തില്‍ മാത്യുവിനെ വിസ്മയിപ്പിക്കുന്ന രംഗത്തിലാണ്. അര്‍ദ്ധ നഗ്നയായ ഇവാ ഗ്രീന്‍ കറുത്ത, നീണ്ട കയ്യുറകള്‍ ഇട്ട് കറുത്ത ബാക്ക്ഗ്രൗണ്ടില്‍ നിശ്ചലയായി നില്‍ക്കുന്ന കാഴ്ച ഒരു ആസ്വാദകന്റെ മനസ്സില്‍ ഏറെ കാലം തങ്ങി നില്‍ക്കും. സംവിധായകനും, ച്ഛായാഗ്രാഹകനും മുതല്‍ ലൈറ്റ്സ് ബോയ്‌ വരെ ഒത്തൊരുമിച്ച് അങ്ങേയറ്റം പെര്‍ഫെക്റ്റ്‌ ആക്കിയ ഈ ദൃശ്യത്തിന്റെ പേരിലായിരിക്കും ഈ സിനിമ ഏറെയും അറിയപ്പെടുന്നത്. 

ഇതിനിടയില്‍ മൂന്നു പേരും നഗ്നരായി നടക്കുന്നതും ബാത്ത് ടബ്ബില്‍ കുളിക്കുന്നതുമൊക്കെ കാണിക്കുന്നുവെങ്കിലും വിപ്ലവത്തിന്റെ കാര്യം വരുമ്പോള്‍ ഇരട്ടകള്‍ ഒരു വശത്തും, മാത്യുവിന്‍റെ അമേരിക്കന്‍ ചിന്താഗതി മറുവശത്തുമാണ്. ഇതിനിടെ ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ താഴെ തെരുവിലെ ചവറ്റു കൊട്ടയില്‍ വരെ പെറുക്കുന്ന തിയോവിന്‍റെ കാഴ്ച ഒരല്പം ഹാസ്യം ഉണര്‍ത്തുന്നു. നഗ്നരായി കിടന്നുറങ്ങുന്ന മൂവരെയും തിരിച്ചെത്തുന്ന മാതാപിതാക്കള്‍ കാണുന്നതാണ് ഞെട്ടലും ചിരിയും ഉളവാക്കുന്ന മറ്റൊരു രംഗം. സ്തബ്ധരായ അവര്‍ മേശയില്‍ പണം വെച്ച് പുറത്തേക്ക് പോവുകയും ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അത് കാണുന്ന ഇസബെല്ലക്ക് കാര്യം പിടി കിട്ടുകയും ചെയ്യുന്നു. അഭിമാനക്ഷതത്താല്‍ വിങ്ങുന്ന അവള്‍ ഗ്യാസ് പൈപ്പ് ഉപയോഗിച്ച് സ്വയം മരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് തെരുവിലെ വിപ്ലവകാരികളുടെ ശബ്ദം കേട്ട് ആണ്‍കുട്ടികള്‍ എഴുന്നേല്‍ക്കുന്നത്‌. ഇരട്ടകള്‍ അവരോടൊപ്പം ചേരാന്‍ മാത്യുവിനെ നിര്‍ബന്ധിക്കുന്നെങ്കിലും അവന്‍ അത് നിരസിക്കുന്നു. ഒടുവില്‍ സഹോദരങ്ങള്‍ കലാപകാരികളുടെ കൂടെ ചേര്‍ന്ന് പോലീസിനെ ആക്രമിക്കുന്നിടത്താണ് ഡ്രീമേഴ്സ് അവസാനിക്കുന്നത്. 

സിനിമ എന്ന നിലയില്‍ ഒരു വലിയ വിജയം ഒന്നുമല്ലെങ്കിലും മനോഹരങ്ങളായ ദൃശ്യങ്ങളുടെ പേരില്‍ ഓര്‍ത്ത്‌ വെക്കേണ്ട ഒരു ചിത്രം. ഒരു പരിചിത പ്രമേയത്തിന് വളരെ വ്യത്യസ്തമായ ഒരു മുഖം നല്‍കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്. മൈക്കല്‍ പിറ്റും ലൂയിസ് ഗാരലും താന്താങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. എന്നാല്‍ നേരത്തെ പറഞ്ഞത് പോലെ ഇവാ ഗ്രീന്‍ എന്ന നടിയാണ് ഇതിന്‍റെ കേന്ദ്രബിന്ദു (cynosure). ഏറെക്കാലം മനസ്സില്‍ തങ്ങിനില്‍ക്കും ഇന്‍സെസ്റ്റ് എന്നത് പുറം പ്രതലത്തില്‍ വരാതെ തന്നെ അതിനെ ഹാന്ഡില്‍ ചെയ്ത ബര്‍തോലൂചിയുടെ ഈ ക്ലാസ്സിക്‌. 

കടപ്പാട്: വായിച്ചു നോക്കി ആവശ്യമായ തിരുത്തലുകള്‍ നടത്തിത്തന്ന ദേവദാസ്.

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."